'തരൂർ കേരളത്തിന്റെ സ്വപ്ന മുഖ്യമന്ത്രി, നിയമസഭയിലേക്കു മത്സരിക്കാൻ പാലായും പൂഞ്ഞാറും പരിഗണിക്കാം': സിറിയക് തോമസ്

sasi-tharoor-mp
പ്രഫ.കെ.എം.ചാണ്ടി ഫൗണ്ടേഷൻ പാലായിൽ നടത്തിയ പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കുന്ന ശശി തരൂർ എംപി, മാണി സി.കാപ്പൻ എംഎൽഎയുമായി സംസാരിക്കുന്നു. ചിത്രം: മനോരമ
SHARE

പാലാ ∙ പ്രതീക്ഷയുടെ രാഷ്ട്രീയമാണ് ഇനി വേണ്ടതെന്നും കേരളത്തിലെ യുവാക്കൾ കൂട്ടമായി വിദേശത്തേക്കു പോകുന്നത് തടയാൻ കൂടുതൽ വ്യവസായങ്ങളും കൂടുതൽ ജോലി സാധ്യതകളും ഉണ്ടാകണമെന്നും ശശി തരൂർ എം.പി. പാലായിൽ പ്രഫ.കെ.എം ചാണ്ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രഭാഷണ പരമ്പരയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

കേരളം വൻ കടക്കെണിയിലാണ്. അഭ്യസ്തവിദ്യരായ യുവാക്കൾക്കു പോലും ഇവിടെ നിൽക്കാൻ കഴിയുന്നില്ല. തൊഴിലില്ലായ്മ അതിരൂക്ഷമാണ്. സമൂഹിക വളർച്ചാ അളവുകോലുകളിൽ എല്ലാ മേഖലയിലും കേരളം അമേരിക്കയോട് പോലും കിടപിടിക്കും. പക്ഷേ പ്രതിശീർഷ വരുമാനത്തിൽ നമ്മളേക്കാൾ പതിനെട്ടു മടങ്ങെങ്കിലും അമേരിക്ക മുൻപിലാണ്. ഹർത്താലും അനാവശ്യ സമരങ്ങളും നടത്തിയാൽ കേരളം വികസിക്കില്ല. അമേരിക്കയിൽ മൂന്നുദിവസം കൊണ്ട് വ്യവസായം തുടങ്ങാം എന്നാണ് പഠനങ്ങൾ. ഇന്ത്യയിൽ 118 ദിവസം വേണം. കേരളത്തിൽ കുറഞ്ഞത് 214 ദിവസമെങ്കിലും വേണം. ഈ അവസ്ഥ മാറണം: ശശി തരൂർ പറഞ്ഞു. 

എംജി സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ.സിറിയക് തോമസ് അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ സ്വപ്ന മുഖ്യമന്ത്രിയായാണ് തരൂരിനെ എല്ലാവരും കാണുന്നതെന്ന് സിറിയക് തോമസ് പറഞ്ഞപ്പോൾ സദസ്സിൽ നിറഞ്ഞ കരഘോഷം മുഴങ്ങി. ബുദ്ധിയും വിവരവും കൂടിപ്പോയതിന്റെ പേരിൽ പ്രഫ.കെ.എം ചാണ്ടിക്ക് സ്വന്തം പാർട്ടിയിൽ നിന്നേറ്റ പീഡനങ്ങൾ ഓർമിപ്പിക്കാൻ കൂടിയാണ് തരൂരിനെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചത്.  തരൂർ നിയമസഭയിലേക്കു മത്സരിക്കുകയാണെങ്കിൽ പാലായും പൂഞ്ഞാറും പരിഗണിക്കാമെന്നു സിറിയക് തോമസ് പറഞ്ഞതും സദസ്സ് കയ്യടികളോടെയാണ് സ്വീകരിച്ചത്.

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ സന്ദേശം ചാക്കോ തോമസ് വായിച്ചു. മാണി സി.കാപ്പൻ എംഎൽഎ, കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി തോമസ്, മുൻ എംപി വക്കച്ചൻ മറ്റത്തിൽ, യുഡിഎഫ് ജില്ലാ കൺവീനർ സജി മഞ്ഞക്കടമ്പിൽ, പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് മോഹൻരാജ്, കെ.സി ജോസഫ്, കെ.സി തോമസ്, തോമസ് കൂമ്പുക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS