കുറവിലങ്ങാട് ∙ നാടിന്റെ അഭിമാന പദ്ധതിയായ കേരള സയൻസ് സിറ്റിയുടെ കവാടവും ചുറ്റുമതിലും കാടുകയറിയ അവസ്ഥയിൽ. ലക്ഷക്കണക്കിനു രൂപ മുടക്കി നിർമിച്ച കവാടം, ചുറ്റുമതിൽ, കൗണ്ടറുകൾ, തുറന്ന വേദി തുടങ്ങിയവയാണ് കുറ്റിക്കാടും പുല്ലും നിറഞ്ഞ അവസ്ഥയിലായത്.എംസി റോഡിലൂടെ കടന്നു പോകുന്നവർക്കു മികച്ച കാഴ്ച ഒരുക്കിയാണ് ഏതാനും മാസം മുൻപ് വരെ സയൻസ് സിറ്റിയുടെ കവാടം നിന്നിരുന്നത്. എന്നാൽ പരിസര ശുചീകരണം നിലച്ചതോടെ കാടും വള്ളിച്ചെടികളും കയറി ചുറ്റുമതിൽ, കവാടം എന്നിവ അടഞ്ഞു.
കവാടത്തിൽ നിന്നു മീറ്ററുകൾ അകലെ പാതിവഴിയിൽ നിർമാണം നിലച്ച തുറന്ന വേദിയുടെ പരിസരത്തും കാട് പിടിച്ചു. ഇതു കൃത്യമായി വൃത്തിയാക്കുന്നതിനു സംവിധാനം ഇല്ലാത്ത അവസ്ഥ. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ അനുവദിച്ചെങ്കിലും കോഴായിലെ കേരള സയൻസ് സിറ്റിയുടെ ആദ്യഘട്ട നിർമാണം പൂർത്തിയാകണമെങ്കിൽ ഇനിയും കാത്തിരിക്കണം. 9 വർഷം മുൻപ് നിർമാണം ആരംഭിച്ച ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റിയുടെ ആദ്യഘട്ടം കേരളപ്പിറവി ദിനത്തിൽ നാടിനു സമർപ്പിക്കാൻ പദ്ധതി തയാറാക്കിയിരുന്നു.
പക്ഷേ നിർമാണ ജോലികൾ പൂർത്തിയായിട്ടില്ല. നിർമാണം പൂർത്തീകരിക്കുന്നതിന് 45 കോടി ഇനിയും ആവശ്യമാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിനു ശേഷം വിവിധ ഘട്ടങ്ങളിൽ ചർച്ചകൾ നടത്തിയെങ്കിലും കൂടുതൽ ഫണ്ട് ലഭ്യമായിട്ടില്ല.പ്രളയം, കോവിഡ്, സാങ്കേതിക പ്രശ്നങ്ങൾ തുടങ്ങിയവ നിർമാണം വൈകിച്ചു. കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം നിർമിക്കുന്ന സ്പേസ് സെന്റർ നിർമാണം മന്ദഗതിയിൽ ആയിരുന്നു. ഇതു പിന്നീട് വേഗത്തിലാക്കി.
2014–15 കാലഘട്ടത്തിൽ മാസ്റ്റർ പ്ലാൻ തയാറാക്കിയെങ്കിലും അതു അനുസരിച്ചല്ല നിർമാണം പുരോഗമിച്ചത്. പുതിയ മാസ്റ്റർപ്ലാൻ സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുണ്ട്. കൂടുതൽ ഫണ്ട് അനുവദിക്കുകയും നിർമാണം വേഗത്തിലാക്കുകയും ചെയ്താൽ മാത്രമേ നാടിന്റെ അഭിമാന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനു സാധിക്കുകയുള്ളൂ. നിർമാണം പൂർത്തിയായ ചുറ്റുമതിൽ, കവാടം എന്നിവയാണ് ഇപ്പോൾ കാട് കയറി കിടക്കുന്നത്