കോട്ടയം ∙ വെള്ളത്തിനു വില കൂടിയാലും സമരക്കാർ ‘വയലന്റാകാൻ’ തുടങ്ങിയാൽ പൊലീസിനു വെള്ളം ചീറ്റിക്കാതിരിക്കാൻ കഴിയില്ല. സമരക്കാരെ അടികൊടുക്കാതെ പറഞ്ഞുവിടാൻ പൊലീസിന്റെ പക്കലുള്ള ആയുധമാണ് ഈ വെള്ളം ചീറ്റുന്ന വണ്ടി. കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ നടത്തിയ സമരത്തിനിടയിലും വെള്ളം ചീറ്റിക്കലുണ്ടായി.
ആ ചീറ്റലിൽ റോഡിലെ ടാർ തന്നെ ഇളകിത്തെറിച്ചപ്പോൾ ‘അതെന്തു തരം ചീറ്റിക്കലാന്നേ...’ എന്നാവും പലരും മനസ്സിൽ ചോദിച്ചിട്ടുണ്ടാവുക. ഈ ചോദ്യം പൊലീസിനോട് ചോദിച്ചപ്പോൾ അവർ തിരിച്ചു ചോദിച്ചു: ഇത്തിരി ശക്തിയിൽ വെള്ളം വന്നാൽ തെറിക്കുന്ന ടാറിങ് എന്തു തരം ടാറിങ്ങാന്നേ?
ലാത്തിച്ചാർജ് ഒഴിവാക്കി പ്രതിഷേധക്കാരെ എളുപ്പത്തിൽ പിരിച്ചുവിടാനാണു പൊലീസ് വരുൺ എന്ന ജലപീരങ്കി ഉപയോഗിക്കുന്നത്. സമരക്കാർ പിരിഞ്ഞു പോയില്ലെങ്കിൽ പിന്നാലെ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും വരും. ജലപീരങ്കിയിൽ നിന്നു ചീറ്റുന്ന വെള്ളത്തെക്കുറിച്ച് ആശങ്ക വേണ്ട.
മീനച്ചലാറ്റിലെ വെള്ളമാണ് നിറയ്ക്കുന്നത്. എആർ ക്യാംപിലെ കിണറ്റിൽ അവിടത്തെ ആവശ്യത്തിനുള്ള വെള്ളമേയുള്ളൂ. അതിനാലാണ് ആറ്റിൽ നിന്ന് എടുക്കുന്നത്. പുണെ ഡിഫൻസ് റിസർച് ഡവലപ്മെന്റ് അതോറിറ്റിയിൽ നിന്നാണ് ‘വരുണി’ന്റെ വരവ്. 12,000 ലീറ്റർ സംഭരണ ശേഷിയുണ്ട് ഇതിന്റെ ടാങ്കിന്.
50 മീറ്റർ അപ്പുറത്തേക്കുവരെ ലക്ഷ്യം തെറ്റാതെ വെള്ളം ചീറ്റാം. ഫയർ എൻജിന്റെ ആകൃതിയിൽ നിർമിച്ച പീരങ്കിയുടെ മുകളിൽ ഘടിപ്പിച്ച രണ്ടു പൈപ്പുകൾ (ഗൺ) വഴിയാണു വെള്ളം ചീറ്റുന്നത്. ജലപീരങ്കി പ്രയോഗിക്കാൻ തുടങ്ങിയാൽ അതിൽ നിന്ന് അപകടമില്ലാതെ രക്ഷപ്പെടാനും പല രാഷ്ട്രീയക്കാർക്കും അറിയാം.
വെള്ളം ചീറ്റുന്നതിനു മുൻപ് സൈറൺ മുഴക്കും. ഇതു കേൾക്കുമ്പോഴേ സമരക്കാരിൽ പലരും ചെവിയിൽ വിരൽ കയറ്റും. വെള്ളത്തിൽ നിന്നു രക്ഷനേടാൻ പ്രതിഷേധത്തിനു മുൻപുതന്നെ ചെവിയിൽ പഞ്ഞി തിരുകി എത്തുന്നവരുമുണ്ട്. പ്രതിഷേധക്കാരുടെ തലയ്ക്കു താഴേക്കു മാത്രമേ പീരങ്കി പ്രയോഗിക്കാവൂ എന്നാണു നിർദേശമെങ്കിലും
പലപ്പോഴുംപാലിക്കപ്പെടാറില്ല. കഴിഞ്ഞ വർഷം ജലപീരങ്കി പ്രയോഗം ലക്ഷ്യം തെറ്റി കലക്ടറേറ്റിനു സമീപം നിന്ന ലോട്ടറി വിൽപനക്കാരിക്കു പരുക്കേറ്റിരുന്നു. മുൻപ് യുവമോർച്ചക്കാർ നടത്തിയ സമരത്തിനിടയിലേക്കു ചീറ്റിയ വെള്ളം ലക്ഷ്യം തെറ്റി. ഇതു പരിഹരിക്കാൻ 9 പൊലീസുകാർക്കു പരിശീലനം നൽകിയിരുന്നു.