ADVERTISEMENT

കറുകച്ചാൽ ∙ ‘ പേടിയാണ് ഇതുവഴി പോകാൻ. ’ വാഴൂർ – ചങ്ങനാശേരി റോഡിൽ 12–ാം മൈൽ വഴി നടന്നു പോകാൻ പോലും കഴിയാത്ത വിധം വേഗത്തിലാണ് വാഹനങ്ങൾ പായുന്നതെന്നു മാന്തുരുത്തി നെടുംകുഴിയിൽ എൻ.എം.തങ്കച്ചൻ പറയുന്നു. അപകടം ഇല്ലാത്ത ദിവസങ്ങൾ ഇല്ലെന്ന് നാട്ടുകാർ പറയുന്നു. 4 മാസത്തിനിടെ ചെറുതും വലുതുമായി 63 അപകടങ്ങളുണ്ടായി. നെത്തല്ലൂർ ഭാഗത്ത് മാത്രം 3 പേർ അപകടത്തിൽ മരിച്ചു. മൈലാടി, 12–ാം മൈൽ, കങ്ങഴ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും ജീവൻ നഷ്ടമായി. മാന്തുരുത്തി, 12–ാം മൈൽ, മൈലാടി, കാഞ്ഞിരപ്പാറ ഭാഗങ്ങളിലാണ് അപകടങ്ങളേറെയും. തുടരുന്ന അപകടങ്ങളും ഉയരുന്ന മരണ നിരക്കും നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു.

10 കിലോമീറ്റർ റോഡിൽ 21 ഇട റോഡുകൾ

കാഞ്ഞിരപ്പാറ മുതൽ കറുകച്ചാൽ വരെയുള്ള 10 കിലോമീറ്റർ ദൂരത്തിൽ ഇടത് വശത്ത് 12 റോഡുകളും വലത് വശത്ത് 9 റോഡുകളും സംഗമിക്കുന്നു. ഒട്ടുമിക്ക അപകടങ്ങളും ഇടറോഡുകളിൽ നിയന്ത്രണമില്ലാതെ കയറി വരുന്ന വാഹനങ്ങളാണ്. ഇട റോഡുകളിലും ലിങ്ക് റോഡുകളിലും ഹംപ് സ്ഥാപിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. അമിത വേഗവും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണമെന്ന് പൊലീസ് പറയുന്നു. നെത്തല്ലൂർ കവലയിലെ അശാസ്ത്രീയ ഗതാഗത സംവിധാനം, അനധികൃത പാർക്കിങ് എന്നിവ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

റംപിൾ സ്ട്രിപ് എണ്ണം കൂട്ടി; ഒപ്പം വേഗവും

അപകടങ്ങൾ പതിവായതോടെ ഡ്രൈവർമാരുടെ ശ്രദ്ധ വഴിതെറ്റാതിരിക്കാനായി റംപിൾ സ്ട്രിപ് എണ്ണം കൂട്ടിയെങ്കിലും വേഗത്തിന് കുറവ് വന്നിട്ടില്ല. അപകടം പതിവായ കോക്കുന്നേൽ പടി ഭാഗത്തെ എസ് വളവിൽ റംപിൾ സ്ട്രിപ് 9 ആയി ഉയർത്തി. ഇവിടങ്ങളിൽ റിഫ്ലക്ടർ സ്റ്റഡ് സ്ഥാപിച്ചു. ഒപ്പം അപകട മുന്നറിയിപ്പ് ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. മാന്തുരുത്തി കുരിശു ജംക്‌ഷനിൽ റംപിൾ സ്ട്രിപ് 7 ആയി ഉയർത്തിയെങ്കിലും വേഗത്തിന് കുറവ് വന്നിട്ടില്ല. അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വരുന്ന വാഹനങ്ങളുമായി നേർക്കുനേർ ഇടിച്ചാണു അപകടങ്ങൾ ഏറെയും ഉണ്ടാകുന്നത്. 6 മാസം മുൻപ് ബൈക്കിടിച്ച് മാന്തുരുത്തി കവലയിലും ഒരാൾ മരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com