അപകടക്കെണിയായി കനാൽ റോഡുകൾ; സംരക്ഷണ ഭിത്തിയില്ലാത്തത് യാത്രക്കാർക്ക് ഭീഷണി

HIGHLIGHTS
  • സംരക്ഷണ ഭിത്തിയില്ലാത്തത് യാത്രക്കാർക്ക് ഭീഷണി
road-alert
എംവിഐപി കനാലിന്റെ വശങ്ങളിലുള്ള ഇടുങ്ങിയ പാത. കുറവിലങ്ങാട് ഭാഗത്തെ കാഴ്ച.
SHARE

കുറവിലങ്ങാട് ∙തലയോലപ്പറമ്പ് വടയാർ ഭാഗത്തു നിയന്ത്രണം വിട്ട കാർ പുഴയിലേക്കു മറിഞ്ഞു ഒരാൾ മരിച്ചത് കഴിഞ്ഞ ദിവസം. പുഴയോരത്തെ റോഡിനു സംരക്ഷണഭിത്തി ഇല്ലാത്തതാണ് അപകടത്തിനു വഴിയൊരുക്കിയത്. കുറവിലങ്ങാട് മേഖലയിൽ പുഴയോര റോഡ് ഇല്ല. പക്ഷേ അപകടക്കെണി ഒരുക്കുന്ന കനാൽ റോഡുകളുണ്ട്.

മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ കനാൽ റോഡുകളിലെ യാത്രക്കാരുടെ ശ്രദ്ധ അൽപമൊന്നു പാളിയാൽ അപകടം ഉറപ്പ്. മേഖലയിലെ വിവിധ പഞ്ചായത്തുകളിലായി 100 കിലോമീറ്ററിലധികം ദൂരത്തിൽ നീണ്ടു കിടക്കുന്ന റോഡുകൾ പല സ്ഥലത്തും വലിയ ചതിക്കുഴികൾ ആണ്.

∙എംവിഐപി പിറവം ഡിവിഷനു കീഴിൽ പിറവം, മുളക്കുളം, തിരുമാറാടി, കടുത്തുരുത്തി, ഞീഴൂർ, കാണക്കാരി, കുറവിലങ്ങാട്, ഇലഞ്ഞി, ഏറ്റുമാനൂർ പഞ്ചായത്തുകളിലായി നൂറ്റിയൻപതിലേറെ കിലോമീറ്റർ ദൂരത്തിലാണ് കനാലും ഉപകനാലുമായി പദ്ധതി നീണ്ടു കിടക്കുന്നത്.

∙കനാൽ വന്നപ്പോൾ ഉൾനാടൻ മേഖലകളിൽ പോലും വഴി സൗകര്യം ലഭിച്ചു. പക്ഷേ വൻ അപകടസാധ്യതയാണ് മിക്ക വഴികളിലും. കനാലിന്റെ വശങ്ങളിലുള്ള റോഡുകളാണ് ഇവ.

∙വീതി രണ്ടോ മൂന്നോ മീറ്റർ മാത്രം. പല സ്ഥലത്തും പൂർണമായി തകർന്ന അവസ്ഥ. മെറ്റൽ ഇളകിയും ഗട്ടറുകൾ നിറഞ്ഞും കിടക്കുന്നു. വീതി കുറഞ്ഞ പാതയുടെ വശങ്ങളിൽ സംരക്ഷണ സംവിധാനങ്ങൾ ഇല്ല. ശ്രദ്ധ അൽപമൊന്നു തെറ്റിയാൽ വാഹനം കനാലിൽ വീഴും.

∙രാത്രി യാത്ര അതീവ ദുഷ്കരം. തെരുവ് വിളക്കുകൾ ഇല്ല. പല മേഖലകളും ആൾത്താമസമില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിൽ. സാമൂഹിക വിരുദ്ധരുടെ വിളയാട്ടമാണ് പല സ്ഥലത്തും. കഞ്ചാവ് സംഘങ്ങൾ ഉൾപ്പെടെ കനാൽ തീരങ്ങളിൽ തമ്പടിക്കുന്നു. ഈ പാതകളിലൂടെ പൊലീസ് പട്രോളിങ് പതിവില്ല.

∙റോഡുകളുടെ അറ്റകുറ്റപ്പണി പൂർണമായി നടത്താൻ സാധ്യതയില്ല. ഫണ്ട് ലഭ്യതയിലെ കുറവാണു പ്രധാന പ്രശ്നം. കുറവിലങ്ങാട് മേഖലയിൽ ചില സ്ഥലങ്ങളിൽ റോഡ് അറ്റകുറ്റപ്പണി നടത്തിയിരുന്നു. കനാൽ റോഡ് എംവിഐപി ഉദ്യോഗസ്ഥരുടെ പരിശോധനാ വാഹനം കടന്നുപോകാൻ മാത്രമുള്ളതാണെന്നു ചട്ടം. കനാൽ പൂർത്തിയാക്കുന്നതിനാണ് മുൻഗണന. പക്ഷേ നൂറുകണക്കിനു പേർ ഉപയോഗിക്കുന്ന റോഡുകൾ സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ പറയുന്നു.

കനാൽ റോഡിനു നന്നാകാനും അറിയാം

പകലോമറ്റം ഞരളംകുളം ഭാഗത്തു കെഎസ്ഇബി സബ് സ്റ്റേഷൻ നിർമാണം ആരംഭിച്ചപ്പോൾ രൂപമാറ്റം സംഭവിച്ചത് കനാൽ റോഡിന്. വീതി കുറഞ്ഞ റോഡിനു ഇപ്പോൾ ആവശ്യത്തിനു വീതി. ഒപ്പം സുരക്ഷ സംവിധാനങ്ങളും. സബ് സ്റ്റേഷനിൽ സ്ഥാപിച്ച കൂറ്റൻ ഉപകരണങ്ങൾ നിർമാണ സ്ഥലത്തു എത്തിക്കുന്നതിനാണ് എംവിഐപി അനുവാദത്തോടെ റോഡ് സുരക്ഷിതമാക്കിയത്. കുറവിലങ്ങാട് പഞ്ചായത്തിലെ കാളികാവ് മാണികാവ് മുതൽ കാളികാവ് വരെ 7 കിലോമീറ്ററിലധികം ദൂരത്തിൽ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്തു കനാൽ റോഡ് നവീകരിച്ചു. പക്ഷേ ഈ ഭാഗം ഇപ്പോൾ തകർന്നു കിടക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS