എരുമേലി ∙ ആലുങ്കൽ കുടുംബത്തിലെ അംഗങ്ങളുടെ വീടുകളിലെ സ്വീകരണ മുറികളിലേക്ക് മൺമറഞ്ഞ മാതാപിതാക്കളുടെ ‘ഓർമപ്പുതപ്പിൽ’ തീർത്ത ചെടിച്ചട്ടികൾ.പുലിക്കല്ല് വളളംച്ചിറ ആലുങ്കൽ പരേതരായ മത്തായി, ഏലിയാമ്മ ദമ്പതികൾ ഉപയോഗിച്ചിരുന്ന കമ്പിളിപ്പുതപ്പുകൾ കൊണ്ടാണ് ചെടിച്ചട്ടികൾ നിർമിച്ചത്.
പൂർവികരുടെ കാൽപാദം പതിഞ്ഞ മണ്ണാണ് ഈ ചെടിച്ചട്ടികളിൽ നിറച്ചിരിക്കുന്നത്. മത്തായി– ഏലിയാമ്മ ദമ്പതികളുടെ മകൻ ജോസ് ആലുങ്കലിന്റെ ആശയം കുടുംബം ഒന്നാകെ ഏറ്റെടുക്കുകയായിരുന്നു.മത്തായി (85) 1988 ലും ഏലിയാമ്മ (74) 2004 ലുമാണ് അന്തരിച്ചത്. 8 മക്കളാണ്. ഇവരിൽ മൂത്ത മക്കളായ എ.എം. ജോസഫ്, എ.എം. വർഗീസ്, എ.എം. ജേക്കബ് എന്നിവർ സൈനികരായിരുന്നു.
ഇവർ അവധിക്കു വരുമ്പോൾ മാതാപിതാക്കൾക്ക് തണുപ്പിൽ നിന്നു രക്ഷനേടാൻ കമ്പിളി പുതപ്പുകൾ സമ്മാനിക്കുമായിരുന്നു. ഉപയോഗിച്ച ശേഷം മത്തായിയും ഏലിയാമ്മയും ഈ പുതപ്പുകൾ വീട്ടിലെ തടിപ്പെട്ടിയിൽ അടുക്കി വയ്ക്കും. ഇരുവരും മരിച്ച ശേഷവും ഈ തടിപ്പെട്ടിയും അതിലെ പുതപ്പുകളും കുടുംബവീട്ടിൽ താമസിക്കുന്ന ജോസും തോമസും സൂക്ഷിച്ചു.
മൂത്ത സഹോദരങ്ങളായ ജോസഫും വർഗീസും മരിച്ചു. ത്രേസ്യാമ്മ, മറിയാമ്മ, സിസ്റ്റർ ആൻ സോഫി എന്നിവരാണ് മറ്റു മക്കൾ.400 ൽ പരം ചെടികൾ വീട്ടിൽ വളർത്തുന്ന ജോസ് ചെടിച്ചട്ടികൾ സ്വന്തമായി നിർമിക്കാറുണ്ട്. ഇതിൽ നിന്നാണ് മാതാപിതാക്കൾ ഉപയോഗിച്ചിരുന്ന പുതുപ്പുകൾ ചെടിച്ചട്ടിയാക്കി
അതിൽ ചെടി നട്ട് എല്ലാവർക്കും നൽകിയാലോയെന്ന ആശയം ഉദിച്ചത്. മക്കളുടെയും ചെറുമക്കളുടെയും കണക്കെടുത്തപ്പോൾ 30 പേരുണ്ട്. 30 ചെടിച്ചട്ടികൾ ഉണ്ടാക്കി പൂർവികർ കൃഷി ചെയ്തിരുന്ന മണ്ണു നിറച്ച് ചെടി നട്ട് എല്ലാവർക്കും നൽകാൻ തീരുമാനിച്ചു.സഹായത്തിന് ഭാര്യ മറിയാമ്മയും കൂടി.
പുതുപ്പുകൾ ആവശ്യാനുസരണം മുറിച്ചു. സിമന്റ് കലക്കി അതിൽ മുക്കി കുഴിവുളള പാത്രത്തിനു മുകളിൽ വിരിച്ചിട്ടു. 2– ാം ദിവസം പാത്രം വേർപെടുത്തി വെള്ളത്തിൽ ഇടും. തുടർന്ന് പെയിന്റ് ചെയ്തതോടെ ചെടിച്ചട്ടി റെഡിയായി. ഓരോന്നിലും മണ്ണു നിറച്ച് ചെടികൾ നട്ടു തുടങ്ങി. വളരെ താല്പര്യത്തോടെയാണു കുടുംബത്തിലെ എല്ലാവരും ഇതിനെ കാണുന്നതെന്ന് ജോസും മറിയാമ്മയും പറയുന്നു.