കോട്ടയം ∙ വൺവേ തെറ്റിച്ച് വന്ന കെഎസ്ആർടിസി മിന്നൽ ബസിടിച്ച് മരിച്ച സ്കൂട്ടർ യാത്രക്കാരൻ ചങ്ങനാശേരി മോർക്കുളങ്ങര പുതുപ്പറമ്പിൽ പ്രദീപിന്റെ മകൻ അഭിഷേകിന്റെ (20) കുടുംബത്തിന് നിയമാനുസൃതമായ നഷ്ടപരിഹാരം ഇൻഷുറൻസ് കമ്പനിയിൽ നിന്നു വാങ്ങി നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്.
ബസ് ഡ്രൈവർക്കെതിരായ അച്ചടക്കനടപടി ഉടൻ പൂർത്തിയാക്കണമെന്നും കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. കോട്ടയം നഗരത്തിൽ സെപ്റ്റംബർ 16ന് പുലർച്ചെ രണ്ടരയ്ക്കു കോട്ടയം ടിബി റോഡിലായിരുന്നു അപകടം. കോട്ടയം വെസ്റ്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി നിയമനടപടി സ്വീകരിക്കണം.
കട്ടപ്പന ഡിപ്പോയിലെ ഡ്രൈവർ ബി. ജനീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി കെഎസ്ആർടിസി വിജിലൻസ് റിപ്പോർട്ടുണ്ട്. പന്തളം സ്വദേശി റഹീം പന്തളം സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഉത്തരവ്.