ADVERTISEMENT

കോട്ടയം∙ നഗരസഭയുടെ വാക്കു കേട്ടു തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിൽ നിന്ന് ഇറങ്ങിക്കൊടുത്ത വ്യാപാരികൾ പെരുവഴിയിലായിട്ട് നാലു മാസം പിന്നിട്ടെങ്കിലും അവരെ ഒഴിപ്പിച്ച നഗരസഭയ്ക്ക് അനക്കമില്ല. ഹൈക്കോടതി ഉത്തരവു ചൂണ്ടിക്കാട്ടിയും കെട്ടിടം ഇപ്പോൾ ഇടിഞ്ഞു വീഴുമെന്നും പറഞ്ഞായിരുന്നു വ്യാപാരികളെ ഇറക്കിവിട്ടത്. കെട്ടിടം അപകടാവസ്ഥയിലാണെന്നും ഉടൻ പൊളിച്ചില്ലെങ്കിൽ വലിയ ദുരന്തമുണ്ടാകുമെന്നും നഗരസഭ വാദിച്ചു. പൊളിച്ചാൽ ഉടൻ പുതിയ കെട്ടിടം പണിത് തുറന്നു കൊടുക്കുമെന്നും അതുവരെ വ്യാപാരികൾക്കു ബദൽ സംവിധാനം ഒരുക്കുമെന്നും വാഗ്ദാനം നൽകുകയും ചെയ്തു.

എന്നാൽ കെട്ടിടം പൊളിക്കുന്നതിനുള്ള ടെൻഡർ നടപടികളിലേക്കു കടക്കുന്നതു പോലും ഈയിടെയാണ്. 8ന് ആണു ടെൻഡർ. പുതിയ കെട്ടിടത്തിന്റെ നിർമാണം എന്നു നടക്കുമെന്നതിൽ വ്യക്തമായ മറുപടി നഗരസഭയ്ക്കില്ല. ആളൊഴിഞ്ഞ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം ഇപ്പോൾ അനാശാസ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമാണെന്നു നാട്ടുകാർക്കു പരാതിയുണ്ട്.

ടെൻഡർ നടപടി 8ന്;കെട്ടിട വില 45 ലക്ഷം

തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പൊളിച്ചു നീക്കാനുള്ള ടെൻഡർ നടപടികൾ 8നു നടക്കും. 45 ലക്ഷം രൂപയാണു ടെൻഡർ തുക. 4 മാസത്തിനകം കെട്ടിടം പൊളിച്ചു നീക്കണമെന്നാണു വ്യവസ്ഥ. മാലിന്യം അന്നു തന്നെ നീക്കണം. ജനങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തി രാത്രി മാത്രമേ പൊളിക്കൽ അനുവദിക്കൂ. പൊളിക്കൽ ആരംഭിക്കുന്നതോടെ ഷോപ്പിങ് കോംപ്ലക്സ് പൂർണമായും അടച്ചുപൂട്ടും. 

ഗതാഗതം ക്രമീകരണങ്ങളും ഏർപ്പെടുത്തുകയും ബസ് റൂട്ട് പുനഃക്രമീകരിക്കുകയും ചെയ്യും. നിർമാണ ജോലികൾ പൂർത്തിയാകും വരെ സെക്യൂരിറ്റി ജീവനക്കാരെ ഏർപ്പെടുത്തും. പൊലീസ് സേവനവും നഗരസഭ ആവശ്യപ്പെടും.

കുടിൽ കെട്ടി സമരം

വ്യാപാരികളുടെ പുനരധിവാസ പാക്കേജ് അടക്കമുള്ള വിഷയങ്ങളിൽ നഗരസഭ മൗനം പാലിക്കുകയാണെന്നു തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി കെ.ഒ.അബൂബക്കർ പറഞ്ഞു. ഇനിയും നിഷേധാത്മക നിലപാട് തുടർന്നാൽ നഗരസഭാ ഓഫിസിനു മുന്നിൽ കുടിൽകെട്ടി സമരം നടത്തുമെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com