ഏറ്റുമാനൂർ∙ വെളിച്ചമില്ല, സുരക്ഷാ മുൻകരുതലുകളില്ല, ഗതാഗത ക്രമീകരണമില്ല, പട്ടിത്താനം മണർകാട് ബൈപാസ് റോഡിലൂടെയുള്ള കാൽനട യാത്ര പോലും പേടി സ്വപ്നമായി. പട്ടിത്താനം കവല, തവളക്കുഴി, വടക്കേനട, കിഴക്കേ നട, പാറേകണ്ടം, ചെറുവാണ്ടൂർ ജംക്‌ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ വഴി വിളക്കുകൾ ഇല്ലാത്തതു മൂലം അപകടങ്ങൾ പതിവായി. പട്ടിത്താനം മുതൽ പാറേകണ്ടം വരെയുള്ള ബൈപാസ് റോഡിന്റെ അവസാന റീച്ച് കഴിഞ്ഞ മാസമാണ് തുറന്നു കൊടുത്തത്. ഗതാഗത ക്രമീകരണങ്ങൾ ഒരുക്കാതെ റോഡ് തുറന്നു കൊടുത്തത് നാട്ടുകാരിൽ വലിയ പ്രതിഷേധത്തിനു കാരണമായി.
ഒരു മാസത്തെ നാറ്റ് പാക്ക് സംഘത്തിന്റെ നിരീക്ഷണത്തിനും പഠനത്തിനും ശേഷം ഗതാഗത സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചത്. എന്നാൽ നാറ്റ് പാക്ക് സംഘം റിപ്പോർട്ടും സമർപ്പിച്ചിട്ടും സുരക്ഷാ ക്രമീകരണങ്ങൾ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.ഭരണാനുമതി ലഭിക്കാനുള്ള താമസമാണ് തടസ്സങ്ങൾക്കു കാരണമെന്നാണു വിവരം. കഴിഞ്ഞ മാസത്തിനിടയിൽ ചെറുതും വലുതുമായ പത്ത് അപകടങ്ങൾ ബൈപാസ് റോഡിൽ ഉണ്ടായി.
പലരും രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. വഴി വിളക്കില്ലാത്തതാണ് പ്രധാന പ്രശ്നം. വിളക്കുകൾ സ്ഥാപിക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്നു നഗരസഭ അറിയിച്ചതിനെ തുടർന്നു ഇതിനുള്ള തുക എംപി ഫണ്ടിൽ നിന്നും അനുവദിക്കുമെന്നു തോമസ് ചാഴികാടൻ എംപി അറിയിച്ചിരുന്നു. ബൈപാസ് റോഡിൽ രാപകലില്ലാതെ വാഹനങ്ങൾ പായുകയാണെന്നും, വഴിവിളക്കുകൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ ഇനിയും വൈകിയാൽ കൂടുതൽ അപകടങ്ങൾക്കു കാരണമാകുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.
തിരക്കേറിയ 2 ജംക്‌ഷനുകൾ
പട്ടിത്താനം കവല, പാറേകണ്ടം എന്നിവയാണ് മണർകാട് ബൈപാസിന്റെ ഭാഗമായുള്ള പട്ടിത്താനം – ഏറ്റുമാനൂർ റോഡിലെ തിരക്കുള്ള 2 ജംക്‌ഷനുകൾ. ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയും ബൈപാസ് റോഡും സംഗമിക്കുന്ന പ്രധാന ജംക്‌ഷനാണ് പാറേകണ്ടം. എറണാകുളം, കുറവിലങ്ങാട്, ഏറ്റുമാനൂർ, ബൈപാസ് റോഡ് എന്നിവ സംഗമിക്കുന്ന സ്ഥലമാണ് പട്ടിത്താനം കവല. സുരക്ഷാ ജീവനക്കാർ, സിഗ്നൽ സംവിധാനം, മുന്നറിയിപ്പു ബോർഡുകൾ തുടങ്ങിയവയെല്ലാം 24 മണിക്കൂറും പ്രവർത്തിക്കേണ്ട സ്ഥലം. എന്നാൽ അപകടങ്ങൾ പതിവായിട്ടും ബന്ധപ്പെട്ടവർക്കു കുലുക്കമില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അപകട കെണിയൊരുക്കി ചെറുവാണ്ടൂർ
പൂവത്തുംമൂട് മുതൽ പാറേകണ്ടം വരെയുള്ള ബൈപാസ് റോഡിൽ ഏറ്റവും തിരക്കും അപകട സാധ്യതയുമുള്ള ഭാഗമാണ് ചെറുവാണ്ടൂർ വികെബി ജംക്‌ഷൻ. റോഡ് തുറന്നു കൊടുത്തിട്ടു വർഷങ്ങൾ പിന്നിട്ടിട്ടും ഈ ജംക്‌ഷനിൽ ഗതാഗത സുരക്ഷാ സംവിധാനങ്ങൾ ഇല്ല. വെളിച്ചം ഇല്ലാത്തതിനാൽ രാത്രി കാലങ്ങളിൽ കാൽനട യാത്ര പോലും പ്രയാസം. യാത്രക്കാർ റോഡ് കുറുകെ കടക്കുന്നത് തിരിച്ചറിയാൻ പോലും കഴിയാത്ത ഇരുട്ടിലാണ് പ്രദേശം. സുരക്ഷാ മാർഗങ്ങളുടെ അഭാവം മൂലം ഒട്ടേറെ അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്.
ഈ ജംക്‌ഷനിൽ മൂന്നു പേർ വാഹനാപകടത്തിൽ മരിച്ചു. നിരവധി പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് പലതവണ നഗരസഭയെ സമീപിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നു ചെറുവാണ്ടൂർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു
മാലിന്യം തള്ളൽ വ്യാപകം
ബൈപാസ് റോഡിൽ വഴി വിളക്കുകൾ ഇല്ലാത്തതിനാൽ ശുചിമുറി മാലിന്യം ഉൾപ്പെടെയുള്ളവ രാത്രി കാലങ്ങളിൽ ഇവിടെ തള്ളുകയാണ്. റോഡിനു ഇരുവശവുമുള്ള ജലസ്രോതസ്സിലേക്കാണു മാലിന്യം തള്ളുന്നത്. പ്രഭാത സവാരിക്കാർക്കു മൂക്കു പൊത്താതെ നടക്കാൻ കഴിയാത്ത സ്ഥിതി. കിണറുകളിലേക്കും തോടുകളിലേക്കും ശുചിമുറി മാലിന്യങ്ങൾ ഒഴുകിയെത്തുന്നതിനാൽ നാട്ടുകാരും ദുരിതത്തിലാണ്. രാത്രികാല പൊലീസ് പരിശോധന ശക്തമാക്കണമെന്നും വഴി വിളക്കുകൾ അടിയന്തരമായി സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
സിഗ്നൽ, സോളർ ലൈറ്റുകൾസ്ഥാപിക്കാൻ 16.37 ലക്ഷം
മണർകാട്- പട്ടിത്താനം ബൈപാസിലെ പാറക്കണ്ടം ജംക്‌ഷനിൽ ട്രാഫിക് സിഗ്‌നൽ സ്ഥാപിക്കുന്നതിനും ഏറ്റുമാനൂർ തവളക്കുഴി ജംക്‌ഷനിൽ സോളർ മുന്നറിയിപ്പ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനും 16.37 ലക്ഷം രൂപ റോഡ് സുരക്ഷാ ഫണ്ടിൽ നിന്ന് അനുവദിച്ചതായി മന്ത്രി വി.എൻ. വാസവൻ പത്രക്കുറിപ്പിൽ അറിയിച്ചു.