കടുത്തുരുത്തി ∙ പശുക്കൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ പൂപ്പൽ (ഫംഗസ്)ന്റെ അംശം പരിശോധനയിൽ കണ്ടെത്താനായിട്ടില്ലെന്നു ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഷാജി പണിക്കശേരി.ഭക്ഷണത്തിൽ രാസവസ്തുക്കൾ കലർന്നിട്ടുണ്ടോയെന്ന പരിശോധന പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ജില്ലയിലെ 4 പഞ്ചായത്തുകളിലെ 47 കന്നുകാലികൾക്കും 2 ആടിനും അസുഖബാധ ഇന്നലെ കണ്ടെത്തി. ഭക്ഷ്യ വിഷബാധയേറ്റ പൂഴിക്കോൽ വട്ടക്കേരിൽ ജോബി ജോസഫിന്റെ പശുക്കൾക്ക് ചികിത്സ തുടരുന്നു.
10 പശുക്കൾക്ക് ഭക്ഷ്യ വിഷബാധയേറ്റതിൽ ഒരെണ്ണം കഴിഞ്ഞ ദിവസം ചത്തിരുന്നു. ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങളോടെ തന്റെ പശു കഴിഞ്ഞ മാസം ചത്തതായി പൂഴിക്കോൽ ആവിയിൽ സിൽജോ ജോർജ് പരാതി നൽകി.കാലാവസ്ഥയാണ് ഭക്ഷ്യ വിഷബാധയേൽക്കാൻ കാരണമായതെന്ന കർഷകരുടെ ആശങ്ക പൂർണമായും ശരിയല്ലെന്നു ജില്ലാ മൃഗസംരക്ഷണ ഓഫിസറും മേഖലയിലെ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
∙തണുപ്പാണോകാരണം?
കാലിത്തീറ്റ കഴിച്ചു പശുക്കൾ അപകടത്തിലായ സംഭവത്തിൽ ഭക്ഷ്യവിഷബാധയുടെ ഉത്തരവാദിത്തം കാലാവസ്ഥയുടെ മേൽ ചാരുന്നത് ശരിയല്ലെന്നു മൃഗാരോഗ്യ വിദഗ്ദർ പറയുന്നു. കാലിത്തീറ്റയുടെ പാക്കിങ് സുരക്ഷിതമായിരിക്കും. എന്നാൽ ജലാംശമുള്ള ഇടങ്ങളിൽ ദീർഘകാലം തുറന്നുവയ്ക്കുന്നത്, എലി, പാറ്റ പോലുള്ള ജീവികളുടെ സാമീപ്യം എന്നിവ കാലിത്തീറ്റയെ നശിപ്പിക്കാം. പൂപ്പൽ ബാധമൂലം മൃഗങ്ങൾ ഇത്ര പെട്ടെന്നു മരിക്കുകയുമില്ല.
∙പൂപ്പൽ കണ്ടെത്തിയ തീറ്റ വെയിലത്തു വയ്ക്കുകയോ, ഉണക്കുകയോ ചെയ്താൽ?
ഒരു ഗുണവുമില്ലെന്നതാണ് സത്യം. പൂപ്പലിനെ വളരാൻ സഹായിക്കുന്ന ഈർപ്പം മാത്രമേ ഉണക്കുന്ന സമയത്ത് ഇല്ലാതാകുന്നുള്ളൂ. പൂപ്പൽ അവിടെത്തന്നെ ഉണ്ടാകും. തിളപ്പിച്ചാലും ഫംഗസ് ബാധ ഇല്ലാതാകില്ല. പൂപ്പൽ ബാധ കണ്ടെത്തിയ തീറ്റ നൽകാതിരിക്കുന്നതാണ് നല്ലത്.
∙ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങൾ?
വയർ വീർക്കുക, വയറിളക്കവും ക്ഷീണവും, തീറ്റയും വെള്ളവും എടുക്കാതിരിക്കുക, രക്തം പോവുക, വീണ് കിടപ്പിലാവുക, പാൽ ഉൽപാദനത്തിലെ കുറവ് എന്നിവ കാലികളിലെ ഭക്ഷ്യവിഷബാധയുടെ ലക്ഷണമാണ്.
∙ഭക്ഷ്യ വിഷബാധ കണ്ടെത്തിയാൽ ?
മൃഗം അസ്വസ്ഥത പ്രകടിപ്പിക്കുന്നത് എന്തിനാണെന്നു മനസ്സിലാക്കുക, അത് ഒഴിവാക്കാൻ ശ്രമിക്കുക. പച്ചിലയും ശുദ്ധമായ വെള്ളവും നൽകുക. വെറ്ററിനറി ഡോക്ടറെ അറിയിച്ചു ചികിത്സ നൽകുകയെന്നതാണ് പ്രധാനം. സ്വയം ചികിത്സയ്ക്ക് മുതിരാതിരിക്കുക.
∙കാലിത്തീറ്റയിൽ അമിത അളവിൽ പ്രോട്ടീൻ കലർന്നതാണെന്ന പ്രചാരണം ശരിയാണോ?
18– 22% വരെയാണ് കാലിത്തീറ്റയിൽ പ്രോട്ടീൻ അളവ് ഉണ്ടാകുക. അളവ് കൂടുന്തോറും വിലയും വർധിക്കും. അതുകൊണ്ടു തന്നെ കാലിത്തീറ്റയിൽ പ്രോട്ടീൻ അളവ് കൂടാനുള്ള സാധ്യത കുറവാണ്. അളവു കൂടിയാലും ചത്തുപോകുന്ന ത്ര ഗുരുതരമാവുകയുമില്ല. എന്നാൽ പാൽ ഉൽപാദനത്തിനു സഹായിക്കുന്ന കപ്പ, അരി, ചോളം എന്നിവയുടെ പൊടി അധികമായി നൽകുന്നത് മൃഗങ്ങളിൽ ഗുരുതരമാകാറുണ്ട്.
ഇന്നലെ ഭക്ഷ്യ വിഷബാധ സ്ഥിരീകരിച്ച പ്രദേശങ്ങൾ, കാലികളുടെ എണ്ണം
∙മാഞ്ഞൂർ 14
∙എലിക്കുളം 7
∙കുറവിലങ്ങാട് 3
∙വെളിയന്നൂർ 4
∙നീണ്ടൂർ- 2
∙മീനടം 3
∙ആർപ്പൂക്കര, 6 കന്നുകാലി, 2 ആട്
∙വാഴൂർ 1
∙പാമ്പാടി 2
∙അതിരമ്പുഴ 5