അരുവിത്തുറ ∙ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവും സംവഹിച്ച് പനച്ചിപ്പാറയിൽ ആദ്യമായി നടത്തിയ പ്രദക്ഷിണ സംഗമം ഭക്തിസാന്ദ്രമായി. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന, പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന, മണിയംകുന്ന് സേക്രഡ് ഹാർട്ട് എന്നീ പള്ളികളിൽ നിന്നു വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം വഹിച്ചു നടത്തിയ പ്രദക്ഷിണമാണ് പനച്ചിപ്പാറയിൽ സംഗമിച്ചത്.
ദീപാലംകൃതമായ വീഥിയിലൂടെ നടന്ന പ്രദക്ഷിണത്തിൽ 3 പള്ളികളിൽ നിന്നുമുള്ള സ്വർണക്കുരിശുകളും മുത്തുക്കുടകളും വാദ്യമേളങ്ങളും അകമ്പടിയായി. തിരുസ്വരൂപങ്ങളുടെ മുന്നിൽ കൊച്ചുകുട്ടികൾ മാലാഖമാരുടെ വേഷത്തിൽ അണിനിരന്നു. അരുവിത്തുറ പള്ളി വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ, പൂഞ്ഞാർ ഫൊറോന വികാരി ഫാ. മാത്യു കടൂക്കുന്നേൽ, മണിയംകുന്ന് പള്ളി വികാരി ഫാ. ജോർജ് തെരുവിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ആന്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ, ഫാ. സെബാസ്റ്റ്യൻ നടുത്തടം, ഫാ. ലൂക്കോസ് കൊട്ടുകാപള്ളി എന്നിവർ പ്രാർഥനകൾക്കു നേതൃത്വം നൽകി. പാലാ ഗുഡ് ഷെപ്പേഡ് മൈനർ സെമിനാരി പ്രഫസർ ഫാ ഡോ. തോമസ് പാറയ്ക്കൽ വചന സന്ദേശം നൽകി.