കോട്ടയം ∙ കുടുംബവഴക്കിനെ തുടർന്ന് മർദനമേറ്റ് അമ്മ മരിച്ച കേസിൽ അറസ്റ്റിലായ മകനെ കോടതി റിമാൻഡ് ചെയ്തു. പനച്ചിക്കാട് പാതിയപ്പള്ളി കടവ് ഭാഗത്ത് തെക്കേകുറ്റ് ബിജുവിനെയാണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞ 23നാണ് ബിജുവിന്റെ അമ്മ സതി (80) ചികിത്സയിലിരിക്കെ മരിച്ചത്. അമ്മയ്ക്ക് വീണു പരുക്കു പറ്റിയതാണെന്നാണു ബിജു ആശുപത്രിയിൽ പറഞ്ഞിരുന്നത്
മൃതദേഹം വീട്ടിൽ കൊണ്ടുവന്ന സമയം പൊലീസിനു സംശയം തോന്നുകയും മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തു. പോസ്റ്റ്മോർട്ടത്തിൽ സതിയുടെ നെഞ്ചിലും മുഖത്തുമേറ്റ പരുക്കാണു മരണകാരണമെന്നു കണ്ടെത്തി.തുടർന്ന് ചിങ്ങവനം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
ബന്ധുക്കളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ബിജുവിനെതിരെ തെളിവുകൾ ലഭിച്ചു. ബിജുവും സഹോദരിയും തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സംഭവദിവസം സഹോദരി അമ്മയെ കാണാൻ വന്നിരുന്നു. ഇതിലുള്ള വിരോധംമൂലം ബിജുവും അമ്മയും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും അമ്മയ്ക്ക് മർദനമേൽക്കുകയുമായിരുന്നു. സ്റ്റേഷൻ എസ്എച്ച്ഒ ടി.ആർ.ജിജു, എസ്ഐ സുദീപ്, സിപിഒമാരായ എസ്.സതീഷ്, സലമോൻ, മണികണ്ഠൻ എന്നിവരാണു കേസ് അന്വേഷിച്ചത്.