ADVERTISEMENT

വൈക്കം ∙ ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ‍ തൃക്കാർത്തിക ദർശനം ഭക്തിസാന്ദ്രമായി. ഇന്നലെ രാവിലെ 7.30ന് തൃക്കാർത്തിക ദർശനത്തിനായി നട തുറന്നു. താരകാസുര നിഗ്രഹം കഴിഞ്ഞ് വിജയശ്രീലാളിതനായി വരുന്ന ദേവസേനാപതിയായ ഉദയനാപുരത്തപ്പന് ദേവഗണങ്ങൾ നിറദീപം തെളിയിച്ച് വരവേറ്റ മുഹൂർത്തമാണ് കാർത്തിക വിളക്കായി ആഘോഷിക്കുന്നത്. വിശേഷാൽ പൂജകൾക്ക് ശേഷം രാത്രി തൃക്കാർത്തിക വിളക്കിന് ഭഗവാന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു.

കട്ടിമാലകളും പട്ടുടയാടകളും കൊണ്ട് അലങ്കരിച്ച തങ്കത്തിടമ്പിൽ നാലടിയോളം ഉയരം വരുന്ന സ്വർണ നിർമിതമായ ശക്തിവേൽ ചാർത്തി സ്വർണ തലേക്കെട്ടും സ്വർണ കുടയുമായി ദേവസേനാപതിയായ സുബ്രഹ്മണ്യ സ്വാമിയുടെ രാജകീയ പ്രൗഢി നിറഞ്ഞ എഴുന്നള്ളത്തിന് നിറദീപവും നിറപറയും സാക്ഷിയായി. കാർത്തിക വിളക്ക് ദർശിക്കാൻ ആയിരങ്ങളാണ് ക്ഷേത്രത്തിൽ എത്തിയത്. ഇന്നലെ വൈകിട്ട് നടന്ന ഹിന്ദുമത സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്ദഗോപൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ് അധ്യക്ഷത വഹിച്ചു.

വൈക്കം ∙ ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ‍ തൃക്കാർത്തിക ദർശനം തൊഴുത് ആനന്ദ നിർവൃതി നേടുവാൻ ക്ഷേത്രത്തിലെത്തിയത് ആയിരങ്ങൾ. വടക്കും ചേരിമേൽ എഴുന്നള്ളിപ്പ് ക്ഷേത്രമതിലിനു പുറത്തേക്ക് പോയ ശേഷം രാവിലെ 7.30ന് തൃക്കാർത്തിക ദർശനത്തിനായി നട തുറന്നു. താരകാസുര നിഗ്രഹം കഴിഞ്ഞ് വിജയശ്രീലാളിതനായി വരുന്ന ദേവസേനാപതിയായ ഉദയനാപുരത്തപ്പന് ദേവഗണങ്ങൾ നിറദീപം തെളിയിച്ച് വരവേറ്റ മുഹൂർത്തമാണ് കാർത്തികവിളക്ക് ആഘോഷിക്കുന്നത്.

∙ ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്ക് ശേഷം ഭഗവാന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരൻ ഓമല്ലൂർ മണികണ്ഠൻ തിടമ്പേറ്റി. അമ്പാടി ബാല നാരായണൻ, ചിറക്കടവ് തിരു നീലകണ്ഠൻ, മലയൻകീഴ് ശ്രീ വല്ലഭൻ, അരീക്കൽ കുട്ടിക്കൃഷ്ണൻ എന്നീ ഗജവീരൻമാർ അകമ്പടിയായി.

ദേവസേനാപതിയായ സുബ്രഹ്മണ്യ സ്വാമിയുടെ രാജകീയ പ്രൗഢി നിറഞ്ഞ എഴുന്നള്ളത്തിന് നിറദീപവും നിറപറയും സാക്ഷിയായി. ഒരുമനയൂർ ഒ.കെ.ഗോപിയുടെ നേതൃത്വത്തിൽ നാഗസ്വര മേളം ഒരുക്കി. എൻഎസ്എസ് കരയോഗങ്ങളുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിന്റെ 4വശങ്ങളിലും ദീപങ്ങൾ തെളിയിച്ച് അലങ്കാരം ഒരുക്കിയത്. വലിയ കാണിക്കയും ആചാരപ്രകാരം നടന്നു.

ആറാട്ട് ഇന്ന് 

∙ ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന് സമാപനം കുറിച്ചു കൊണ്ടുള്ള ആറാട്ട് ഇന്ന്  നടക്കും. വൈകിട്ട് 5നാണ് ആറാട്ടെഴുന്നള്ളിപ്പ്. വൈക്കം ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തെ ആറാട്ടു കുളത്തിലാണ് ഉദയനാപുരത്തപ്പന്റെ ആറാട്ട്. വൈക്കം ക്ഷേത്രത്തിന്റെ വടക്കേ ഗോപുരം കയറി നിൽക്കുന്ന ഉദയനാപുരത്തപ്പനെ വൈക്കത്തപ്പൻ എഴുന്നള്ളി അരിയും പൂവും തൂകി എതിരേൽക്കും.

ഇന്ന്  രാത്രി 10ന് കൂടിപ്പൂജ

∙ വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഇന്ന്  രാത്രി 10ന് കൂടിപ്പൂജ വിളക്ക്.

ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന്റെ സമാപന ചടങ്ങായ ആറാട്ടിന് ശേഷമാണ് കൂടിപ്പൂജ. ഉദയനാപുരത്തപ്പനെ വൈക്കത്തപ്പന്റെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് താന്ത്രിക ആചാരപ്രകാരം ഒരേ പീഠത്തിൽ ഇരുത്തിയാണ് പൂജകൾ നടത്തുന്നത്. പിതാവായ വൈക്കത്തപ്പന്റെ മടിയിൽ പുത്രനായ ഉദയനാപുരത്തപ്പൻ ഇരിക്കുന്നു എന്നാണ് വിശ്വാസം.

തുടർന്ന് ആചാരാനുഷ്ഠാന പ്രകാരം തന്ത്രിമുഖ്യന്മാരുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾക്കു ശേഷം ഇരുദേവൻമാരെയും പുറത്തേക്ക് എഴുന്നള്ളിക്കും ഇതോടെ കൂടിപ്പൂജ വിളക്ക് ആരംഭിക്കും. തിടമ്പേറ്റിയ ഗജവീരൻ മാർ മുഖാമുഖം നിന്നു തുമ്പി ഉയർത്തി യാത്ര പറയുമ്പോൾ, തൃശൂർ പൂരത്തിന്റെ സമാപന ചടങ്ങിൽ ഉപചാരം ചൊല്ലി പിരിയുന്ന കാഴ്ച ഭക്തരുടെ മനസ്സിൽ തെളിയും.

∙ ആചാര പെരുമയോടെ ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വടക്കും ചേരി മേൽ എഴുന്നള്ളിപ്പ് നടന്നു. എട്ടാം ഉത്സവ ദിനത്തിലെ വിളക്കെഴുന്നള്ളിപ്പാണു കാർത്തിക ദിനത്തിൽ നടക്കുന്ന വടക്കും ചേരിമേൽ എഴുന്നള്ളിപ്പ്. എഴുന്നള്ളിപ്പിന് ഗജവീരൻ ചിറക്കടവ് തിരുനീലകണ്ഠൻ ഉദയനാപുരത്തപ്പന്റെ തിടമ്പേറ്റി. അമ്പാടി ബാല നാരായണൻ, മലയൻ കീഴ് ശ്രീവല്ലഭൻ എന്നിവർ അകമ്പടിയായി. ചെമ്പ് ദേശത്ത് എത്തി ആചാരപ്രകാരം 3 പ്രാവശ്യം ശംഖ് കമഴ്ത്തി ഊതി തിരിച്ച് എഴുന്നള്ളി.

കൂട്ടുമ്മേൽ ക്ഷേത്രം, പടിഞ്ഞാറ്റും ചേരി കൊട്ടാരം എന്നിവിടങ്ങളിലായി ഇറക്കി പൂജയും നിവേദ്യവും നടത്തി. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ നാലമ്പലത്തിന് തെക്കു ഭാഗത്തു കൂടി കൊള്ളുന്ന പനച്ചിക്കൽ ഭഗവതിയുമായുള്ള ബന്ധമാണ് തെക്കും ചേരിമേൽ - വടക്കും ചേരിമേൽ എഴുന്നള്ളിപ്പ് സൂചിപ്പിക്കുന്നത്.

 

വൈക്കം ∙ ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാർത്തിക നാളിൽ നടന്ന പ്രസാദമൂട്ടിൽ പങ്കെടുക്കാൻ എത്തിയത് ആയിരങ്ങൾ. ഉദയനാപുരത്തപ്പൻ അന്നദാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 80 പറ അരിയുടെ വിഭവ സമൃദ്ധമായ അന്നദാനമാണ് ഒരുക്കിയത്. കഴിഞ്ഞ 20 വർഷമായി കാർത്തിക നാളിൽ അന്നദാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസാദമൂട്ട് നടത്തി വരുന്നു. ഉപദേശക സമിതിയുടെ നേതൃത്വത്തിൽ കൊടിയേറ്റ് നാൾ മുതൽ ആറാട്ട് വരെ ക്ഷേത്രത്തിൽ പ്രഭാത ഭക്ഷണം, അന്നദാനം, അത്താഴക്കഞ്ഞി എന്നിവയുമുണ്ട്.വൈക്കത്തെ പ്രാതൽ ഒരുക്കുന്നവരാണ് ഉദയനാപുരത്തും പ്രാതൽ തയാറാക്കുന്നത്.

∙ മൺചിരാതിൽ ദീപ പ്രഭ ചൊരിഞ്ഞ് നാടും നഗരവും. കാർത്തിക നാളിൽ വിവിധ ക്ഷേത്രങ്ങൾ കൂടാതെ ഭവനങ്ങൾ, വ്യാപാര സ്ഥാപനം, പാതയോരങ്ങൾ എന്നിവിടങ്ങളിൽ വിശേഷാൽ ദീപാലങ്കാരം നടത്തി. മൺചിരാതിൽ ദീപനാളം ഉയർന്ന കാഴ്ച നയനാനന്ദകരമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com