ADVERTISEMENT

കോട്ടയം∙ ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ പശുക്കളുടെ എണ്ണം ഉയരുന്നു. ജില്ലയിൽ വിവിധ പ്രദേശങ്ങളിലായി 104 പശുക്കൾക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ആർപ്പൂക്കര, കൊഴുവനാൽ, മുളക്കുളം, ഞീഴൂർ, കടുത്തുരുത്തി, മീനടം, കടപ്ലാമറ്റം, അതിരമ്പുഴ, പാമ്പാടി, കറുകച്ചാൽ, വാഴൂർ എന്നിവിടങ്ങളിലായി 23 കർഷകരുടെ 104 പശുക്കൾക്കാണു ഭക്ഷ്യവിഷബാധയേറ്റത്. 

പാമ്പാടി ഈസ്റ്റ് ക്ഷീരസംഘത്തിനു കീഴിൽ 30 പശുക്കൾക്കും ചമ്പക്കര സംഘത്തിനു കീഴിൽ 27 പശുക്കളും അത്യാസന്ന നിലയിലാണ്. സംഭവത്തിൽ ജില്ലയിലെ മൃഗസംരക്ഷണ വകുപ്പോ ക്ഷീര വകുപ്പോ കാര്യമായ നടപടിയൊന്നും എടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഭക്ഷ്യവിഷബാധയ്ക്കു കാരണമായ കാലിത്തീറ്റ കമ്പനി ചികിത്സാ സൗകര്യങ്ങളൊരുക്കുമെന്നും മരുന്നുകൾ നൽകുമെന്നും പറഞ്ഞെങ്കിലും അത്തരത്തിലുള്ള സഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നു കർഷകർ പറഞ്ഞു. പശുക്കളുടെ കരളിനെയാണു രോഗം ബാധിക്കുന്നത്. അതിനാൽ വിലയേറിയ ലിവർ ടോണിക്കുകൾ സ്വന്തമായി വാങ്ങി നൽകുകയാണെന്നും കർഷകർ ആരോപിക്കുന്നു. 

എന്നാൽ അതിതീവ്ര വയറിളക്കം, തീറ്റയെടുക്കാൻ മടുപ്പ്, മന്ദത എന്നിവയിൽ നിന്നു പശുക്കൾ അപകടനില തരണം ചെയ്തെന്നും രോഗലക്ഷണങ്ങൾ കണ്ട പശുക്കൾക്ക് നിർജലീകരണത്തിനുള്ള ചികിത്സ, ആന്റിബയോട്ടിക്, ലിവർ ടോണിക് എന്നിവ നൽകിയിട്ടുണ്ടെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. ഷാജി പണിക്കശേരി പറഞ്ഞു. ആരോപണ വിധേയമായ കാലിത്തീറ്റ, രോഗബാധയുണ്ടായ പശുക്കളുടെ രക്തം, ചാണകം, മൂത്രം എന്നിവ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. 

പരാതി നൽകി; നടപടി എടുത്തില്ല

കാലിത്തീറ്റയിലെ അസംസ്കൃത വസ്തുക്കൾക്കു വില കൂടിയതു മുതൽ കാലിത്തീറ്റയിൽ കൃത്രിമത്വം ഉണ്ടെന്നും ഗുണനിലവാരം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും മന്ത്രി ജെ. ചിഞ്ചുറാണിക്കു പരാതി നൽകിയിരുന്നെന്നു കർഷക കോൺഗ്രസ് ക്ഷീരസെൽ ജില്ലാ ചെയർമാൻ എബി ഐപ്പ് പറഞ്ഞു. 

പേവിഷബാധയുടെ ലക്ഷണങ്ങൾ; പശു ചത്തു

ബ്രഹ്മമംഗലം ∙ ചെമ്പ് പഞ്ചായത്തിൽ പശുക്കൾക്കു പേവിഷബാധയുടെ ലക്ഷണങ്ങൾ. അടിയന്തര നടപടി ആവശ്യപ്പെട്ട് ക്ഷീരകർഷകർ രംഗത്ത്. ഇന്നലെ പുലർച്ചെ ഏനാദി തട്ടാംപറമ്പിൽ മണിയന്റെ പശു പേവിഷബാധയുടെ ലക്ഷണങ്ങളോടെ ചത്തു. വടക്കേമല ബാബുവിന്റെ 3 വയസ്സുള്ള പശുവിന് നിലവിൽ ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ നിരീക്ഷണത്തിലാണ്. ഞായറാഴ്ച പടിഞ്ഞാറേ വള്ളാട്ടുതറ ശശാങ്കന്റെ പശുവിന് പേപ്പട്ടിയുടെ കടിയേറ്റിരുന്നു. തുടർന്ന് കടിച്ച നായയെ ചത്ത നിലയിൽ കണ്ടെത്തി.

പൂപ്പലേൽക്കാതെ സൂക്ഷിക്കണം

കാലിത്തീറ്റകൾ ഈർപ്പം തട്ടാതെ സൂക്ഷിക്കണം. നനവുള്ള സ്ഥലത്ത് കാലിത്തീറ്റ വയ്ക്കരുത്. ഇത് പൂപ്പൽ വിഷബാധയുണ്ടാക്കും. വേനൽമഴയുടെ കാലമായതിനാൽ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണം. ഉണങ്ങിയ മരപ്പലകമേൽ ഉയർത്തിവച്ചു സൂക്ഷിക്കാം. കട്ടപിടിച്ചതോ പൂപ്പൽ സംശയം ഉള്ളതോ ആയ തീറ്റ കന്നുകാലികൾക്ക് നൽകരുത്. 

എസ്.വിനീത്,  നെടുംകുന്നം. : ആകെ 40 പശുക്കളുണ്ട്. 25 കറവപ്പശുക്കൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായി. 85 ലീറ്റർ പാൽ കുറഞ്ഞു. സ്വകാര്യ കാലിത്തീറ്റ കമ്പനി അധികൃതർ ബന്ധപ്പെട്ടിരുന്നു. നഷ്ടം നികത്തുമെന്ന് പറഞ്ഞിട്ടുണ്ട്. 

ജോജോ ജോസഫ്, ചമ്പക്കര.: ആകെ 33 പശുക്കളുണ്ട്. 18 പശുക്കൾക്ക് കാലിത്തീറ്റയിൽ ഭക്ഷ്യവിഷബാധയേറ്റു. കറവപ്പശുക്കാൾക്കാണ് കാലിത്തീറ്റ നൽകിയിരുന്നത്. പശുക്കൾ അപകട നില തരണം ചെയ്തിട്ടുണ്ട്. തീറ്റ എടുക്കാൻ കൂട്ടാക്കുന്നില്ല. 

ജോബ് ജോസഫ്, കടുത്തുരുത്തി: ഫാമിലെ 10 പശുക്കൾക്കാണു ഭക്ഷ്യവിഷബാധയേറ്റത്. 12 പശുക്കൾ ഉള്ളതിൽ 2 പശുക്കൾ അവശനിലയിൽ കുഴഞ്ഞു വീണു. 8 പശുക്കൾ അവശ നിലയിലാണ്. തിങ്കളാഴ്ച രാത്രി നൽകിയ കാലിത്തീറ്റയിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്.  

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com