കോതനല്ലൂർ ∙ കനാൽ കരകവിഞ്ഞ് മണ്ണും കല്ലും കുത്തിയൊഴുകി റോഡിലെത്തി കോട്ടയം– എറണാകുളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. മൂവാറ്റുപുഴ– വാലി ഇറിഗേഷൻ പദ്ധതിയുടെ കനാൽ മാഞ്ഞൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മങ്ങാച്ചിറ ഭാഗത്താണ് കരകവിഞ്ഞൊഴുകിയത്. വെള്ളം കുത്തിയൊലിച്ച് എത്തിയതോടെ സമീപത്ത് നിർമാണം നടന്നിരുന്ന വീടിനു സമീപത്തുള്ള മണ്ണും കല്ലും കൂടി ഒഴുകി റോഡിലെത്തുകയായിരുന്നു. ചെളിയിലും മണ്ണിലും കയറി വാഹനങ്ങൾ തെന്നി മറിയുകയും ഗതാഗതതടസ്സം ഉണ്ടാവുകയും ചെയ്തു.

Read also: ഇനി ഡീസലടിക്കും, ലാഭത്തിൽ !; കർണാടകയിൽ നിന്ന് ഡീസൽ നിറച്ചാൽ മാസം 7 ലക്ഷത്തോളം രൂപ ലാഭം
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എംവിഐപി അധികൃതർ സ്ഥലത്ത് എത്തി ജലവിതരണം നിർത്തി. വേനൽ ശക്തമായതോടെ കഴിഞ്ഞ ദിവസം മുതൽ മാഞ്ഞൂരിലെയും സമീപ പഞ്ചായത്തുകളിലെയും കനാലുകളിലൂടെ ജലവിതരണം ആരംഭിച്ചിരുന്നു. ഇന്നലെ പുലർച്ചെ മെയിൽ കനാലിൽ നിന്നു സബ് കനാലിലൂടെ വെള്ളം എത്തിയതോടെ മെയിൽ കനാലിൽ നിന്നുള്ള മാലിന്യം തടഞ്ഞു നിന്നു കനാൽ കരകവിയുകയായിരുന്നു എന്ന് എംവിഐപി അധികൃതർ പറഞ്ഞു. റോഡിൽ വീണ മണ്ണും കല്ലും ചെളിയും കടുത്തുരുത്തിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി നീക്കം ചെയ്ത് അപകടാവസ്ഥ ഒഴിവാക്കി. അര മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടതായി അഗ്നിരക്ഷാസേന അറിയിച്ചു.