ADVERTISEMENT

പാലാ ∙  ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയാണു കേരള കോൺഗ്രസ് (എം) നേതൃത്വം സാധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം മന്ത്രി വി.എൻ.വാസവൻ ഇക്കാര്യം സിപിഎം ജില്ലാ നേതൃത്വത്തെയും ബിനുവിനെയും അറിയിച്ചു.  സിപിഎം അംഗവും പാലാ നഗരസഭയിലെ പാർലമെന്ററി പാർട്ടി ലീഡറുമായ ബിനുവിനെ ഒഴിവാക്കാൻ എന്തു ന്യായം പറയും എന്നതിലായിരുന്നു ആശയക്കുഴപ്പം. 

നഗരസഭാധ്യക്ഷ സ്ഥാനത്തേക്കു സിപിഎമ്മിനു ലഭിക്കേണ്ട ടേം അവസാന വർഷമാക്കിയേക്കുമെന്നാണു ബിനുവിനോടു പറഞ്ഞത്.  ഇതോടെ തന്റെ പേരു വെട്ടി എന്നു മനസ്സിലാക്കിയ ബിനു അതു വേണ്ടെന്നു പാർട്ടിയോട് അഭ്യർഥിച്ചു. ഒഴിവാക്കപ്പെടും എന്നറിഞ്ഞതോടെയാണ് ബിനു ഇന്നലെ ധരിക്കാൻ കറുത്ത ഷർട്ട് വാങ്ങുകയും ജോസ് കെ. മാണിക്കുള്ള തുറന്ന കത്ത് തയാറാക്കുകയും ചെയ്തത്. 

ഉള്ളിൽക്കിടന്നു തികട്ടുന്ന കാര്യങ്ങൾ വോട്ടെടുപ്പു ദിവസമായ ഇന്നലെ പരസ്യമായി പറയുമെന്നും അതു സ്വാഭാവിക പ്രതികരണമായി കാണണമെന്നും ബിനു പാർട്ടിയോടും അഭ്യർഥിച്ചിരുന്നു. അതേസമയം, ഈ പ്രതികരണം അതിരു കടക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഏരിയ സെക്രട്ടറി ലാലിച്ചൻ ജോർജിനോട് പാർട്ടി നിർദേശിക്കുകയും ചെയ്തു. ബിനു മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ നിർദേശങ്ങളുമായി ലാലിച്ചൻ ഒപ്പമുണ്ടായിരുന്നു. 

ഇപ്പോഴത്തെ വൈസ് ചെയർമാൻ സിജി പ്രസാദിനെ അധ്യക്ഷ സ്ഥാനത്തേക്കു കൊണ്ടുവരാനായിരുന്നു സിപിഎം ആദ്യം ആലോചിച്ചത്. കേരള കോൺഗ്രസ് എമ്മിനു കൂടി താൽപര്യമുള്ള ആളാണു സിജി. ഇക്കാര്യത്തിൽ ബിനു എതിർപ്പ് പറഞ്ഞതോടെ ബിനുവിനു കൂടി സമ്മതമുള്ള സ്ഥാനാർഥിയെ പരിഗണിക്കാനായി സിപിഎം  തീരുമാനിക്കുകയായിരുന്നു.

യഥാർഥ ചെയർമാൻ ബിനു തന്നെയെന്ന് ജോസിൻ

പാലാ ∙ ബിനു പുളിക്കക്കണ്ടമാണു ചെയർമാൻ ആകേണ്ടിയിരുന്നതെന്നും അതായിരുന്നു സിപിഎം കൗൺസിലർമാർ പ്രതീക്ഷിച്ചിരുന്നതെന്നും നഗരസഭാധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ജോസിൻ ബിനോയിയുടെ പ്രതികരണം. ഔദ്യോഗികമായി എന്നെയാണ് അധ്യക്ഷയായി തിരഞ്ഞെടുത്തതെങ്കിലും ബിനു പുളിക്കക്കണ്ടമായിരിക്കും എന്റെ ചെയർമാനെന്നും ജോസിൻ ബിനോയ് പറഞ്ഞു. ‌

മുണ്ടുപാലം രണ്ടാം വാർഡിൽ നിന്ന് 157 വോട്ടുകൾക്കാണു സിപിഎം സ്വതന്ത്രയായി ജോസിൻ ബിനോയ് വിജയിച്ചത്. കഴിഞ്ഞ തവണ ഇതേ വാർഡിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും 24 വോട്ടുകൾക്കു പരാജയപ്പെട്ടിരുന്നു. പാലാ ടൗണിൽ സ്റ്റിച്ചിങ് യൂണിറ്റ് നടത്തുകയാണു ജോസിൻ. ഭർത്താവ് കരൂർ നെടുമുടി ബാബു ജൂബിലി ഗ്യാസ് ഏജൻസി പാർട്നറാണ്. മക്കൾ: ഐവിൻ‍ (യുകെ), ഐറിൻ (ബിസിഎ വിദ്യാർഥി, മാർ അഗസ്തിനോസ് കോളജ്, രാമപുരം). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com