ADVERTISEMENT

മണിമല ∙ തമിഴ്നാട്ടിൽ റോഡരികിൽ നിർത്തിയിട്ട ലോറി മോഷ്ടിച്ചു കടന്നയാൾ ചാമംപതാലിൽ പിടിയിൽ. കണ്ണൂർ കൂത്തുപറമ്പ് പൂക്കോട് ചെറുകാത്തുമേൽ വീട്ടിൽ ഷീജിത്താ (44) ണ് അറസ്റ്റിലായത്. ലോറിയിലെ ഡീസൽ തീർന്നു പോയതാണു പിടിയിലാകാൻ കാരണം. ഇന്നലെ രാവിലെ 10 മണിയോടെ കൊടുങ്ങൂർ – മണിമല റോഡിൽ ചാമംപതാൽ പെട്രോൾ പമ്പിനു മുൻപിലാണു സംഭവം.

പെട്രോൾ പമ്പിനു സമീപത്തെ കുടുംബശ്രീ വനിത ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ശേഷം പുറത്തെത്തിയ ഷീജിത്ത് ലോറി സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ഇയാൾ പ്ലാസ്റ്റിക് കുപ്പിയുമായി പമ്പിലെത്തി 2 ലീറ്റർ ഇന്ധനം വാങ്ങി ലോറിയിൽ ഒഴിച്ചു. എന്നിട്ടും ലോറി സ്റ്റാർട്ടായില്ല. ഇതിനിടെ ലോറിയിൽ ഘടിപ്പിച്ച വാട്ടർ ടാങ്ക് 200 രൂപയ്ക്കു വിൽക്കാനും ശ്രമം നടത്തി. ഇതോടെ സംശയം തോന്നിയ നാട്ടുകാർ വർക്‌ഷോപ് ജീവനക്കാരൻ ഉടൻ വരുമെന്ന് അറിയിച്ച് ഷീജിത്തുമായി സംസാരിച്ചു കടന്നു കളയാതെ തടഞ്ഞു നിർത്തി. ഇതിനിടെ മണിമല പൊലീസിൽ വിവരമറിയിച്ചു.

പൊലീസ് വാഹനത്തിന്റെ റജിസ്റ്റർ നമ്പർ പ്രകാരം ഉടമയെ കണ്ടെത്തി പുനലൂർ സ്വദേശി ജോസ് തോമസുമായി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണു ലോറി മോഷ്ടിച്ചതാണെന്നു അറിഞ്ഞത്. ഇതോടെ ഷീജിത്തും ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി ജില്ലയിലെ ഇരണിയൽ റെയിൽവേ സ്റ്റേഷൻ സമീപത്തു നിന്നാണു ലോറി മോഷ്ടിച്ചത്. ലോറി ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയ സമയത്താണു ലോറിയുമായി കടന്നത്. റെയിൽവേ സ്റ്റേഷൻ നിർമാണത്തിനുള്ള സാമഗ്രികളുമായി എത്തിയതായിരുന്നു ലോറിയെന്നു പൊലീസ് പറഞ്ഞു.

മണിമല എസ്എച്ച്ഒ ബി.ഷാജി മോൻ, എസ്ഐ ജെ.വിജയകുമാർ, എസ്ഐ എം.ജെ.സുനിൽകുമാർ എഎസ്ഐ ടോമി സേവ്യർ, സിപിഒ പ്രശാന്ത് ശിവാനന്ദ്, ഹോംഗാർഡ് അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com