ADVERTISEMENT

കോരുത്തോട് ∙ മുണ്ടക്കയം – കോരുത്തോട് റൂട്ടിൽ വണ്ടൻപതാൽ കവല കഴിഞ്ഞാണു കോരുത്തോട് പഞ്ചായത്ത് അതിർത്തി തുടങ്ങുന്നത്. തേക്ക് കൂപ്പ് ആയ ഇവിടെ പഴയ തടി ചെക്ക് പോസ്റ്റ് ഉണ്ടായിരുന്ന ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടവും കഴിഞ്ഞു മുൻപോട്ടു നീങ്ങുമ്പോൾ റോഡിന്റെ വശത്ത് കടുവയുടെ ചിത്രമുള്ള പെരിയാർ ടൈഗർ റിസർവിന്റെ ബോർഡ് 10 വർഷം മുൻപു വരെ ഉണ്ടായിരുന്നു.

അക്കാലത്ത് ഇതുവഴി യാത്രചെയ്യുന്ന ആളുകൾ തമാശയായി പറയുമായിരുന്നു ‘കടുവ ഉണ്ട് സൂക്ഷിക്കുക’ എന്നാണു ബോർഡിൽ എഴുതിയിരിക്കുന്നതെന്ന്. കാലങ്ങൾ കഴിഞ്ഞു. ഇപ്പോൾ ഇത്തരത്തിൽ ബോർഡ് സ്ഥാപിക്കണമെന്ന അവസ്ഥയിലായി നാട്. ശബരിമല വനവുമായി അതിർത്തി

പങ്കിടുന്ന കോരുത്തോട് പഞ്ചായത്തിലും സമീപ പഞ്ചായത്തായ പെരുവന്താനം മേഖലയിലും വന്യ മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്ന സംഭവങ്ങൾ വ്യാപകമാണ്. ഇതിനൊരു പരിഹാരം വേണ്ടേ ..? നാടിന്റെ ഭീതി നിറഞ്ഞ ചോദ്യത്തിനു പരിഹാരം തേടി നാടിനൊപ്പം പരമ്പര യാത്ര തുടങ്ങുന്നു.

രക്ഷപ്പെട്ടത് നിമിഷങ്ങളുടെ വ്യത്യാസത്തിൽ

ചൊവ്വ രാത്രി കാളകെട്ടി – കുഴിമാവ് – കോരുത്തോട് പാതയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു മുണ്ടക്കയം സ്വദേശികളായ 2 യുവാക്കൾ റോഡിന്റെ വശത്തായി കാട്ടിൽ ശബ്ദം കേട്ടതോടെ പിന്നിൽ ഇരുന്ന ആൾ ഫോണിലെ ക്യാമറ ഓൺ ചെയ്തു. അൽപം മുൻപോട്ട് നീങ്ങിയപ്പോൾ ഇരുവരെയും ഞെട്ടിച്ച് കൊണ്ട് ഒരു കൊമ്പൻ റോഡിലേക്കു പാഞ്ഞിറങ്ങി.

വേഗത്തിൽ സ്ഥലത്തു നിന്നു രക്ഷപ്പെട്ട ഇവർ പിന്നീട് വിഡിയോ നോക്കിയപ്പോഴാണു കൂടുതൽ ഞെട്ടിയത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ കാട്ടാനയുടെ മുൻപിൽ നിന്നു രക്ഷപ്പെട്ട ഇവരുടെ സംഭവം ഇവിടെ പുതുമയുള്ള കാര്യമല്ല. നാട്ടുകാരെ ഭീതിയിൽ നിറയ്ക്കുന്ന ആന കഥകൾക്കു

4 വർഷത്തെ പഴക്കമുണ്ട്. കൊമ്പുകുത്തി പ്രദേശത്തു നിന്നു 2019 ൽ നാട്ടിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം ജനങ്ങളുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് ഇത്രയും കാലമായി. കൃഷി നശിപ്പിക്കുന്നതു പതിവാക്കിയ കാട്ടാനകളെ പല പ്രദേശങ്ങളിൽ നിന്നും ഓടിച്ചെങ്കിലും 24 എണ്ണത്തോളം വരുന്ന ആനകൾ പെരുവന്താനം പഞ്ചായത്തിലെ ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ അതിർത്തി പ്രദേശത്തു ചുറ്റി തിരിയുന്നു.

സുരക്ഷാ വേലികൾ വയ്യാവേലി

വനം അതിർത്തി മേഖലയിൽ എല്ലായിടത്തും സോളർ വേലികൾ ഉണ്ട്. പക്ഷേ പലതും പ്രവർത്തിക്കുന്നില്ലെന്നതു പ്രശ്നങ്ങളുടെ പ്രധാന കാരണമാണ്. കൊമ്പുകുത്തി, കണ്ടങ്കയം തുടങ്ങിയ പ്രദേശങ്ങളിൽ ഇതോടെ കാട്ടു മൃഗശല്യം വ്യാപകമായി. മടുക്ക – കൊമ്പുകുത്തി പാതയിൽ രാത്രി യാത്രയ്ക്ക് ഒരു സുരക്ഷയും ഇല്ല. മൃഗങ്ങളെ ഭയന്നു ഭീതിയോടെയാണു 3 കിലോമീറ്റർ പാതയിൽ കടന്നു പോകുന്നത്.

വണ്ടൻപതാൽ മുതൽ പനക്കച്ചിറ വരെയുള്ള തേക്ക് കൂപ്പ് റോഡിലും രാത്രി പന്നി ശല്യം വ്യാപകമാണ്. കാട്ടുപോത്തിനെ അടുത്തിടെ കണ്ടതോടെ റോഡരികിൽ സോളർ വേലികൾ നിർമിക്കണമെന്നും ആവശ്യം ഉയരുന്നു. വേലികൾ നിർമിച്ചാൽ തന്നെ ഒരു വർഷത്തിന് ശേഷം പരിപാലനം ഇല്ലാത്തതിനാൽ നാശത്തിലേക്ക് എത്തുന്നു. ഇൗ പ്രശ്നങ്ങൾ ഒഴിവാക്കി സുരക്ഷാ വേലി കൃത്യതയോടെ നടപ്പാക്കണമെന്ന ആവശ്യത്തിനും കാലങ്ങളുടെ പഴക്കമുണ്ട്.

ഇപ്പോൾ തനി നാടൻ

6 മാസം മുൻപു കോരുത്തോട് ടൗണിൽ പട്ടാപ്പകൽ ഇറങ്ങിയ കാട്ടുപന്നി ജനങ്ങളെ മുൾമുനയിൽ നിർത്തി. ഇതോടെ കാട്ടുപന്നി എന്ന പേരു മാറ്റി നാട്ടുകാർ ഇവയ്ക്കു നാട്ടുപന്നി എന്നു പേരിട്ടു. കാരണം നാട്ടിൽ ഇറങ്ങി പന്നികൾ ഒരു പേടിയും ഇല്ലാതെ വിഹരിക്കുന്നു. നാട്ടിലെ വിജനമായ സ്ഥലത്ത് പെറ്റ് പെരുകുന്നഇവ കൃഷി വ്യാപകമായി നശിപ്പിക്കാൻ തുടങ്ങിയതോടെ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണു കർഷകർ.

ആളുകളെ ആക്രമിക്കുന്നുമുണ്ട്. കാട്ടുപന്നിയുടെ ആക്രമണത്തിൽ മലയോര മേഖലയിൽ പരുക്കേറ്റവരുടെ എണ്ണം ഒരു വർഷത്തിനിടെ 10 കടന്നു.കൊമ്പുകുത്തി, പള്ളിപ്പടി, തുടങ്ങിയ പ്രദേശത്ത് നിരവധി വളർത്തുനായ്ക്കളെ കാണാതായിരുന്നു ചിലതിനെ കടിച്ചു കീറി കൊന്ന നിലയിൽ കണ്ടതിന്റെ പിന്നിൽ കടുവ ആണെന്നു നാട്ടുകാർ പറയുന്നു.

കാട്ടുപോത്ത് ശല്യവും പാതകളിൽ സ്ഥിരമാണ്. മലയണ്ണാൻ പോലെയുള്ള കൃഷി നശിപ്പിക്കുന്ന ജീവികളുടെ ആക്രമണങ്ങളിലും കർഷകർ വലയുന്നു.വീടുകൾ ഏറെയുള്ള സ്ഥലത്ത് കരടി വന്നാൽ എന്താകും സ്ഥിതി .. ? ഏതൊക്കെ മൃഗങ്ങൾ ഇൗ മേഖലയിൽ ഉള്ളത് .. ? കൃഷി നശിച്ചാൽ കർഷകനു ലഭിക്കുന്ന മാന്യമായ നഷ്ടപരിഹാരം എന്നു കിട്ടും ? ഇൗ ചോദ്യങ്ങൾക്ക് ഉത്തരം തേടി നാളെ നാടിനൊപ്പം തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com