ADVERTISEMENT

പാലാ ∙ ടൗൺ കുരിശുപള്ളിയിലെ പരിശുദ്ധ അമലോദ്ഭവ മാതാവിന്റെ ജൂബിലി തിരുനാൾ ഇന്ന്. സെന്റ് തോമസ് കത്തീഡ്രൽ, ളാലം സെന്റ് മേരീസ് പഴയപള്ളി, ളാലം സെന്റ് ജോർജ് പുത്തൻപള്ളി ഇടവകകൾ സംയുക്തമായി ആഘോഷിക്കുന്ന തിരുനാളിൽ പങ്കെടുക്കുന്നതിനു ഇന്ന് പതിനായിരങ്ങൾ പാലായിലെത്തും. ഇന്നലെ വെളുപ്പിനു മുതൽ അമലോദ്ഭവ മാതാവിന്റെ അനുഗ്രഹം തേടി ടൗൺ കപ്പേളയിലേക്ക് ആയിരക്കണക്കിനു വിശ്വാസികളാണ് എത്തിയത്. രാത്രി വൈകിയും ഭക്തരുടെ നിലയ്ക്കാത്ത പ്രവാഹമാണ്.

പ്രധാന തിരുനാൾ ദിനമായ ഇന്ന്  രാവിലെ 6.30 നു കുർബാന. 8നു സെന്റ് മേരീസ് സ്കൂൾ വിദ്യാർഥിനികളുടെ മരിയൻ റാലി. 10 നു കുർബാന. 11.30നു ജൂബിലി സാംസ്കാരിക ഘോഷയാത്ര, ടൂവീലർ ഫാൻസിഡ്രസ് മത്സരം, ബൈബിൾ ടാബ്ലോ മത്സരം, വൈകിട്ട് 4നു അമലോദ്ഭവ മാതാവിന്റെ തിരുസ്വരൂപവും വഹിച്ച് ആഘോഷമായ പട്ടണ പ്രദക്ഷിണം ആരംഭിക്കും.

പൊൻ, വെള്ളി കുരിശുകളും മുത്തുക്കുടകളും വാദ്യമേളങ്ങളും അകമ്പടിയാകും

ളാലം പഴയ പള്ളി റോഡിലൂടെ മാർക്കറ്റ് ജംക്‌ഷനിൽ എത്തുന്ന പ്രദക്ഷിണം സിവിൽ സ്റ്റേഷൻ, ടിബി റോ‍ഡ്, ന്യൂബസാർ റോഡ്, കട്ടക്കയം റോഡ് വഴി ളാലം പഴയ പാലം ജംക്‌ഷനിലെ പന്തലിൽ എത്തും. തുടർന്ന് പ്രധാന റോഡിലൂടെ നീങ്ങുന്ന പ്രദക്ഷിണം ടൗൺ കപ്പേളയിൽ സമാപിക്കും. തുടർന്ന് തിരുനാൾ സന്ദേശം, സമ്മാനദാനം, ആകാശ വിസ്മയം. നാളെ  രാവിലെ 5.30നു കുർബാന, 11.30 നു മാതാവിന്റെ തിരുസ്വരൂപം കപ്പേളയിൽ തിരികെ പ്രതിഷ്ഠിക്കുന്നതോടെ തിരുനാൾ സമാപിക്കും.

തിരുസ്വരൂപ പ്രതിഷ്ഠ

ഇന്നലെ രാവിലെ അമലോദ്ഭവ മാതാവിന്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിച്ചു. കത്തീഡ്രൽ വികാരി ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു.

പ്രദക്ഷിണ സംഗമം

വൈകിട്ട് കത്തീഡ്രലിൽ നിന്ന് മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ആരംഭിച്ചു. തുടർന്ന് സെന്റ് തോമസ് ചാപ്പലിൽ ലദീഞ്ഞ് പ്രാർഥന നടത്തി. ഇതേസമയം പുത്തൻപള്ളിയിൽ നിന്ന് സമാന്തര റോഡ് വഴി മാർത്തോമ്മാ ശ്ലീഹായുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ആരംഭിച്ചു. 

തുടർന്ന് ഇരു പ്രദക്ഷിണങ്ങളും കൊട്ടാരമറ്റം ജംക്‌ഷനിൽ സംഗമിച്ചു. സാന്തോം കോംപ്ലക്സിൽ ‍ലദീഞ്ഞ് പ്രാർഥനയ്ക്കുശേഷം ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ സന്ദേശം നൽകി. തുടർന്ന് 9.30നു പ്രദക്ഷിണം കുരിശുപള്ളിയിൽ എത്തിയപ്പോൾ കത്തിച്ച മെഴുകുതിരികളുമായി സിവൈഎംഎലിന്റെ നേതൃത്വത്തിൽ വിശ്വാസികൾ പരിശുദ്ധ അമ്മയെ‍ വരവേറ്റു.

ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, ഫാ.ജോസഫ് തടത്തിൽ, ഫാ.ജോർജ് മൂലേച്ചാലിൽ, ഫാ.ദേവസ്യാച്ചൻ വട്ടപ്പലം, ഫാ.ജോൺ കണ്ണന്താനം, ഫാ.ജോസഫ് ആലഞ്ചേരി, ഫാ.ജോർജ് വടയാറ്റുകുഴി, ഫാ.സ്കറിയ മേനാംപറമ്പിൽ, ഫാ.മാത്യു വെണ്ണായിപ്പള്ളിൽ, ഫാ.മാത്യു വാഴചാരിക്കൽ‍ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി

സാംസ്കാരിക ഘോഷയാത്ര

സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നിന്ന് ഇന്ന്  11.30നു ആരംഭിക്കുന്ന ജൂബിലി സാംസ്കാരിക ഘോഷയാത്ര മഹാറാണി കവലയിൽ സമാപിക്കും. മാർഗംകളി, പരിചമുട്ട് കളി, കാർട്ടൂൺ കഥാപാത്രങ്ങൾ, ഡ്രാഗൺ ഡാൻസ്, അട്ടപ്പാടിയിൽ നിന്നുള്ള കലാകാരൻമാർ പങ്കെടുക്കുന്ന ആദിവാസി നൃത്തം, തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന പുലികൾ, മുറംകളി, ഉലക്ക ഡാൻസ്, കരകാട്ടം, അലങ്കരിച്ച കുതിരകൾ, പാവക്കൂത്ത്, ഒട്ടകപ്പക്ഷി നൃത്തം, കോഴി ഡാൻസ്, സിനിമ താരങ്ങളുടെ ഡ്യൂപ്പ്, ചെണ്ട, ബാൻഡ് മേളങ്ങൾ, ഫ്യൂഷൻ സംഗീതം, ശിങ്കാരി ഫ്യൂഷൻ, ഫ്ലോട്ടുകൾ, റോളർ സ്കേറ്റിങ്, 28 കലാകാരന്മാർ പങ്കെടുക്കുന്ന വിളംബര ചെണ്ട, ഡാൻസ് തുടങ്ങിയവ ഘോഷയാത്രയിൽ അണിനിരക്കും.

ടൂവീലർ ഫാൻസിഡ്രസ്, ബൈബിൾ ടാബ്ലോ മത്സരങ്ങൾ

സാംസ്കാരിക ഘോഷയാത്രയെ തുടർന്ന് സിവൈഎംഎൽ നടത്തുന്ന ടൂവീലർ ഫാൻസിഡ്രസ് മത്സരവും ജൂബിലി ആഘോഷ കമ്മിറ്റി നടത്തുന്ന ബൈബിൾ ടാബ്ലോ മത്സരവും ഉണ്ടായിരിക്കും.

ശുദ്ധജല വിതരണം

കാരുണ്യ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഭക്തജനങ്ങൾക്ക് ഇന്ന് ജൂബിലി പന്തൽ പരിസരത്ത് കുടിവെള്ളം വിതരണം ചെയ്യും.

പുഷ്പാർച്ചന

പട്ടണ പ്രദക്ഷിണം തിരികെ കപ്പേളയിൽ എത്തുമ്പോൾ കാരുണ്യ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി മാതാവിന്റെ തിരുസ്വരൂപത്തെ സ്വീകരിക്കും..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com