ADVERTISEMENT

കോട്ടയം ∙ തമ്മിൽ കാണുന്ന കോട്ടയത്തുകാർക്ക് ഒറ്റ ചോദ്യമേയുള്ളൂ..‘എന്നാ തണുപ്പാല്ലേ..’ ഇന്നലെ കോട്ടയം നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസ്. തണുപ്പു മാത്രമല്ല, പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇതോടൊപ്പം വരുന്നു. കുട്ടികളുടെയും പ്രായം ചെന്നവരുടെയും രോഗ പ്രതിരോധ ശേഷി പെട്ടെന്നു നഷ്ടപ്പെടും എന്നതിനാൽ ഇക്കാലത്തു കൂടുതലായി ശ്രദ്ധ വേണം.

വിറപ്പിക്കും പനി

തണുപ്പ് വർധിച്ച കഴിഞ്ഞ മാസം മാത്രം 18,211 ആളുകളാണു പനി ബാധിച്ചു ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സക്കെത്തിയത്.സാധാരണ പനിയാണെന്നു കരുതി സ്വയം ചികിത്സിക്കുന്ന രീതി ഒഴിവാക്കണമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. കോവിഡ് പരിശോധനയിൽ ‘പെടുമോ’ എന്ന പേടി മാറ്റിവച്ചു പരിശോധനകൾക്കു വിധേയമാവണം. അസുഖ ബാധിതരായ കുട്ടികളെ സ്കൂളിൽ വിടാതിരിക്കുന്നതാണ് അഭികാമ്യമെന്നും ഡോക്ടർമാർ പറയുന്നു.

ശ്വാസകോശം സ്പോഞ്ചാണ്

ആസ്മ, ചുമ, തുമ്മൽ, ബ്രോങ്കൈറ്റിസ്, മറ്റു ശ്വസന വൈകല്യങ്ങൾ തുടങ്ങിയവ കൂടുതലായി കാണുന്ന സമയമാണിത്. മികച്ച പ്രതിരോധശേഷി ഇല്ലെങ്കിൽ ന്യുമോണിയ പോലുള്ളവയായി ഇതു മാറാം. ആസ്മ രോഗികളിൽ ശ്വാസനാളം ചെറുതാകുന്ന അവസ്ഥ ഉണ്ടാകുന്നതാണ് ശ്വാസംമുട്ടലിലേക്കു നയിക്കുന്നത്.മരുന്നുകൾ വഴി ഇതു പരിഹരിക്കാം. തണുപ്പു മാത്രമല്ല വായുവിലെ മാറ്റങ്ങളും ഈ രോഗികളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാം.

കാണാത്ത ശത്രുക്കൾ നിസ്സാരരല്ല

തൊണ്ട വേദന, ടോൺസിലൈറ്റിസ്, ജലദോഷം, എന്നിങ്ങനെയുള്ള രോഗങ്ങൾക്കു പിന്നിൽ പ്രധാനമായും വൈറസും ബാക്ടീരിയയുമാണ്. പെട്ടെന്നു വന്നു ദിവസങ്ങൾക്കുള്ളിൽ പോകുന്നവയാണ് ഈ രോഗങ്ങൾ. എന്നാൽ അസുഖം നീണ്ടു നിൽക്കുകയാണെങ്കിൽ ഡോക്ടറെ കാണണം. മരുന്നുകളിലൂടെ രോഗത്തെ നിയന്ത്രിക്കാനാകും. പനിയും വൈറസ് ആക്രമണങ്ങളുടെ ഭാഗമായി ഉണ്ടാകാറുണ്ട്.

ചർമ രോഗങ്ങൾ

തണുപ്പുമായി നേരിട്ട് ഏറ്റുമുട്ടേണ്ടി വരുന്നതിനാൽ ചർമത്തിലും രോഗങ്ങൾക്കു സാധ്യതയുണ്ട്. തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ഉപയോഗിക്കുക. പാദങ്ങളുടെ സംരംക്ഷണത്തിലും ശ്രദ്ധ നൽകണം. ചെറു ചൂടു വെള്ളത്തിൽ ശരീരം കഴുകുകയും ക്രീമുകൾ പുരട്ടി ചർമത്തിലെ ഈർപ്പം നിലനിർത്തുകയും വേണം. കുളിക്കാൻ എണ്ണമയമുള്ള സോപ്പുകൾ ഉപയോഗിക്കുന്നതും നല്ലതാണെന്നു വിദഗ്ധർ പറയുന്നു.

വിശപ്പ് കൂടും

ശരീരത്തിൽ നിന്നും ജലം അന്തരീക്ഷത്തിലേക്കു വലിച്ചെടുക്കപ്പെടുന്നതിനാൽ വെള്ളം നന്നായി കുടിക്കണം. എന്നാൽ ഫ്രിജിൽ സൂക്ഷിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണു നല്ലത്. വിശപ്പ് കൂടുന്നതിനാൽ ദഹന പ്രക്രിയ എളുപ്പമാക്കുന്ന സൂപ്പ്, രസം, കാച്ചിയ മോര്, പഴങ്ങൾ, പച്ചക്കറികൾ, ഇലകൾ എന്നിവയും ഭക്ഷണത്തിന്റെ ഭാഗമാക്കാം.

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ഫാനിന്റെ വേഗം കുറയ്ക്കുക. എസി പരമാവധി ഒഴിവാക്കുക. രാത്രി തണുപ്പ് വർധിക്കുന്നതിനാൽ ജനാലകൾ തുറന്നിട്ടു ഉറങ്ങാതിരിക്കുക.

എല്ലാ ആവശ്യങ്ങൾക്കും ചൂടുവെള്ളം ഉപയോഗിക്കുക.

ശരിയായ ഉറക്കം ഉറപ്പുവരുത്തുക

അതിരാവിലെയും രാത്രിയും യാത്ര ചെയ്യുന്നവർ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ധരിക്കുക. ഉച്ച വെയിലേൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.

 ദാഹം കുറവായതിനാൽ വെള്ളം കുടിക്കുന്നതു കുറയാനിടയുണ്ട്. ഇതു മൂത്രാശയ പ്രശ്നങ്ങളിലേക്കു നയിക്കാം. കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുക.

മഞ്ഞുകാലം കണ്ണിനും ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. കണ്ണു ചൊറിച്ചിൽ, തരുതരുപ്പ്, ചുവപ്പ്, വെള്ളം ഒഴുകുക എന്നിവ സാധാരണം. കണ്ണു തിരുമ്മാതിരിക്കുക. ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം തുള്ളിമരുന്നുകൾ ഉപയോഗിക്കുക.

കുളിക്കുമ്പോൾ നന്നായി പതയുന്ന സോപ്പുകൾ ഒഴിവാക്കാൻ ശ്രമിക്കുക. സോപ്പുകൾ പതയുന്നതിൽ ശരീരത്തിലെ എണ്ണമയം ഉപയോഗിക്കപ്പെടുന്നു. കുളിക്കു ശേഷം ശുദ്ധമായ വെളിച്ചെണ്ണ ദേഹത്തു പുരട്ടുന്നതും നല്ലതാണ്.

ഡോ. സോജൻ കെ.സ്കറിയ (സീനിയർ കൺസൽറ്റന്റ് ഫിസിഷ്യൻ, കാരിത്താസ് ആശുപത്രി) 

തണുപ്പുകാലം മാനസിക അസ്വസ്ഥതകളും സൃഷ്ടിച്ചേക്കാം. സീസണൽ ഡിപ്രഷൻ എന്നു പറയാനാകുന്ന ഈ മാറ്റങ്ങൾ ഇപ്പോൾ എല്ലാ പ്രായക്കാരിലും കണ്ടുവരുന്നു. വ്യായാമം ചെയ്യുക, പ്രകാശമുള്ള ഇടങ്ങളിൽ ഇരിക്കുക, ജീവിതശൈലി ക്രമീകരിക്കുക, നന്നായി ഉറങ്ങുക എന്നിവ വഴി നമുക്ക് പുറത്തു കടക്കാനാകും.

ഡോ. അജി വിൽബർ (റിട്ട. ഡിഎംഒ (ഹോമിയോ), കോട്ടയം)

നല്ല തണുപ്പാണല്ലോ, കുളിക്കേണ്ട എന്നു കരുതിയാൽ തെറ്റി. കുളിച്ചില്ലെങ്കിൽ അലർജി സംബന്ധിയായ രോഗങ്ങൾ പിടിപെടും. അതു സുഖമാകാൻ സമയവുമെടുക്കും.

പനിച്ച് ജില്ല

(ദിവസം – പനി ബാധിതരുടെ എണ്ണം)

2022 ഡിസംബർ 30 677

ഡിസംബർ 31 545

2023 ജനുവരി 1 115

ജനുവരി  2 683

ജനുവരി 3 692

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com