ഏറ്റുമാനൂർ∙ എംജി സർവകലാശാല ക്യാംപസിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ തെരുവുനായ്ക്കളുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. 2 നായ്ക്കളുടെ മൃതദേഹമാണ് മാന്നാനം മൃഗാശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തത്. അതിരമ്പുഴ പഞ്ചായത്ത് അധികൃതരുടെ സഹകരണത്തോടെ മറവു ചെയ്തു. റിപ്പോർട്ട് വന്നാലേ നായ്ക്കൾ ചാകാനുള്ള കാരണം കണ്ടെത്താനാകൂ.
സർവകലാശാലാ അധികൃതരുടെ അറിവോടെ നായ്ക്കളെ വിഷം നൽകി കൊന്നുവെന്നാണ് പൊലീസിനു ലഭിച്ച പരാതി. അതേസമയം ക്യാംപസിൽ നായ് ശല്യം രൂക്ഷമാണെന്നും ഇതു പരിഹരിക്കാൻ നടപടി വേണമെന്നും ഒരു വിഭാഗം വിദ്യാർഥികളും അധ്യാപകരും ആവശ്യപ്പെട്ടു.
പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ആരോ’ മൃഗസംരക്ഷണ സംഘടനയാണ് പരാതി നൽകിയത്. തുടർന്നു പരിശോധനയിലാണ് പല സ്ഥലങ്ങളിലായി 9 നായ്ക്കളെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. 4 നായ്ക്കളെ പുറത്തെടുത്ത് പരിശോധന നടത്തുകയായിരുന്നു. ഒന്നിനു പേ വിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
സർവകലാശാലയിലെ ഒരു ജീവനക്കാരിയുടെ നേതൃത്വത്തിൽ ചില വിദ്യാർഥികൾ നായ്ക്കൾക്ക് ഭക്ഷണം വെള്ളവും നൽകി സംരക്ഷിച്ചു വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ മാസം നായ്ക്കളെ കൂട്ടത്തോടെ കാണാതായി.ചിലതിനെ ചത്ത നിലയിൽ കണ്ടെത്തി. വിവരം മൃഗ സ്നേഹികളെ അറിയിക്കുകയും അവർ പരാതി നൽകുകയുമായിരുന്നു. ജനുവരി 2നു ശേഷമാണ് നായ്ക്കളെ കാണാതായതെന്നു മൃഗ സ്നേഹികൾ പറയുന്നു.
110 ഏക്കറിലുള്ള സർവകലാശാലയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നതിനിടെയാണ് നായ്ക്കളെ കൊന്ന് ക്യാംപസിൽ തന്നെ കുഴിച്ചുമൂടിയതായി പരാതി ഉയരുന്നത്. മുൻപ് സ്കൂൾ ഓഫ് ലെറ്റേഴ്സിലെ പിഎച്ച്ഡി വിദ്യാർഥിനിക്ക് നായയെ കണ്ട് ഓടിയതിനെത്തുടർന്ന് ഗുരുതര പരുക്കേറ്റിരുന്നു.
യോഗം ചേർന്നു
ക്യാംപസിലെ തെരുവുനായ ശല്യം ചർച്ച ചെയ്യുന്നതിനു വകുപ്പ് മേധാവികളുടെയും സംഘടനാ പ്രതിനിധികളുടെയും യോഗം വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ ചേർന്നു. പകൽ സമയത്ത് പോലും ക്യാംപസിൽ സുരക്ഷിതമായി നടക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും നായ്ക്കളെ പുനരധിവസിപ്പിക്കാൻ നടപടി വേണമെന്നും ആവശ്യം ഉയർന്നു.