കോട്ടയം ∙ യാത്രക്കാർക്ക് ഒരു സന്തോഷ വാർത്ത, ജില്ലയിൽ പോക്കറ്റടി പേടിക്കണ്ട. സാങ്കേതിക വിദ്യ പോക്കറ്റ് കീറിയതോടെ കീശ കാലിയായതിന്റെ സങ്കടത്തിലാണു പോക്കറ്റടിക്കാർ. അടിച്ചുമാറ്റിയ പഴ്സുകളിലൊന്നും നയാപൈസയില്ല. ഉള്ളത് എടിഎം, ക്രെഡിറ്റ് കാർഡുകൾ, ലൈസൻസ്, ആധാർ കാർഡ് എന്നിവയുടെ ലാമിനേറ്റഡ് പകർപ്പ്.
കഷ്ടപ്പെട്ടാൽ അതിന്റെ പ്രയോജനം വേണ്ടേ? പണി മതിയാക്കിയ പോക്കറ്റടിക്കാരിൽ പലരും തിരക്കിനിടെ മാല മോഷണം, ബാഗിൽ നിന്നു പണം അപഹരിക്കൽ തുടങ്ങി മറ്റു ‘ജോലി’കളിലേക്കു തിരിഞ്ഞു. ജില്ലയിൽ ഈ വർഷം ഇതുവരെ ഒറ്റ പോക്കറ്റടി കേസ് പോലും റജിസ്റ്റർ ചെയ്തിട്ടില്ല. കഴിഞ്ഞ രണ്ടു വർഷവും ഇതുതന്നെയാണു സ്ഥിതി.

പഴ്സ് നഷ്ടപ്പെട്ടെന്ന പരാതി എത്തിയിരുന്നെങ്കിലും അതൊന്നും പോക്കറ്റടി സംശയിക്കുന്നതാണെന്നു പരാതിയിൽ പറഞ്ഞിരുന്നില്ല. ഓട്ടോറിക്ഷയിലോ മറ്റു യാത്ര വാഹനങ്ങളിലോ മറന്നുവച്ചെന്ന പരാതികളാണേറെയും. മോഹനപ്രതീക്ഷകളോടെ ‘അടിച്ചെടുത്ത’ പഴ്സുകൾ നിരാശപ്പെടുത്തിയതോടെയാണു പോക്കറ്റടിക്കേസുകൾ ഇല്ലാതാവാൻ തുടങ്ങിയത്.
പഴ്സിൽ പണം കുറയുകയും ഡിജിറ്റൽ കാർഡുകളുടെ എണ്ണം കൂടുകയും ചെയ്തതോടെയാണ് പോക്കറ്റടിക്കാരുടെ ഉത്സാഹം തണുത്തത്. ഗൂഗിൾപേ, ഫോൺപേ സാങ്കേതികവിദ്യകളിലൂടെയുള്ള പണക്കൈമാറ്റവും പോക്കറ്റടിക്കാർക്കു ‘പണികൊടുത്തു.’ബസുകളിലും തിരക്കേറിയ ഉത്സവപ്പറമ്പുകളിലും പൊതുജനങ്ങൾക്കും പൊലീസിനും തലവേദനയായിരുന്ന പോക്കറ്റടിയിൽ നിന്നാണു ജനം രക്ഷപ്പെട്ടത്. പോക്കറ്റടി സൂക്ഷിക്കുക എന്ന ബോർഡ് ഏറെക്കുറേ അപ്രത്യക്ഷമായി.
മണിക്കൂറുകൾ പണിപ്പെട്ടു പോക്കറ്റടിച്ചാൽ കിട്ടുന്നത് എടിഎം കാർഡ്, ഡ്രൈവിങ് ലൈസൻസിന്റെയും ആധാറിന്റെയും ലാമിനേറ്റഡ് കോപ്പി, ഉടമയുടെ ഫോട്ടോ, ഡേറ്റ് കഴിഞ്ഞതും അല്ലാത്തതുമായ ലോട്ടറികൾ, പത്തിന്റെയും ഇരുപതിന്റെയും നോട്ടുകൾ ഇവയൊക്കെയാണെന്നു പതിവു പോക്കറ്റടിക്കാർ പൊലീസിനോടു തന്നെ വെളിപ്പെടുത്തുന്നു.
ഒരു കാലത്ത് കേരളത്തിലെ ഒരു ജില്ലയിൽ പോക്കറ്റടി പഠിപ്പിച്ചു നൽകുന്ന വിദഗ്ധർ പോലുമുണ്ടായിരുന്നെന്നു പൊലീസ് പറയുന്നു. അവരുടെയും ‘ ആപ്പീസ് പൂട്ടി’. ബാഗിൽ നിന്നു പണം, ആഭരണം അപഹരിക്കൽ തുടങ്ങിയവ നടത്തുന്നവരിൽ പിടിയിലായവരിൽ അധികവും തമിഴ്നാട്ടിലെ കടലൂർ, ചിദംബരം എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളാണ്.
ബാഗ് ബ്ലേഡ് കൊണ്ടു കീറുന്നതിലാണ് ഇവരുടെ മികവ്. പിടികൂടി സ്റ്റേഷനിലെത്തിച്ചാൽ ഇടവേളയില്ലാതെ കരച്ചിലും ബഹളവും ശാപവുമായി പൊലീസിന്റെ സ്വൈരം കെടുത്തുന്നതാണ് അവരുടെ ‘ സാങ്കേതികവിദ്യ’. ഒരു കാലത്ത് കോട്ടയം നഗരത്തിൽ പോക്കറ്റടി നടന്നാൽ
കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ തിയറ്റർ റോഡിൽ നിന്നു ചന്തക്കടവിലേക്കു പോകുന്ന ഇടവഴിയിൽ പരിശോധിക്കാൻ പരാതിക്കാരോട് പറയുമായിരുന്നു. പഴ്സിൽ നിന്നു പണം എടുത്ത ശേഷം രേഖകൾ അടങ്ങിയ പഴ്സ് വഴിയരികിലേക്കു മോഷ്ടാക്കൾ വലിച്ചെറിയുമായിരുന്നു. പണം പോയാലും രേഖകളെങ്കിലും കിട്ടട്ടെയെന്നു കരുതിയാണ് ഇവിടെ പരിശോധന നടത്താൻ പൊലീസ് നിർദേശിച്ചിരുന്നത്.
യാത്രക്കാരിയുടെ ബാഗിൽ നിന്നു പണം നഷ്ടപ്പെട്ടു.
കലകടറേറ്റ് നേതാജി റോഡ് പുളിമൂട്ടിൽ ഹൗസിൽ റാണി വർഗീസിന്റെ ബാഗിൽ നിന്ന് 27,000 രൂപയാണു നഷ്ടപ്പെട്ടത്. 500 രൂപയുടെ കെട്ടായി പേപ്പറിൽ പൊതിഞ്ഞു ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കലക്ടറേറ്റിനു സമീപത്തു നിന്നു കെഎസ്ആർടിസി ജംക്‌ഷനിലേക്കുള്ള യാത്രാ മധ്യേയാണു പണം നഷ്ടമായതെന്നു കരുതുന്നു.