ADVERTISEMENT

കോട്ടയം ∙ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് നഗ്നപാദനായി നടന്നതിന്റെ ആവേശത്തിലാണ് യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ദേശീയ ചെയർമാൻ ചാണ്ടി ഉമ്മൻ. കന്യാകുമാരിയിൽ നിന്ന് രാഹുലിന്റെ സംഘത്തിൽ യാത്ര ചെയ്യാൻ തുടങ്ങിയപ്പോൾ ചാണ്ടി ഉമ്മൻ ഷൂസ് ധരിച്ചാണ് നടന്നത്.

കാലിനു നീരു വന്നതോടെ, അഖിലേന്ത്യാ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗം സച്ചിൻ റാവുവിന്റെ ഉപദേശ പ്രകാരം ഷൂസില്ലാതെ നടക്കാൻ തീരുമാനിക്കുകയായിരുന്നു. ചാത്തന്നൂർ മുതൽ കൊല്ലം വരെ ചെരിപ്പിടാതെ നടന്നു നോക്കിയപ്പോൾ കുഴപ്പമില്ല. പിന്നീട് തൃശൂർ വരെ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് ചെരിപ്പില്ലാതെ നടന്നു. തൃശൂർ കഴിഞ്ഞ് പൂർണമായും ഷൂസ് ഉപേക്ഷിച്ചു. 136 ദിവസം, 3570 കിലോമീറ്റർ യാത്രയുടെ ഭാഗമായി.

Also read: ഒറിജിനലിനെ വെല്ലുന്ന ക‍ുട്ടിപ്പതിപ്പ‍ുകൾ; ഫോം ഷീറ്റ് ഉപയോഗിച്ച് വാഹനങ്ങൾ നിർമിച്ച് തോമസ് മാത്യു

കാലിനു സ്വാതന്ത്ര്യം കൊടുത്തപ്പോൾ ചില പാഠങ്ങൾ പഠിക്കാനായതായി  ചാണ്ടി ഉമ്മൻ പറഞ്ഞു: നമ്മുടെ രാജ്യത്ത്  ചെരിപ്പില്ലാതെ നടക്കുന്ന ലക്ഷക്കണക്കിന് പാവങ്ങളുടെ കാര്യം ഓർമ വന്നു. അവരോടുള്ള ഐക്യദാർഢ്യമായി മുഴുവൻ സമയവും ചെരിപ്പു വേണ്ടെന്നു തീരുമാനിച്ചു. നടപ്പ് കണ്ടപ്പോൾ പലരും സഹാനുഭൂതിയോടെ അടുത്തു വന്ന് കാര്യം തിരക്കി.

വാഹനത്തിൽ കൊണ്ടുവിടാമെന്ന് ചിലർ വാഗ്ദാനം ചെയ്തു. യാത്രയുടെ ഭാഗമല്ലാതെ നടക്കുമ്പോൾ ഷൂസ് ധരിക്കുമായിരുന്നു. മലപ്പുറത്ത് ഒരു ഭാഗത്തും മധ്യപ്രദേശിലെ തീരെ തകർന്ന റോഡിൽ രണ്ടിടത്തും മാത്രമാണ് യാത്രയ്ക്കിടെ ഷൂസ് ധരിച്ചതെന്നു ചാണ്ടി ഉമ്മൻ പറഞ്ഞു.

ചെരിപ്പിടാതെ നടന്നിരുന്ന കെ.എ. ചന്ദ്രൻ എംഎൽഎയെ ഒരു കല്യാണവീട്ടിൽ വച്ചു തന്റെ കുട്ടിക്കാലത്തു കണ്ടതു ചാണ്ടി ഉമ്മൻ ഓർമിച്ചു.  അന്നത്തെ ആവേശത്തിൽ നാലു ദിവസം ചെരിപ്പിടാതെ നടന്നിട്ടുണ്ട് ചാണ്ടി ഉമ്മൻ. കോൺഗ്രസ് നേതാവും ചിറ്റൂർ, കൊല്ലങ്കോട് മണ്ഡലങ്ങളിൽ നിന്നുള്ള എംഎൽയുമായിരുന്നു ചന്ദ്രൻ. 

റഷ്യയിൽ പഠിക്കുമ്പോൾ ഒരിക്കൽ പള്ളിയിൽ പ്രാർഥന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഷൂസ് കാണാതെ പോയ അനുഭവമുണ്ട് ചാണ്ടി ഉമ്മന്. അന്ന് മൂന്നു കിലോമീറ്റർ കൊടുംതണുപ്പിൽ നടന്നതിന്റെ ഓർമ  കഴിഞ്ഞദിവസം കശ്മീരിലെ തണുപ്പിൽ നടന്നപ്പോഴും ഉണ്ടായി. ഷൂസ് ഇടുന്നില്ലേയെന്ന് കഴിഞ്ഞദിവസം രാഹുൽ ഗാന്ധി ചോദിച്ചു. യാത്ര കഴിഞ്ഞല്ലോ, ഇനി ഇടുമെന്ന് മറുപടി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com