ADVERTISEMENT

പാമ്പാടി ∙ വിശുദ്ധ വേദപുസ്തകമാണ് പങ്ങട സേക്രഡ് ഹാർട് പള്ളി വികാരി ഫാ.ബെന്നി കുഴിയടിയിലിനു കൂട്ട്. പ്രാർഥനാപൂ‍ർണമായ പ്രഭാതങ്ങൾക്കുശേഷം അദ്ദേഹം നിയമപുസ്തകം കൈയിലെടുക്കും. ഒപ്പം വെള്ളക്കുപ്പായം കറുത്ത വക്കീൽ കുപ്പായത്തിനു വഴിമാറും. വികാരിയായും കോട്ടയം ബാറിലെ അഭിഭാഷകനായും മുന്നേറുകയാണ് ഫാ.ബെന്നി കുഴിയടിയിൽ എന്ന അഡ്വ.ബെന്നി മാത്യു. ചങ്ങനാശേരി നാലുകോടി കുഴിയടിയിൽ കുടുംബാംഗമായ അദ്ദേഹം 2004 ലാണ് വൈദികനായത്. 

കോട്ടയം ലൂർദ് പള്ളിയിലായിരുന്നു ആദ്യ സേവനം. ചങ്ങനാശേരി അതിരൂപതയിൽ കേരള ലേബർ മൂവ്മെന്റിന്റെ ഡയറക്ടറായി. ഇതിനിടെ അസംഘടിത കർഷകത്തൊഴിലാളികളെ ഒരുമിപ്പിക്കാൻ ശ്രമം തുടങ്ങി. കർഷകത്തൊഴിലാളി ട്രേഡ് യൂണിയന്റെ സ്ഥാപക പ്രസിഡന്റായി.300 സ്വാശ്രയ സംഘങ്ങളിലായി ആയിരക്കണക്കിനു തൊഴിലാളികളെ സംഘടിപ്പിച്ചു.  ദലിത് ക്രൈസ്തവരുടെ  ഉന്നമനത്തിനായും ഇടപെട്ടു.  

2016ലാണ്  സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ അഭിഭാഷക പഠനത്തിനു ചേർന്നത്. 2020 ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. ഗവ.പ്ലീഡർ സണ്ണി ജോർജ് ചാത്തുകുളത്തിന്റെ കീഴിൽ കോട്ടയം ബാറിൽ അഭിഭാഷകനായി.പഠനം പൂർത്തിയാക്കിയ ശേഷം ഐക്കരച്ചിറ സെന്റ് ജോർജ് പള്ളിയിൽ വീണ്ടും വികാരിയായി.

കഴിഞ്ഞ വർഷം പങ്ങട എസ്എച്ച് പള്ളി വികാരിയായി.രാവിലെ കുർബാന അർപ്പിച്ച് പള്ളിമേടയിൽ മടങ്ങിയെത്തും. വൈദിക കുപ്പായം മാറ്റിയാൽ ഉടൻ വക്കീൽ വേഷത്തിൽ നേരെ കോട്ടയം കോടതിയിലേക്കാണ് യാത്ര.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com