ADVERTISEMENT

ഭരണങ്ങാനം ∙ എംഎൽഎയും എംപിയും രണ്ടായി ഉദ്ഘാടനം നടത്തി വിവാദമായ പ്രവിത്താനത്തെ അങ്കണവാടിയുടെ പൂട്ട് പൊളിച്ചെന്ന് ആരോപണം.എംപിയുടെ ഉദ്ഘാടനത്തിനു മുന്നോടിയായി ജില്ലാ പഞ്ചായത്ത് അംഗം പൂട്ട് പൊളിച്ചെന്ന് ഭരണങ്ങാനം പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതി പറയുന്നു. 

ഇതിനെതിരെ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും ഭരണസമിതി ചുമതലപ്പെടുത്തി.  പൊതുമുതൽ നശിപ്പിച്ചെന്ന് ഗവർണർ, മുഖ്യമന്ത്രി, തദ്ദേശ മന്ത്രി, പഞ്ചായത്ത് ഡയറക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർക്കു പരാതി നൽകും. 

പ്രവിത്താനം മാർക്കറ്റ് ജംക്‌ഷനിലെ 11-ാം നമ്പർ അങ്കണവാടി കെട്ടിടം മാണി സി.കാപ്പൻ എംഎൽഎയാണ്  ഉദ്ഘാടനം ചെയ്തത്. അടുത്ത ദിവസം തോമസ് ചാഴികാടൻ എംപിയും ഉദ്ഘാടനം ചെയ്തു. 

ജില്ലാ പഞ്ചായത്തിന്റെ 5 ലക്ഷം രൂപയും ദേശീയ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപയും സംസ്ഥാന  സാമൂഹിക ക്ഷേമ വകുപ്പ് അനുവദിച്ച 2 ലക്ഷം രൂപയും ഭരണങ്ങാനം പഞ്ചായത്തിന്റെ 25,000 രൂപയും ഉൾപ്പെടെ 12.25 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്.

പൂട്ടു പൊളിച്ചതായി പാലാ പൊലീസിൽ പരാതി നൽകിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യൻ പറഞ്ഞു. ആരോപണം കള്ളമാണെന്നും ഹാൾ പൂട്ടിയിട്ടിരുന്നതിനാൽ പന്തൽ ഇട്ടാണ് സമ്മേളനം നടത്തിയതെന്നും ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.

തോമസ് ചാഴികാടൻ (എംപി)

എംഎൽഎയെയും പഞ്ചായത്ത് പ്രസിഡന്റിനെയും ഉദ്ഘാടനത്തിൽ നിന്ന് ഒഴിവാക്കിയതായി അറിയില്ല. പഞ്ചായത്ത് പ്രസിഡന്റിന്റെ പേര് മുഖ്യപ്രഭാഷകയായി നോട്ടിസിൽ ഉണ്ടായിരുന്നു. ആദ്യ ഉദ്ഘാടനവും പിന്നീടാണ് അറിഞ്ഞത്. ജില്ലാ പഞ്ചായത്തംഗം പരിപാടിക്കു വിളിച്ചപ്പോൾ പോയി. കെട്ടിടം നിർമിച്ച 12.25 ലക്ഷത്തിൽ 5 ലക്ഷവും ജില്ലാ പഞ്ചായത്തിന്റേതാണ്.

മാണി സി.കാപ്പൻ (എംഎൽഎ)

പഞ്ചായത്തിന്റെ സ്ഥലത്ത് നിർമിച്ച അങ്കണവാടിയുടെ ഉദ്ഘാടനത്തിൽ പഞ്ചായത്ത് പ്രസിഡന്റിനെ അധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിവാക്കിയത് നീതീകരിക്കാനാവില്ല. ഇതിനെ പഞ്ചായത്ത് ഭരണ സമിതിയും യുഡിഎഫും എതിർത്തു. അവർ അങ്കണവാടി ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചപ്പോൾ പോയി.  30 ലക്ഷം രൂപ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച‍ പാറപ്പള്ളിയിലെ റോഡ് ഉദ്ഘാടനത്തിൽ മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും ജില്ല പഞ്ചായത്തംഗം പ്രസംഗകനുമായിരുന്നുവെന്ന കാര്യം മറക്കരുത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com