കോട്ടയം പബ്ലിക് ലൈബ്രറി @140 ; ഒളിമങ്ങാതെ വായനയുടെ ഗോപുരം

kottayam-public-library
കോട്ടയം പബ്ലിക് ലൈബ്രറി
SHARE

കോട്ടയം ∙ വായിച്ചു തീരാത്ത പുസ്തകത്തിൽ അടയാളമായി വച്ച മയിൽപ്പീലിത്തണ്ടിന്റെ അഴകിലാണ് കോട്ടയം പബ്ലിക് ലൈബ്രറി. അക്ഷരനഗരത്തിന്റെ വായനപ്പെരുമയ്ക്ക് 140 വയസ്സ്. തിരുനക്കരയിലെ ഓലപ്പുരയിൽ തുടങ്ങി ശാസ്ത്രി റോഡിലെ അറിവിന്റെ കൂടാരത്തിലേക്ക് എത്തുമ്പോഴും വായനയുടെ ഗോപുരത്തിനു നക്ഷത്രത്തിളക്കം.

1882 ഓഗസ്‌റ്റിലാണ് കോട്ടയം പബ്ലിക് ലൈബ്രറിയുടെ തുടക്കം. ഇപ്പോഴത്തെ ഗാന്ധിസ്ക്വയറിനു സമീപം കോട്ടയം പേഷ്‌കാരും പിന്നീട് തിരുവിതാംകൂർ ദിവാനുമായ ടി. രാമറാവു ആണു വായനശാല സ്‌ഥാപിച്ചത്. വായന ശാലയ്ക്കായി താന്നിക്കൽ ഉതുപ്പുമാണിയിൽ നിന്നു 7 സെന്റ് സ്‌ഥലം വിലയ്ക്കു വാങ്ങുകയായിരുന്നു. ഓലപ്പുരയായിരുന്നു ആദ്യം. വായനശാലയുടെ പ്രസിഡന്റായി രാമറാവു തന്നെ പ്രവർത്തിച്ചു. റവ. ജോൺ കെയ്‌ലിയായിരുന്നു സെക്രട്ടറി. 

∙തിരുനക്കരയിൽ

ഗാന്ധി സ്ക്വയറിലെ പഴയ കെട്ടിടത്തിൽ 1965 വരെ ലൈബ്രറി പ്രവർത്തിച്ചു. പിന്നീട് തിരുനക്കരയിൽ 4 നിലകെട്ടിടം പണിതു. ലോട്ടറി അച്ചടിച്ച് വിറ്റാണ് കെട്ടിടം പണിക്കുള്ള പണം സ്വരൂപിച്ചത്. 1966ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മുൻ മന്ത്രി വി.ഒ.മർക്കോസ്, സി.എം. സ്‌റ്റീഫൻ, ഹൈക്കോടതി ജഡ്‌ജിയായിരുന്ന ടി. കെ. ജോസഫ്, ഡിസി കിഴക്കെമുറി തുടങ്ങി ഒട്ടേറെ പ്രമുഖർ ലൈബ്രറിയുടെ സാരഥ്യം വഹിച്ചു. കെപിഎസ് മേനോന്റെ തറവാടായിരുന്ന ഗോപി വിലാസത്തിൽ 1969ൽ കുട്ടികളുടെ ലൈബ്രറി ആരംഭിച്ചു. 1976ൽ അനുബന്ധ കെട്ടിടങ്ങളും പണിതു.

∙ശാസ്ത്രി റോഡിൽ

പബ്ലിക് ലൈബ്രറിക്കായി 1974 ലാണ് ശാസ്‌ത്രി റോഡിനു സമീപത്ത് സ്ഥലം വാങ്ങിയത്. ഇപ്പോഴുള്ള ലൈബ്രറി കെട്ടിടത്തിന്റെ താഴത്തെ നില 1976ൽ പൂർത്തിയായി. 5 വർഷത്തിനു ശേഷം ഒരു നിലകൂടി പണിതു. റബർ ബോർഡിന്റെ ആസ്‌ഥാനം ഇവിടെയാണ് ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത്. ശാസ്ത്രി റോഡിൽ പൂർണ തോതിൽ പ്രവർത്തനം ആരംഭിച്ചതോടെ തിരുനക്കരയിലെ കെട്ടിടം റീഡിങ് റും മാത്രമാക്കി. ഇപ്പോൾ ഇവിടെ ലളിതകലാ അക്കാദമിയുടെ ആർട് ഗാലറി ഉണ്ട്. കെപിഎസ് മേനോൻ ഹാളും ലൈബ്രറിക്കു സമീപമാണ്. കാനായി കുഞ്ഞിരാമന്റെ അക്ഷരശിൽപം ലൈബ്രറി മുറ്റത്തുണ്ട്.

∙ അംഗമാകാൻ

സാധാരണ അംഗം, വരിക്കാർ എന്നിവർ പ്രവേശന ഫീസായി 20 രൂപയും ഡിപ്പോസിറ്റായി യഥാക്രമം 800, 500 രൂപയും നൽകണം. 30, 15 എന്നിങ്ങനെയാണ് ഇവർക്ക് മാസവരി. സാധാരണ അംഗത്തിനു 4 പുസ്തകവും വരിക്കാർക്ക് 2 പുസ്തകവും എടുക്കാം.

സ്പെഷൽ അംഗത്വം (12 പുസ്തകം) ആദ്യം 50,000 രൂപയും രക്ഷാധികാരി സ്ഥാനം (10 പുസ്തകം ) 30,000 രൂപയും അടയ്ക്കണം. ആയുഷ്കാല അംഗത്വത്തിനു (6 പുസ്തകം) 15,000 രൂപയാണ് ഒരുമിച്ച് അടയ്ക്കേണ്ടത്. ഇപ്പോൾ ആകെ 5305 അംഗങ്ങൾ ഉണ്ട്. പുസ്തകങ്ങളുടെ എണ്ണം: 1,60,000.

ഭാരവാഹികൾ : സി. ഏബ്രഹാം ഇട്ടിച്ചെറിയ (പ്രസി), സി. ജോസ് ഫിലിപ് ( വൈസ് പ്രസി), ഷാജി ഐപ് വേങ്കടത്ത് (ആക്ടിങ് സെക്ര), കെ.സി. വിജയകുമാർ (എക്സി.സെക്ര.). 

ഫോൺ: 0481 2562434

പബ്ലിക് ലൈബ്രറി 140 –ാം വാർഷികം ഇന്ന് ; ഏബ്രഹാം ഇട്ടിച്ചെറിയയുടെ ശതാഭിഷേക ആഘോഷവും ഇന്ന്

കോട്ടയം ∙ പബ്ലിക് ലൈബ്രറിയുടെ 140 –ാമത് വാർഷിക ആഘോഷവും ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയയുടെ ശതാഭിഷേക ആഘോഷവും ഇന്ന് നടക്കും. ഇന്നു 4നു കെപിഎസ് മേനോൻ ഹാളിലാണ് പരിപാടി. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ. വാസവൻ സുവനീർ പ്രകാശനം ചെയ്യും. ലൈബ്രറിയുടെ ചരിത്ര പുസ്തകം പ്രഫ.പി.ജെ. കുര്യൻ പ്രകാശനം ചെയ്യും. ക്നാനായ സമുദായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് അനുഗ്രഹ പ്രഭാഷണവും ജസ്റ്റിസ് കെ.ടി. തോമസ് മുഖ്യപ്രഭാഷണവും നടത്തും. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഡോക്യുമെന്ററി പ്രകാശനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രസംഗിക്കും.

പ്രവർത്തന സമയം

∙തിരുനക്കര റീഡിങ് റൂം

    രാവിലെ 8 മുതൽ രാത്രി 8 വരെ.

∙തിരുനക്കര സ്പെഷൽ റീഡിങ് റൂം  

    (മുതിർന്ന പൗരന്മാർക്കും 

   വനിതകൾക്കും)– രാവിലെ 10.30 

    മുതൽ   വൈകിട്ട് 6 വരെ.

∙ശാസ്ത്രി റോഡിലുള്ള പബ്ലിക് 

    ലൈബ്രറി (പുസ്തക വിതരണം 

    റീഡിങ് റൂം) 

    രാവിലെ 9.30 മുതൽ 2 വരെ. 

    2.30 മുതൽ വൈകിട്ട് 7 വരെ.

∙റഫറൻസ് – ഗവേഷണ 

   വിദ്യാർഥികൾക്കുള്ള പഠന മുറി 

   രാവിലെ 10 മുതൽ വൈകിട്ട് 6 വരെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS