ADVERTISEMENT

എരുമേലി ∙ തീർഥാടകരുടെ തിരക്ക് വർധിച്ചതോടെ നഗരവും പരിസരവും ഗതാഗതക്കുരുക്കിൽ. നഗരത്തിൽ ഒറ്റവരി ഗതാഗതം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതു തെറ്റിച്ച് വാഹനങ്ങൾ പോകുന്നത് നീണ്ട ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. കെഎസ്ആർടിസി – ടിബി റോഡ് വഴിയാണ് ഒറ്റവരി ഗതാഗതം. എന്നാൽ ഈ റോഡിൽ ഇരുവശങ്ങളിലൂടെയും വാഹനങ്ങൾ നിയന്ത്രണമില്ലാതെ കടത്തിവിടുകയാണ്. 

പേട്ടക്കവല മുതൽ വലിയമ്പലം വരെയുള്ള വിശുദ്ധ പാതയിൽ റോഡിൽ ഒരു വശത്തുകൂടിയാണു വാഹന ഗതാഗതം അനുവദിച്ചിരിക്കുന്നത്. എന്നാൽ തിരക്കുള്ള സമയത്ത് തീർഥാടകരുമായി എത്തുന്ന കെഎസ്ആർടിസി ബസുകൾ അടക്കം ഇതുവഴിയാണ് പോകുന്നത്. ശബരിമല തീർഥാടകരുമായി എത്തുന്ന സ്പെഷൽ സർവീസ് കെഎസ്ആർടിസി ബസുകൾക്ക് എരുമേലി ബൈപാസ് റോഡ് ആയ കുറുവാമൂഴി പെട്രോൾ പമ്പ്, ഓരുങ്കൽ കടവ് വഴി നഗരത്തിൽ പ്രവേശിക്കാതെ കെഎസ്ആർടിസി ബസ് സ്റ്റാൻ‍ഡിൽ എത്താനാകും. പാർക്കിങ് മൈതാനങ്ങളിലെ കരാറുകാർ റോഡിന്റെ മധ്യത്തിൽ നിന്ന് തീർഥാടകരുടെ വാഹനങ്ങൾ തടഞ്ഞ് മൈതാനത്തേക്ക് കയറ്റാൻ ശ്രമിക്കുന്നതും ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്.

കാനന പാത നിയന്ത്രണത്തിന് എതിരെ സമരം 30ന്

പരമ്പരാഗത കാനനപാതയിലെ സമയ നിയന്ത്രണം തീർഥാടനത്തിന്റെ പവിത്രത നഷ്ടമാക്കുന്നതായി ആരോപിച്ച് മല അരയ മഹാസഭയുടെ ആഭിമുഖ്യത്തിൽ 30ന് മാർച്ചും ധർണയും നടക്കും. 2ന് കാളകെട്ടിയിൽ വച്ച് സമരം പ്രഖ്യാപനവും അഴുതക്കടവിലേക്ക് മാർച്ചും നടത്തും. അഴുതക്കടവിൽ വിശദീകരണ യോഗം ചേരും. നിയന്ത്രണം ഏർപ്പെടുത്തിയതോടെ ശബരിമല തീർഥാടനത്തിന്റെ പവിത്രതയും മല അരയ സമുദായത്തിന്റെ ആരാധനാകേന്ദ്രങ്ങളുടെ പ്രസക്തിയും നഷ്ടപ്പെടുന്നു എന്നാണ് മല അരയ മഹാസഭയുടെ ആരോപണം. 

കാനനപാതയിലെ ഇരുമ്പൂന്നിക്കര, കാളകെട്ടി, ആനക്കല്ല്, മൂഴിക്കൽ, മുക്കുഴി, ഇഞ്ചിപ്പാറക്കോട്ട എന്നീ ക്ഷേത്രങ്ങളും അഴുതാനദിയുടെ പ്രസക്തിയും ഇതുമൂലം നഷ്ടമാകുകയാണ്. മുൻ കാലങ്ങളിൽ 24 മണിക്കൂറും ഭക്തർ യാത്ര ചെയ്തിരുന്ന പാതയിലാണ് ഇത്തവണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

അഴുതക്കടവിൽ താൽക്കാലിക തടയണ: നടപടി തുടങ്ങി

പരമ്പരാഗത കാനനപാതയിലെ അഴുതക്കടവിൽ ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് താൽക്കാലിക തടയണ നിർമിക്കാൻ ഇറിഗേഷൻ വകുപ്പ് നടപടി ആരംഭിച്ചു. അഴുതക്കടവിൽ വെള്ളം കുറഞ്ഞതിനെ തുടർന്ന് ആചാരാനുഷ്ഠാനങ്ങളോടെ എത്തുന്ന തീർഥാടകർക്ക് ബുദ്ധിമുട്ടാകുന്നത് മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് മണൽ ചാക്ക് നിറച്ച് താൽക്കാലിക തടയണ സ്ഥാപിക്കാൻ നടപടി ആരംഭിച്ചത്. തടയണയ്ക്ക് ആവശ്യമായ സാധന സാമഗ്രികൾ ഇവിടെ എത്തിച്ചിട്ടുണ്ട്. അഴുതക്കടവിൽ മുങ്ങി കല്ലും എടുത്താണ് തീർഥാടകർ പരമ്പരാഗത വഴിയിലൂടെ യാത്ര തുടരുന്നത്.

അയ്യപ്പസേവാ സംഘം അന്നദാന ക്യാംപ് ഇന്നു മുതൽ

അഖില ഭാരത അയ്യപ്പ സേവാ സംഘം എരുമേലി ക്ഷേത്രത്തിലെ അന്നദാന ക്യാംപ് ഇന്നു 12.30ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com