കോവിഡ് മഹാമാരിയെ നേരിടാൻ പള്ളി വികാരി സൗജന്യമായി നൽകിയ കാർ; ഉപയോഗിക്കാതെ നശിപ്പിച്ചു പഞ്ചായത്ത്

car-given-free-to-panchayath
ഫാ. ജോസഫ് ഈഴാറത്ത് മാഞ്ഞൂർ പഞ്ചായത്തിന് സൗജന്യമായി നൽകിയ കാർ .
SHARE

കുറുപ്പന്തറ ∙ കോവിഡ് മഹാമാരിയെ നേരിടാൻ,  കോട്ടയം അതിരൂപതാ അംഗവും കോതനല്ലൂർ തൂവാനീസ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി വികാരിയുമായ ഫാ. ജോസഫ് ഈഴാറത്ത് മാഞ്ഞൂർ പഞ്ചായത്തിന് സൗജന്യമായി നൽകിയ കാർ ഉപയോഗിക്കാതെ കിടന്നു നശിക്കുന്നു. കോവിഡ‍് വ്യാപനം അതി രൂക്ഷമായപ്പോൾ പഞ്ചായത്തിലെ രോഗികൾക്ക് ഉപയോഗിക്കാനായിരുന്നു കാർ സൗജന്യമായി നൽകിയത്. തോമസ് ചാഴികാടൻ എംപിയാണ് കാറിന്റെ താക്കോലും രേഖകളും പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന് കൈമാറിയത്.

ഫാ. ജോസഫ് ഈഴാറത്തിനും  കോവിഡ് പിടിപെട്ടിരുന്നു. നാല് ദിവസം പള്ളി മുറിയിൽ കിടന്നു. പിന്നീട് ആംബുലൻസ് വിളിച്ചു വരുത്തി കാരിത്താസ് ആശുപത്രിയിൽ ചികിത്സ തേടി.  ആ യാത്രയിലാണ്  സ്വന്തമായുള്ള കാർ കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും തിരികെ എത്തിക്കുന്നതിനും മറ്റുമായി വിട്ടു നൽകണമെന്ന ചിന്ത ഫാ. ജോസഫ് ഈഴാറത്തിന് ഉണ്ടായത്. കുടുംബാംഗങ്ങളും ഇടവക ജനങ്ങളും ചേർന്ന് അച്ചന് സമ്മാനിച്ചതായിരുന്നു കാർ.

കോവിഡ് ശമിക്കുമ്പോൾ പഞ്ചായത്തിലെ പാവപ്പെട്ട രോഗികൾക്ക് ആശുപത്രിയിൽ പോകാനും മറ്റുമായി കാർ ഉപയോഗിക്കാൻ കഴിയണമെന്ന് വികാരി പഞ്ചായത്തിനോട് അപേക്ഷിച്ചിരുന്നു. എന്നാൽ ഒന്നരവർഷം കഴിഞ്ഞിട്ടും പഞ്ചായത്ത് കാർ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. കാറും രേഖകളും പഞ്ചായത്തിന് കൈമാറി ഒന്നര വർഷത്തിലധികമായിട്ടും കാർ ഇപ്പോഴും ഫാ. ജോസഫ് ഈഴാറത്തിന്റെ പേരിലാണ്.  ഇൻഷുറൻസും ടാക്സും കുടിശികയായി.  ലക്ഷങ്ങൾ വിലയുള്ള കാർ പഞ്ചായത്ത് ഉപയോഗിക്കാതെ  നശിപ്പിക്കുന്നത് എന്തിനാണ് എന്നാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ചോദ്യം.

ഏറ്റെടുക്കുന്നതിന് ശ്രമം, സെക്രട്ടറി (മാഞ്ഞൂർ പഞ്ചായത്ത്)

കുറുപ്പന്തറ∙ കാർ പഞ്ചായത്തിലെ എൽ എസ് ജി ഡി എൻജിനീയർക്ക് ഉപയോഗിക്കുന്നതിനായി വിട്ടുനൽകാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനം എടുത്തിരുന്നു. കാർ പഞ്ചായത്തിന്റെ പേരിലേക്ക് മാറ്റുന്നതിനായി ആർടിഒയെ സമീപിച്ചിരുന്നു. രേഖകളിൽ ചില പ്രശ്നങ്ങളുണ്ട്.   ഇൻഷുറൻസ്, ടാക്സ് തുടങ്ങിയവയും കുടിശിക ആയിരിക്കുകയാണ്. പ്രശ്നങ്ങൾ പരിഹരിച്ച് കാർ ഏറ്റെടുക്കുന്നതിന് ശ്രമം നടത്തുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS