കുറവിലങ്ങാട് ∙വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ പട്ടിത്താനം വൈഷ്ണവം വീട്ടിൽ വിഷ്ണുവിനെ (40) ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയർക്കുന്നം പുന്നത്തുറ വാഴേപ്പറമ്പിൽ വീട്ടിൽ അജിമോൻ സോമനെ (36) പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുൻപ് സുഹൃത്തുക്കൾക്കൊപ്പം പട്ടിത്താനത്തെ വീട്ടിൽ കയറി കമ്പി വടിയും, ബിയർ കുപ്പിയും, വടിവാളും ഉപയോഗിച്ച് ആക്രമിച്ച് വിഷ്ണുവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിയിരുന്നു എന്നാണ് കേസ്.
മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.വിഷ്ണുവും പ്രതികളും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ച ആയിട്ടാണ് വീട്ടിൽ കയറി ആക്രമിച്ചതെന്നു പൊലീസ് പറയുന്നു. പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം അക്രമികളിൽ ഒരാളായ അജിമോനെ ആർപ്പൂക്കരയിൽ നിന്നും പിടികൂടുകയുമായിരുന്നു.
ഇയാൾക്കെതിരെ ഏറ്റുമാനൂർ സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്.കുറവിലങ്ങാട് സ്റ്റേഷൻ എസ്എച്ച്ഒ നിർമൽ ബോസ്, എസ്ഐ അനിൽകുമാർ, സാജു ലാൽ, എഎസ്ഐ ജോണി, സിപിഒ നിയാസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. അജിമോനെ കോടതിയിൽ ഹാജരാക്കി.