കോട്ടയത്തിന് ബജറ്റൊരു മധുര നെല്ലിക്ക; മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും കഴിയാത്ത അവസ്ഥ

HIGHLIGHTS
  • എരുമേലി വിമാനത്താവളത്തിന് 2.01 കോടി
  • റബർ‌ ലിമിറ്റഡ് കമ്പനിക്ക് 20 കോടി
  • എംജി സർവകലാശാലയ്ക്ക് 36 കോടി
  • എരുമേലി പാക്കേജിന് 10 കോടി
കുമരകത്തിന്റെ കാഴ്ച (ഫയൽ)
കുമരകത്തിന്റെ കാഴ്ച (ഫയൽ)
SHARE

കോട്ടയം ∙ മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും കഴിയാത്ത അവസ്ഥ. സംസ്ഥാന ബജറ്റിൽ കോട്ടയത്തിനെത്ര കിട്ടി എന്നു ചോദിച്ചാൽ ഇങ്ങനെ പറയാം എന്നാണു വിലയിരുത്തൽ. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് ഇത്തവണയും ബജറ്റിൽ തുകയുണ്ട് എന്നതു പ്രതീക്ഷ തരുന്നു. വിനോദ സഞ്ചാര വികസനത്തിന്റെ ഒരു വിഹിതം കുമരകത്തിനു ലഭിക്കും. സയൻസ് സിറ്റിയുടെ കാര്യത്തിലും ഇതുതന്നെ. അനുവദിച്ച 23 കോടിയിൽ നിന്ന് ഒരു വിഹിതം ലഭിക്കും. വൈക്കം സത്യഗ്രഹ ശതാബ്ദിക്ക് പ്രത്യേകമായി തുക അനുവദിച്ചിട്ടില്ലെങ്കിലും ആഘോഷത്തിനു സർക്കാർ നേതൃത്വം നൽകുമെന്നു പ്രഖ്യാപനമുണ്ട്.

  വൈക്കം സത്യഗ്രഹ സ്മാരകം
വൈക്കം സത്യഗ്രഹ സ്മാരകം

വെള്ളപ്പൊക്കം തടയാൻ 108 കോടി

കുമരകത്തെ ടൂറിസത്തിന്റെ പ്രധാന ആകർഷണം വേമ്പനാട്ട് കായൽ ആണ്. കായലിന്റെ ആഴം കൂട്ടുന്നതിനും പാടശേഖരങ്ങളുടെ ബണ്ട് നിർമാണത്തിനും 108 കോടി ലഭിക്കും.വെള്ളപ്പൊക്ക– ജലവിതരണ പദ്ധതികൾക്കായി സംസ്ഥാന ബജറ്റിൽ സൂചിപ്പിച്ച 525.45 കോടിയിൽ നിന്നാണ് ഈ തുക ലഭിക്കുക. കഴിഞ്ഞ വർഷം 40 കോടി രൂപയായിരുന്നു അനുവദിച്ചത്.

 എങ്കിലും... സംസ്ഥാന സർക്കാരിന്റെ ബജറ്റിനെതിരെ കോൺഗ്രസ് പ്രവർത്തകർ കോട്ടയത്ത്  പ്രതിഷേധത്തിനായി കൊണ്ടുവന്ന മുഖ്യമന്ത്രിയുടെ കോലം സിനിമാപോസ്റ്ററിന്റെ പശ്ചാത്തലത്തിൽ.  ചിത്രം: മനോരമ
എങ്കിലും... സംസ്ഥാന സർക്കാരിന്റെ ബജറ്റിനെതിരെ കോൺഗ്രസ് പ്രവർത്തകർ കോട്ടയത്ത് പ്രതിഷേധത്തിനായി കൊണ്ടുവന്ന മുഖ്യമന്ത്രിയുടെ കോലം സിനിമാപോസ്റ്ററിന്റെ പശ്ചാത്തലത്തിൽ. ചിത്രം: മനോരമ

സയൻസ് സിറ്റിക്കും കിട്ടിയാൽ കിട്ടി

തിരുവനന്തപുരം സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, ചാലക്കുടി, പരപ്പനങ്ങാടി മേഖല സയൻസ് സെന്ററുകൾ, കുറവിലങ്ങാട് കോഴായിലെ സയൻസ് സിറ്റി എന്നിവയുടെ വികസനത്തിനു ബജറ്റിൽ ആകെ അനുവദിച്ചത് 23 കോടി. ഇതിൽ നിന്ന് സയൻസ് സിറ്റിക്ക് എത്ര രൂപ ലഭിക്കുമെന്ന കാര്യം വ്യക്തമല്ല. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ആണ്. ഫണ്ട് ലഭ്യമായ ശേഷം തീരുമാനം ഉണ്ടാകുമെന്നു മ്യൂസിയം അധികൃതർ അറിയിച്ചു.

ഈ വർഷം മധ്യവേനൽ അവധിക്കു മുൻപ് സയൻസ് സിറ്റി ആദ്യഘട്ടം തുറക്കുമെന്ന് പറയുന്നുണ്ട്. എന്നാൽ ഇപ്പോൾ അനുവദിച്ച 23 കോടി മുഴുവൻ കിട്ടിയാൽപ്പോലും പണി പൂർത്തിയാകില്ല. റോഡ് ടാറിങ് നടത്തുന്നതിനു പോലും പുതുക്കിയ കണക്കനുസരിച്ചു കൂടുതൽ തുക ആവശ്യമാണ്.

കുമരകത്തിനു കിട്ടും ഒരു വിഹിതം

സംസ്ഥാനത്തെ 9 ടൂറിസം കേന്ദ്രങ്ങൾക്കായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തിയിരിക്കുന്നതിൽ നിന്ന് ഒരു വിഹിതം മാത്രമാകും കുമരകത്തെ ടൂറിസത്തിനു ലഭിക്കുക. ഇതു വീതിച്ചു വരുമ്പോൾ കിട്ടുന്ന തുക കുമരകത്തെ ടൂറിസം വികസനത്തിനു അപര്യാപ്തമാണെന്നാണു വിലയിരുത്തൽ.

ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ തകർന്ന നിലയിലാണ്. തോടുകൾ മലിനമായി കിടക്കുന്നു. കുമരകത്ത് അമ്യൂസ്മെന്റ് പാർക്ക് വേണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നതാണെങ്കിലും ഇത് പരിഗണിച്ചിട്ടില്ല.

മുണ്ടക്കയത്തെ കാട്ടാനയെ ഈ തുകതുരത്തുമോ ?

വന്യജീവി ആക്രമണത്തിനും താൽക്കാലിക ദ്രുതകർമ സേനയുടെ രൂപീകരണത്തിനും 30.85 കോടി നീക്കിവച്ചതിൽ ഒരു വിഹിതം ജില്ലയ്ക്കും ലഭിക്കും. ജനവാസ മേഖലകളിലെ കൃഷിയിടങ്ങളിൽ വന്യജീവി ആക്രമണമുണ്ടായാൽ തടയുന്നതിനു 2 കോടിയും വകയിരുത്തിയിട്ടുണ്ട്.കാട്ടാന ഉൾപ്പെടെ വന്യ ജീവികൾ നാട്ടിൽ ഇറങ്ങുന്ന സംഭവം മുണ്ടക്കയത്ത് പതിവാണ്. വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം വളരെ കുറവാണ്. 10 വാഴ നശിച്ചാൽ ഒരു വാഴക്കുലയുടെ വില പോലും നഷ്ടപരിഹാരമായി കിട്ടില്ല എന്നാണു കർഷകർ പറയുന്നത്.

ഫണ്ടില്ലെങ്കിലും ആഘോഷം

വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷം വിപുലമായി സംഘടിപ്പിക്കുമെന്നു ബജറ്റിൽ പ്രഖ്യാപനമുണ്ടെങ്കിലും പ്രത്യേക തുക അനുവദിച്ചിട്ടില്ല.വൈക്കം നഗരസഭയും പുരാരേഖാ വകുപ്പും ചേർന്നാണു ബോട്ട് ജെട്ടിക്കു സമീപം വൈക്കം സത്യഗ്രഹ സ്മാരക മന്ദിരത്തിൽ ഗാന്ധി മ്യൂസിയം ഒരുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഗാലറി, ആർട് ഗാലറി, ഉദ്യാനം, മിനി തിയറ്റർ, ഇന്ററാക്ടീവ് സ്ക്രീൻ, ഇന്ററാക്ടീവ് കിയോസ്ക്, ഗാന്ധി ഗാലറി എന്നിവ മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്.

എന്നാൽ ഇന്ററാക്ടീവ് സ്ക്രീൻ, ഇന്ററാക്ടീവ് കിയോസ്ക്, ഹാൻഡ് മൂവിങ് സെൻസർ, ഗാന്ധി ഗാലറി സെൻസർ എന്നിവയെല്ലാം മ്യൂസിയം ആരംഭിച്ച കാലം മുതൽ പ്രവർത്തനരഹിതമാണ്. പ്രൊജക്ടർ കേടായതിനാൽ തിയറ്ററും പ്രവർത്തിക്കുന്നില്ല.കഴിഞ്ഞ ബജറ്റിൽ വൈക്കത്ത് പി.കൃഷ്ണപിള്ള നവോഥാന പഠന കേന്ദ്രത്തിന് 2 കോടി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല.

ട്രാവൻകൂർ സിമന്റ്സിന് 5  കോടി

തൊഴിലാളികളുടെ കാര്യത്തിൽ ഒന്നും മിണ്ടിയിട്ടില്ലെങ്കിലും ട്രാവൻകൂർ സിമന്റ്സ് നവീകരണത്തിനായി 5 കോടി ബജറ്റിൽ അനുവദിച്ചു. ആനുകൂല്യങ്ങൾ ലഭിക്കാതെ വിരമിച്ച ജീവനക്കാർ ഏറെ പ്രതീക്ഷയോടെയാണു ബജറ്റിനായി കാത്തിരുന്നത്. ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിനായി ബജറ്റിൽ സർക്കാർ തുക മാറ്റി വയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. ഒപ്പം സ്ഥാപനത്തിലെ നിലവിലെ ജീവനക്കാരുടെയും ‌‌‌കാര്യത്തിൽ ബജറ്റ് മൗനം പാലിക്കുന്നു.

വർക്കിങ് ക്യാപ്പിറ്റലായി നേരത്തെ തുക ലഭിച്ചതല്ലാതെ യാതൊരു സഹായവും കമ്പനിക്ക് ലഭിച്ചിട്ടില്ലന്നാണ് ജീവനക്കാരുടെ പരാതി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇ. പി. ജയരാജൻ വ്യവസായ മന്ത്രിയായിരുന്നപ്പോൾ പ്രഖ്യാപിച്ച പുതിയ പദ്ധതികൾ എങ്ങും എത്തിയതുമില്ല. 2019 മുതൽ വിരമിച്ച ജീവനക്കാരിൽ പലർക്കും ഇനിയും ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല.

കെ.എം.മാണിഫൗണ്ടേഷന്

കെ.എം മാണിയുടെ സ്മരണയ്ക്കായി രൂപീകരിച്ച കെ.എം മാണി ഫൗണ്ടേഷന് ഇത്തവണയും ഒരു കോടി രൂപ അനുവദിച്ചു. നിർമാണ പ്രവർത്തനങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിനാണു തുക അനുവദിച്ചത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തു ധനമന്ത്രിയായിരുന്ന തോമസ് ഐസക് പ്രതിമ നിർമിക്കുന്നതിനും മറ്റുമായി കെ.എം മാണി ഫൗണ്ടേഷന് 5 കോടി രൂപ അനുവദിച്ചിരുന്നു.  

ഏറ്റുമാനൂരിൽ സിവിൽ സ്റ്റേഷന് 31 കോടി

സിവിൽ സ്റ്റേഷന്റെ ആദ്യഘട്ട നിർമാണത്തിനായി 15 കോടി അനുവദിക്കുകയും, രണ്ടാം ഘട്ടത്തിന് 16 കോടി രൂപ വകയിരുത്തുകയും ചെയ്തു. അതിരമ്പുഴ ആട്ടുകാരൻ കവല റോഡിന് 4.45 കോടിയും മെഡിക്കൽ കോളജിന് മുൻവശത്തായി ആർപ്പുക്കര അമ്മഞ്ചേരി റോഡിൽ ഭൂഗർഭപാത നിർമിക്കുന്നതിനായി 1.3 കോടിയും അനുവദിച്ചു. കുമരകം ബസാർ യുപി സ്‌കൂളിന്റെ കെട്ടിട നിർമാണത്തിനു 2 കോടി, കുമരകത്ത് ഫയർ സ്റ്റേഷൻ നിർമാണത്തിനു 4 കോടി എന്നിവയും ലഭിക്കും.

നീണ്ടൂർ, ആർപ്പുക്കര, കുമകരകം, അയ്മനം പഞ്ചായത്തുകളിലെ പാടശേഖങ്ങളിലെ പുറംബണ്ട് ശക്തിപ്പെടുത്തുന്നതിനും തുക അനുവദിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS