ADVERTISEMENT

എരുമേലി ∙ റജിസ്ട്രേഷൻ ഇല്ലാതെയും നിയമം പാലിക്കാതെയും കുഴൽക്കിണറുകൾ കുഴിക്കുന്ന ഏജൻസികൾക്കെതിരെ പിഴ  ഉൾപ്പെടെ നടപടി വരും. 2014ൽ ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയിരുന്നെങ്കിലും അവ്യക്തത കാരണം മരവിപ്പിച്ചിരുന്നു. ആ ഉത്തരവാണ് പരിഷ്കരിച്ചത്. 

അനധികൃതമായി കുഴിച്ചാൽ ഒരു ലക്ഷം രൂപ വരെയും റജിസ്ട്രേഷൻ ഇല്ലാതെ കുഴിച്ചാൽ 25,000 രൂപയുമാണ് പിഴ. പിഴ ചുമത്താനുള്ള അധികാരം ഭൂജല വകുപ്പ് ജില്ലാ എക്സിക്യൂട്ടീവ് എൻജിനീയർക്കാണ്. ഏജൻസികൾ ഒറ്റത്തവണ അടയ്ക്കേണ്ട റജിസ്ട്രേഷൻ ഫീസ് 60,000 രൂപയാണ്.  റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കിട്ടിയാൽ ഭൂഗർഭജല വകുപ്പിന്റെ 'നീരറിവ്' മൊബൈൽ ആപ്പിൽ റജിസ്റ്റർ ചെയ്യണം. 

കുഴിക്കുന്ന ഓരോ കുഴൽക്കിണറിന്റെയും വിവരം ഈ ആപ്പിൽ അപ്‌ലോഡ് ചെയ്യണം. ഏജൻസികൾക്ക് റജിസ്ട്രേഷൻ ഏർപ്പെടുത്തിയത് 2014 ലാണ്. കോടതിയിൽ കേസ് നിലനിന്നതു മൂലം ഇതു നടപ്പാക്കുന്നത് 2017 വരെ നീണ്ടു.പിഴ ഈടാക്കുന്നതു സംബന്ധിച്ചും ആശയക്കുഴപ്പമുണ്ടായി. 

അതോടെ പഴയ ഉത്തരവ് മരവിപ്പിച്ച് പുതിയതിറക്കി. കുഴൽക്കിണർ കുഴിക്കാൻ തദ്ദേശ സ്ഥാപനത്തിന്റെ പെർമിറ്റും ഭൂജല വകുപ്പിന്റെ ക്ലിയറൻസും ആവശ്യമാണ്. 

കുഴൽക്കിണർ സർവേ തുടരുന്നു

സംസ്ഥാനത്തെ കുഴൽക്കിണറുകളുടെ വിവരങ്ങളും ജല ലഭ്യതയും അറിയുന്നതിനുള്ള സർവേ കുടുംബശ്രീയാണ് നടത്തുന്നത്. ആദ്യ ഘട്ടമായി 39 ബ്ലോക്കുകളിലാണ് നീരറിവ് ആപ്പ് വഴി വിവരങ്ങൾ അപ്​ലോഡ് ചെയ്യുന്നത്.

6 കോടി രൂപയാണ് ഇതിനായി ഭൂജല വകുപ്പ് വകയിരുത്തിയത്. ഇതുവരെ 7 ലക്ഷം കിണറുകളുടെ വിവരം ശേഖരിച്ചു. ഒരു കിണറിന്റെ വിവരം ശേഖരിച്ച് സമർപ്പിക്കുന്നതിനു 32.50 രൂപയാണു നൽകുക. കുന്നിൻപ്രദേശമാണെങ്കിൽ 52.50 രൂപ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com