എരുമേലി ∙ കാറ്റും മഴയും വരുമ്പോൾ കനകപ്പലം രാജീവ് ഭവൻ സീറോ ലാൻഡ് മാരോട്ടിക്കൽ ജയ പുരുഷോത്തമന്റെ ഉള്ളിൽ തീയാണ്. കാരണം കമ്പുകൾ കൊണ്ട് ഊന്നു കൊടുത്ത് നിർത്തിയിട്ടുള്ള ഷെഡ് നിലം പൊത്തുന്ന വിധം ചെരിഞ്ഞാണു നിൽക്കുന്നത്. ആശ്രയം ഇല്ലാതെ തനിച്ചു താമസിക്കുന്ന വീടുകളിൽ ജോലിക്ക് പോയാണ് കഴിയുന്നത്. ഇപ്പോൾ മേജർ ശസ്ത്രക്രിയ കഴിഞ്ഞതോടെ ജോലിക്ക് പോകാനും കഴിയാതെയായി.
സ്വന്തമായി വീട് എന്ന സ്വപ്നത്തിനു വേണ്ടി ലൈഫ് മിഷനിൽ അപേക്ഷിച്ചിട്ട് 2 തവണയും ലഭിച്ചില്ല. സമീപത്തെ ഷെഡിൽ താമസിക്കുന്ന സിറാജിന്റെയും കുടുംബത്തിന്റെയും സ്ഥിതിയും സമാനം. സിറാജിന്റ ഭാര്യ തൗഫിനയ്ക്കും 2 തവണയും ലൈഫ് മിഷൻ വീട് ലഭിച്ചില്ല. ലൈഫ് മിഷൻ വീടുകൾ അനർഹരായവർ തട്ടിയെടുക്കുകയാണ് എന്നാണ് ഇവരുടെ പരാതി.
ജയ പുരുഷോത്തമൻ പറയുന്നു:
∙ 20 വർഷം മുൻപാണ് ഇവിടെ വന്നത്. പുറമ്പോക്കിൽ ഷെഡിലാണു കഴിഞ്ഞത്. 3 മക്കളെയും വിവാഹം കഴിച്ച് അയച്ചു. 2010 ൽ കനകപ്പലം സീറോ ലാൻഡിൽ വീട് നിർമിക്കുന്നതിനായി 3 സെന്റ് സ്ഥലം ലഭിച്ചു. ചെറിയ ഷെഡ് കെട്ടിയാണ് അന്നു മുതൽ കഴിയുന്നത്. ലൈഫ് മിഷൻ വീടിനു വേണ്ടി അന്നുമുതൽ ഓഫിസുകൾ കയറിയിറങ്ങിയിട്ടും നടപടി വൈകുകയാണ്. ഓരോ തവണയും ഗ്രാമസഭയിൽ ലൈഫ് മിഷൻ വീടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തുമെങ്കിലും ലഭിക്കാറില്ല. ലൈഫ് പദ്ധതിയുടെ പട്ടികയിൽ കഴിഞ്ഞ 2 തവണ ഉൾപ്പെട്ടുവെങ്കിലും വീട് ലഭിച്ചില്ല.
തൗഫിയ പറയുന്നു:
∙ താമസിക്കുന്നതു ഷെഡിലാണ്. മഴ പെയ്താൽ ഇതിനുള്ളിലേക്കു വെളളം കയറും. ഇതോടെ തണുപ്പ് സഹിക്കാൻ കഴിയാതെ കുട്ടികൾ അടുത്ത വീട്ടിൽ അഭയം തേടും. കഴിഞ്ഞ തവണ ലൈഫ് മിഷൻ പദ്ധതിയുടെ പട്ടികയിൽ 138–ാമത് വന്നു, ഇപ്പോൾ 390 ആയി. റേഷൻകാർഡ് ലഭ്യമാക്കിയാൽ ഉടൻ ലൈഫിന്റെ വീട് നൽകാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതു പ്രകാരം അയൽവാസിയായ സുനിതയുടെ സഹായത്തോടെ താലൂക്ക് സപ്ലൈ ഓഫിസിൽ നിന്ന് അന്നു തന്നെ റേഷൻ കാർഡ് കൊണ്ടു കൊടുത്തു. എന്നാൽ വീട് നൽകിയില്ല.
താമസമില്ലാതെ 6 വീടുകൾ
∙ ജയയും തൗഫിയയും താമസിക്കുന്ന ഷെഡുകളുടെ സമീപം ലൈഫ് മിഷൻ പദ്ധതിപ്രകാരം പലർക്കായി അനുവദിച്ച 6 വീടുകളാണ് താമസമില്ലാതെ കിടക്കുന്നത്. ചിലതിൽ വർഷങ്ങളായി താമസമില്ല. പല വീടുകളും കാട് കയറിയ നിലയിലാണ്.
എല്ലാ പണികളും കഴിഞ്ഞ് ആൾ താമസം ഇല്ലാത്ത വീടുകളിൽ പൈപ്പ് കണക്‌ഷൻ വരെ നൽകിയിട്ടുണ്ട്. പല സ്ഥലങ്ങളിലും സ്വന്തമായി വീടുള്ളവർ അനർഹമായി ലൈഫ് മിഷൻ വീടുകൾ തട്ടിയെടുത്തതാണ് ഈ വീടുകൾ എന്നാണ് ഇവരുടെ ആരോപണം. ഇവിടെ സ്ഥലം ലഭിച്ച പലരും ഇവിടെ വന്ന താമസിക്കാൻ തയാറാകുന്നില്ല. ചിലർ ലഭിച്ച സ്ഥലത്ത് ആടിന്റെ കൂടുകൾ സ്ഥാപിച്ചിരിക്കുകയാണ്.
വി.ഐ.അജി (വാർഡ് അംഗം, സിപിഎം ലോക്കൽ സെക്രട്ടറി):
ലൈഫ് മിഷൻ പദ്ധതിയുടെ മുൻഗണനപ്പട്ടിക പ്രകാരമാണു വീടുകൾ ലഭ്യമാക്കുന്നത്. പഞ്ചായത്ത് അംഗങ്ങൾക്ക് ഇതിൽ പങ്കില്ല. ഈ 2 കുടുംബങ്ങൾക്കും വീടിന് അർഹതയുള്ളവരാണ്. ഇവരെ പട്ടികയിൽ ഉൾപ്പെടുത്തിയതുമാണ്. എന്നാൽ പട്ടിക തയാറാക്കുന്നത് ഉദ്യോഗസ്ഥരാണ്.
ലൈഫ് മിഷനിൽ നിന്ന് നേരിട്ടെത്തി പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരാണു മുൻഗണന നിശ്ചയിച്ചു പോകുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച വീടുകളിൽ താമസം ഇല്ലാത്തതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ സർക്കാർ വീട് അനുവദിച്ച് നിർമാണം പൂർത്തിയാക്കി കരം അടയ്ക്കുന വീടുകൾ അടച്ചിട്ടാൽ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല.