സ്നേഹിച്ച പെൺകുട്ടിയെ റജിസ്റ്റർ വിവാഹം ചെയ്ത് ഓടിവന്നതു പൊലീസ് സ്റ്റേഷനിലേക്ക്; ഇന്നലെ എട്ടാം വിവാഹ വാർഷികം ആഘോഷിച്ചതും ഇതേ സ്റ്റേഷനിൽ

polioce-station-kottayam
അഭിലാഷ് മുരളീധരനും മായ മോളും വാകത്താനം പൊലീസ് സ്റ്റേഷനിൽ വിവാഹ വാ‍ർഷികം ആഘോഷിക്കുന്നു.
SHARE

കോട്ടയം ∙ എട്ടു വർഷം മുൻപാണു സംഭവം; സ്നേഹിച്ച പെൺകുട്ടിയെ റജിസ്റ്റർ വിവാഹം ചെയ്ത അഭിലാഷ് മുരളീധരനെന്ന ചെറുപ്പക്കാരൻ ഓടിവന്നതു വാകത്താനം പൊലീസ് സ്റ്റേഷനിലേക്കാണ്. വീട്ടുകാരെ അനുനയിപ്പിക്കാൻ പൊലീസ് ഇടപെടണമെന്നായിരുന്നു ആവശ്യം. അന്നത്തെ സിഐയും ഇപ്പോൾ ഡിവൈഎസ്‌പിയുമായ അനീഷ് വി.കോരയും സഹപ്രവർത്തകരും അന്നു വരനും വധുവിനും നൽകിയ ഉപദേശം ഇതായിരുന്നു: ‘നന്നായി ജീവിച്ചു കാണിച്ചോണം.

’അഭിലാഷ് ഇപ്പോൾ അതേ സ്റ്റേഷനിൽ പൊലീസ് ഡ്രൈവർ. ഭാര്യ മായ മോൾ വെള്ളൂത്തുരുത്തി ഗവ.എൽപി സ്കൂളിൽ അധ്യാപികയും. ഇന്നലെ എട്ടാം വിവാഹ വാർഷികം ഇരുവരും ആഘോഷിച്ചതു വാകത്താനം പൊലീസ് സ്റ്റേഷനിൽ പ്രണയകാലത്ത് അഭിലാഷ് ബസ് ഡ്രൈവറായിരുന്നു. മായ കോളജ് വിദ്യാർഥിനിയും. നവവരന്റെയും വധുവിന്റെയും വീട്ടുകാരെ അന്നു സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി സംസാരിച്ചാണു പൊലീസ് പ്രണയസാഫല്യത്തിനു പിന്തുണ പ്രഖ്യാപിച്ചത്.

പിഎസ്‌സി പരീക്ഷ എഴുതി പൊലീസ് ഡ്രൈവറായ അഭിലാഷിനു കുട്ടിക്കാനം പൊലീസ് ക്യാംപിലാണ് ആദ്യ നിയമനം ലഭിച്ചത്. 9 മാസം മു‍ൻപു വാകത്താനത്തേക്കു സ്ഥലംമാറ്റം കിട്ടി. വിവാഹ ശേഷം പഠനം തുടർന്ന മായ അധ്യാപികയുമായി. അദ്വൈതും ആദിദേവുമാണ് മക്കൾ.അന്നു വാകത്താനം സ്റ്റേഷനിൽ എസ്ഐ ആയിരുന്ന നാരായണൻകുട്ടിയും പൊലീസ് ഉദ്യോഗസ്ഥരായ കൃഷ്ണൻകുട്ടിയും സുനിലുമാണ് വധൂവരന്മാർക്കു പിന്തുണ നൽകിയത്. നാരായണൻകുട്ടിയും കൃഷ്ണൻകുട്ടിയും വിരമിച്ചു. സുനിലാകട്ടെ ഗ്രേഡ് എസ്ഐ ആയി വിവാഹ വാർഷിക ആ‌‌ഘോഷത്തിലും പങ്കാളിയായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS