കോട്ടയം ∙ അവധിദിവസമായിട്ട് എന്താ പരിപാടി? നാഗമ്പടത്ത് എത്തിയാൽ ലോകത്തെ വ്യത്യസ്ത രുചികൾ ആസ്വദിക്കാം. റൗണ്ട് ടേബിൾ 121ന്റെ നേതൃത്വത്തിലുള്ള ഭക്ഷ്യമേള നാഗമ്പടത്തു തുടരുന്നു. 50 തരം ചിക്കൻ വിഭവങ്ങളാണ് പ്രധാന ആകർഷണം. ബിരിയാണി, ബർഗർ, ബാർബിക്യൂ, ഐസ്ക്രീം, പേസ്ട്രി, ചൈനീസ് വിഭവങ്ങൾ, കടൽ വിഭവങ്ങൾ എന്നിവയ്ക്കൊപ്പം അറബിക് സ്വീറ്റ്സ്, ടർക്കിഷ് ഐസ്ക്രീം, കുനാഫ എന്നിവ കൂടി ചേരുമ്പോൾ ആഘോഷിക്കാൻ വേറെന്തു വേണം!
ബെൻസ്, ബിഎംഡബ്ല്യു തുടങ്ങിയ വാഹനങ്ങളുമായി ഓട്ടോസ്റ്റാളുകളും മേളയിലെ ആകർഷണമാണ്. പുസ്തകങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, വസ്ത്രങ്ങൾ, കളിക്കോപ്പുകൾ തുടങ്ങിയവ ഉൾപ്പെടുന്ന ‘ഫ്ലീ മാർക്കറ്റും’ ഫെസ്റ്റിവലിന്റെ ഭാഗമാണ്. കുട്ടികൾക്കായി പ്രത്യേക കളിസ്ഥലങ്ങളും അമ്യൂസ്മെന്റ് പാർക്കുമുണ്ട്.
നാഗമ്പടം ബസ് സ്റ്റാൻഡിന് എതിർവശത്താണു പ്രധാന പ്രവേശന കവാടം. ഇൻഡോർ സ്റ്റേഡിയത്തിൽ വാഹന പാർക്കിങ്ങിനും സൗകര്യമുണ്ട്. പൊടിശല്യം തീരെയില്ലാത്ത രീതിയിലാണു പ്ലാറ്റ്ഫോമുകൾ. ഭക്ഷണം ഒരുമിച്ചു കഴിക്കാവുന്ന തരത്തിൽ പൊതുഭക്ഷണശാലയുമുണ്ട്. ഫുഡ് ഫെസ്റ്റിൽ നിന്നുള്ള മുഴുവൻ വരുമാനവും ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി റൗണ്ട് ടേബിൾ 121 നടത്തുന്ന 'സ്പർശ്' റൗണ്ട് ടേബിൾ സ്കൂളിന്റെ നടത്തിപ്പിനായാണു വിനിയോഗിക്കുന്നത്.
വൈകിട്ട് 4.30 മുതൽ രാത്രി 10 വരെയാണു പ്രവേശനം. ടിക്കറ്റുകൾ ഓൺലൈൻ ആപ് വഴിയും നാഗമ്പടം മൈതാനത്തു തയാറാക്കിയ കൗണ്ടർ വഴിയും വാങ്ങാവുന്നതാണ്.