ADVERTISEMENT

പാലാ ∙രാഷ്ട്രപിതാവിനു പാലാ നൽകിയ ആദരം ആണ് മഹാത്മാഗാന്ധി പ്രതിമയും ഗാന്ധിസ്ക്വയറും എന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മൂന്നാനി ലോയേഴ്സ് ചേംബർ റൂട്ടിൽ പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ നിർമിച്ച മഹാത്മാഗാന്ധി പ്രതിമ അനാവരണം ചെയ്യുകയായിരുന്നു അദ്ദേഹം. ദൗത്യം ഏറ്റെടുത്ത മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷനെ ഗവർണർ അഭിനന്ദിച്ചു. പ്രതിമയിൽ  അദ്ദേഹം പുഷ്പാർച്ചന നടത്തി.

മാണി സി.കാപ്പൻ എംഎൽഎ, നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ ചെയർമാൻ എബി.ജെ.ജോസ്, കൗൺസിലർ ലിജി ബിജു, വക്കച്ചൻ മറ്റത്തിൽ, കുര്യാക്കോസ് പടവൻ, ഫാ ജോസ് പുലവേലി, സജി മഞ്ഞക്കടമ്പിൽ, ചെറിയാൻ.സി.കാപ്പൻ, ജോർജ് പുളിങ്കാട്, ടോണി തോട്ടം, ജോസ് പാറേക്കാട്ട്, ജോയി കളരിക്കൽ, നിഷ സ്നേഹക്കൂട്, ബിനു പെരുമന, സന്തോഷ് കാവുകാട്ട്, അഡ്വ ജോഷി തറപ്പിൽ, അഡ്വ. ബേബി സൈമൺ, അഡ്വ. ആഷ്മി ജോസ്, രവി പാലാ, ജോസഫ് കുര്യൻ, സാംജി പഴേപറമ്പിൽ, സാബു ഏബ്രഹാം, ഷോജി ഗോപി, കാതറിൻ റെബേക്ക, ലിയ മരിയ, ഇവാന എൽസ ജോസ് തുടങ്ങിയവർ പങ്കെടുത്തു. ശിൽപി ചേരാസ് രവിദാസിന് ഗവർണർ ഉപഹാരം സമ്മാനിച്ചു.

പൂഞ്ഞാർ-ഏറ്റുമാനൂർ ഹൈവേയിൽ മൂന്നാനി ഭാഗത്തു ലോയേഴ്സ് ചേംബറിനു സമീപം നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഗാന്ധിസ്ക്വയറും പ്രതിമയും. ഗാന്ധിജിയുടെ 150-ാം ജന്മവാർഷികം, ഗാന്ധിജിയുടെ കേരള സന്ദർശനത്തിന്റെ 100-ാം വാർഷികം, സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം എന്നിവയുടെ ഭാഗമായാണ് ഗാന്ധിജിക്ക് ആദരം ഒരുക്കിയത്. 

ക്യാ ഹുവാ പാടി സഞ്ജയ്; ചേർത്തുപിടിച്ച് ഗവർണർ

പാലാ∙ ചാവറ പബ്ലിക് സ്കൂൾ രജത ജൂബിലി ആഘോഷ ഉദ്ഘാടന  വേദിയിൽ മുഹമ്മദ് റഫിയുടെ പ്രസിദ്ധമായ ‘ക്യാ ഹുവാ തേരാ വാദാ...’ എന്ന ഗാനം പാടിയ എട്ടാം ക്ലാസ് വിദ്യാർഥി സഞ്ജയ് വി.ഐസന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സ്നേഹസമ്മാനം. എക്കാലത്തെയും ഹിറ്റ് ഗാനം പാടിയപ്പോൾ പഴയ ഹിന്ദി ഗാനങ്ങളുടെ ആരാധകനായ ഗവർണർക്കു വലിയ സന്തോഷം.

പാട്ട് കഴിഞ്ഞപ്പോൾ സഞ്ജയിനെ വേദിയിലേക്കു വരുത്തി ചേർത്തുനിർത്തി അഭിനന്ദിച്ചു. ശാസ്ത്രീയ നൃത്തത്തിന്റെ അകമ്പടിയോടെയാണു സ്കൂളിൽ ഗവ‍ർണറെ സ്വീകരിച്ചത്.  നൃത്ത പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥിനികളെ ഗവർണർ അഭിനന്ദിച്ചു. അവർക്കൊപ്പം നിന്നു ഫോട്ടോ എടുത്തു.

നാലരയടി ഉയരം

24 ചതുരശ്ര അടിയിൽ മൂന്നരയടി ഉയരമുള്ള ഗ്രാനൈറ്റ് പ്ലാറ്റ്ഫോമിലാണ് പ്രതിമ. ഐസോ റെസിനിൽ നിർമിച്ച പ്രതിമയ്ക്ക് നാലരയടി ഉയരമുണ്ട്. പ്രതിമയുടെയും ഗാന്ധി സ്ക്വയറിന്റെയും പരിപാലനം മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷനാണ് നിർവഹിക്കുന്നത്. പൊതുജന സഹകരണത്തോടെ 12 ലക്ഷം രൂപ ചെലവഴിച്ചാണു സ്ഥാപിച്ചത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com