ADVERTISEMENT

കൂട്ടിക്കൽ ∙ പ്രളയ ബാധിത മേഖലയിൽ ബാങ്ക് വായ്പകളിൽ വീണ്ടും ജപ്തി ഭീഷണി ഭീതിയോടെ ജനങ്ങൾ. 2021 ഒക്ടോബറിൽ പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച ആളുകളാണു വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ ജപ്തി ഭീഷണി നേരിടുന്നത്. ബാങ്ക് നടപടികൾ മരവിപ്പിക്കാൻ നിർദേശം നൽകുമെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞ വാക്കും നടപ്പാകാതെ വന്നതോടെ. പ്രളയം ബാക്കിവച്ച കിടപ്പാടം കൂടി ഇനി ബാങ്ക് കൊണ്ടുപോകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.

നിവർത്തിയില്ല പിന്നെന്തു ചെയ്യും?

‘ എല്ലാവർക്കും നോട്ടിസ് വന്നു എനിക്കും വരുമായിരിക്കും. ഇനി എന്തു ചെയ്യുമെന്ന് ഒരു പിടിയും ഇല്ല ’ പറയുന്നത് ഇളംകാട് ടോപ്പ് നിവാസികൾ കിളിയമ്മ എന്ന് വിളിക്കുന്ന 75 വയസ്സുള്ള പത്മവല്ലി അമ്മയാണ്. കേരള ബാങ്കിൽ നിന്ന് ആദ്യം എടുത്ത 2 ലക്ഷം കൃത്യമായി അടച്ചു. വീണ്ടും ലഭിച്ച രണ്ട് ലക്ഷം അടച്ച് തുടങ്ങിയപ്പോൾ കോവിഡ് വന്നു, പിന്നാലെ പ്രളയവും അങ്ങനെ അടവു മുടങ്ങി. വീടുകളിൽ ജോലി ചെയ്ത് ഒരു മാസത്തെ അടവ് മുൻകൂറായി വരെ അടച്ചിരുന്ന കിളിയമ്മയ്ക്ക് ഇപ്പോൾ ബാങ്കിന്റെ പേര് പറയുന്നതു തന്നെ പേടിയാണ്. ഇതേ രീതിയിൽ 60ഓളം കുടുംബങ്ങളാണ് ഭീതിയിൽ കഴിയുന്നത്.

ആശ്വാസ വാക്ക് ആശങ്ക നൽകി

 പ്രളയ ബാധിത മേഖലയിൽ ബാങ്ക് വായ്പയുടെ കാര്യത്തിൽ നടപടികൾ ഉണ്ടാകാതെ നോക്കാം എന്നും ബാങ്കുകൾക്ക് നിർദേശം നൽകാം എന്നും മന്ത്രി വി.എൻ വാസവൻ ഉറപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് ചില ബാങ്കുകൾ 6 മാസം മൊറട്ടോറിയം നൽകി. കൃത്യം ഈ സമയം കഴിഞ്ഞപ്പോൾ തന്നെ നോട്ടിസ് അയച്ചു തുടങ്ങി. പലിശയിൽ എങ്കിലും കുറവ് ചെയ്ത് സാവകാശം നൽകണം എന്നായിരുന്നു ജനങ്ങളുടെ ആവശ്യം. എന്നാൽ ഇവയൊന്നും നടപ്പാക്കാൻ ഉദ്യോഗസ്ഥ തലത്തിൽ നടപടികൾ ആയിട്ടില്ല.

ദുരിതാശ്വാസ തുക വരും മുൻപേ വന്നത് ബാങ്ക് നോട്ടിസ്

 പ്രളയം കഴിഞ്ഞു ദുരിതാശ്വാസ തുക വരും മുൻപേ പലരുടെയും വീടുകളിൽ എത്തിയത് ബാങ്ക് നോട്ടിസ് ആയിരുന്നു. ഇപ്പോഴും ബസുകൾ കടന്നു ചെല്ലാൻ കഴിയാത്ത ഇളംകാട് ടോപ്പ് ഗ്രാമത്തിൽ അൻപതോളം ആളുകളാണ് ബാങ്കിന്റെ നടപടി നേരിടുന്നത്. ഇവരുടെ ജീവിതം പോലും അതിജീവന പാതയിൽ നേരെ ആയിട്ടില്ല. സ്ഥലവും കിടപ്പാടവും വരെ നഷ്ടപ്പെട്ട ആളുകളുണ്ട് പിന്നെ എങ്ങനെ ഞങ്ങൾ പണം കണ്ടെത്തും എന്നാണ് ഇവരുടെ ചോദ്യം. ഇടുക്കി ജില്ലയിലെ കൊക്കയാറിലും ഇതേ സ്ഥിതിയാണ് ഉള്ളത്.

വയോധികർക്ക് ഇരുട്ടടിയായി ജപ്തി നോട്ടിസ് 

ഏന്തയാർ പരുവക്കാട്ടിൽ ദാമോദരന്റെ വീട് 28ന് ജപ്തി ചെയ്യുമെന്ന നോട്ടിസ് ബാങ്കിൽ നിന്നു ലഭിച്ചു. 2012ൽ എടുത്തതാണ്. പക്ഷേ, ദമ്പതികൾ മാത്രം താമസിക്കുന്ന വീട്ടിൽ ഇരുവരും രോഗികളായി മാറിയതോടെ അടവു മുടങ്ങി. പ്രളയത്തിനു ശേഷം വീടും സ്ഥലവും വിറ്റു പണം നൽകാൻ ഇവർ ശ്രമം നടത്തി. 9 ലക്ഷം രൂപയ്ക്ക് ലോൺ തീർക്കാം എന്ന് ബാങ്ക് അധികൃതർ പറഞ്ഞതോടെ സ്ഥലം വിൽപന നടത്താനായി മുൻകൂർ വാങ്ങിയ പണവുമായി എത്തിയെങ്കിലും

ഒറ്റ ദിവസം കൊണ്ട് ബാങ്ക് അധികൃതരുടെ വാക്ക് മാറിയതായും 16 ലക്ഷം അടച്ചാൽ മാത്രമേ ആധാരം നൽകൂ എന്ന് പറഞ്ഞതോടെ ആ ശ്രമം പാളി. ഇപ്പോൾ ഒടുവിൽ ജപ്തി നടപടികൾക്ക് നോട്ടിസും നൽകി. പ്രളയത്തിന് നാളുകൾക്ക് മുൻപ് എടുത്ത ലോൺ ആണ് എന്ന കാരണം ബാങ്ക് അധികൃതർ പറയുന്നു. എങ്കിലും ഇതേ അവസ്ഥ മറ്റുള്ളവർക്കും വരുമോ എന്നാണ് ജനങ്ങളുടെ ആശങ്ക.

നേരിട്ടെത്തി കാണണം ഇവരുടെ അവസ്ഥ

ഇളംകാട് ടോപ്പ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജനജീവിതം എങ്ങനെയാണ് എന്ന് അധികൃതർ നേരിട്ടെത്തി കണ്ടാൽ കാര്യങ്ങൾ ബോധ്യമാകും. പലരും കൃത്യമായി ലോൺ തുക തിരിച്ച് അടച്ച ആളുകളാണ് ഇക്കാര്യങ്ങൾ എല്ലാം കാണിച്ച് ഞങ്ങൾ കയറി ഇറങ്ങാത്ത ഓഫിസുകളില്ല. നൽകാത്ത നിവേദനങ്ങൾ ഇല്ല. സർക്കാരിൽ നിന്നും ഒരു പ്രത്യേക സംഘം എത്തി ഇൗ പ്രദേശങ്ങളിലെ ദുരിതങ്ങളെയും പറ്റി പഠിച്ച് ലോൺ വിഷയത്തിൽ വേഗത്തിൽ നടപടി സ്വീകരിക്കണം.- ഗോപി മാടപ്പാട്ട്,പ്രളയ അതിജീവന കൂട്ടായ്മ  പ്രസിഡന്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com