ADVERTISEMENT

ഗാന്ധിനഗർ∙ 45 കോടിയോളം രൂപ നിർമാണച്ചെലവു പ്രതീക്ഷിക്കുന്ന മെഡിക്കൽ കോളജ്– ഗാന്ധിനഗർ റോഡിന്റെ നിർമാണം 90 ശതമാനവും പൂർത്തിയായി. മിനുക്കു പണികൾ മാത്രമാണ് ഇനി തീരാനുള്ളത്. 12 മീറ്റർ ടാറിങ് റോഡും, ഇരുവശങ്ങളിലും ഒന്നര മീറ്റർ നടപ്പാതയും ഉൾപ്പെടെ 16 മീറ്റർ വീതിയാണു റോഡിനുള്ളത്. മെഡിക്കൽ കോളജ്  ജംക്‌ഷൻ മുതൽ ഗാന്ധിനഗർ വരെ നീളുന്ന റോഡിനു 2 കിലോമീറ്റർ ദൂരമാണ് ഉള്ളത്. മെഡിക്കൽ കോളജിലേക്കുള്ള വിവിധ റോഡുകളുടെയും പാലങ്ങളുടെയും നിർമാണത്തിനായി അനുവദിച്ച 121 കോടി രൂപയിൽ നിന്നുമാണ് ഈ റോഡിനും തുക കണ്ടെത്തിയത്.

രണ്ട് വരി പാത, 8 കാത്തിരിപ്പു കേന്ദ്രങ്ങൾ,  ഇരു വശങ്ങളിലും നടപ്പാത, ആവശ്യമുള്ള ഭാഗങ്ങളിൽ ബാരിക്കേഡ് എന്നിവ പദ്ധതിയുടെ ഭാഗമായി നിർമിച്ചിട്ടുണ്ട്. ഇവയുടെ മിനുക്കു പണികളും ചില സ്ഥലങ്ങളിൽ കൽക്കെട്ടുകളും പൂർത്തിയാകാനുണ്ട്. റെയിൽവേയുടെ ഭാഗത്ത് ടാറിങ് മാത്രമാണു നടത്തിയിട്ടുള്ളത്.  റെയിൽവേയുടെ അനുമതി ലഭിച്ചാൽ മാത്രമേ മറ്റു ജോലികൾ നടത്താനാവൂ. റോഡിന്റെ വശങ്ങളിലും പ്രധാന സ്ഥലങ്ങളിലും സുരക്ഷാ, ദിശാബോർഡുകളും സ്ഥാപിക്കാനുണ്ട്.

രണ്ട് മാസത്തിനകം  മിനുക്കു പണികളടക്കം മുഴുവൻ ജോലികളും പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 85 ശതമാനം ജോലികളും പൂർത്തിയായ സ്ഥിതിക്കു ഉദ്ഘാടനത്തിലേക്കു നീങ്ങാം. എന്നാൽ പദ്ധതിയുടെ ഭാഗമായ പരിപ്പ് പാലത്തിന്റെ നിർമാണം കൂടി പൂർത്തിയായതിനു ശേഷം ഉദ്ഘാടനം മതിയെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. 

റോഡുകൾ

നീണ്ടൂർ– ബാബു ചാഴികാടൻ റോഡ്, ആർപ്പൂക്കര, വില്ലൂന്നി–കരിപ്പൂത്തട്ട്, പരിപ്പ് – പുലിക്കുട്ടിശേരി, മാന്നാനം, വേദഗിരി–കൈപ്പുഴ, അതിരമ്പുഴ, കുടയംപടി എന്നീ റോഡുകളാണു പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നത്. 

മരങ്ങൾ നട്ടുപിടിപ്പിക്കും

പൂങ്കാവനവും റോഡിന്റെ സൗന്ദര്യവൽക്കരണവും പദ്ധതിയുടെ ഭാഗമല്ല, റോഡിന്റെ നിർമാണ ജോലികൾക്ക് ശേഷം വിവിധ സംഘടനകളുടെയും  തദ്ദേശ വകുപ്പുകളുടെ നേതൃത്വത്തിലാകും സൗന്ദര്യവൽക്കരണം. റോഡ് നിർമാണത്തിന്റെ ഭാഗമായി നൂറിലേറെ പാഴ്മരങ്ങളടക്കം മുന്നൂറ്റി അൻപതിലധികം മരങ്ങൾ വെട്ടി മാറ്റിയിരുന്നു.

വനവൽക്കരണത്തിന്റെ ഭാഗമായി ഇവ നട്ടു പിടിപ്പിക്കുമെങ്കിലും എല്ലാം റോഡ് അരികിലാകില്ല. കൽക്കെട്ടിനും റോഡിനും ഭീഷണി ഉണ്ടാകാത്ത നിലയിലുള്ള മരങ്ങൾ ഗതാഗത മാർഗങ്ങൾ തടസ്സമാകാത്ത വിധം നട്ടുപിടിപ്പിക്കും.

121 കോടിയുടെ പദ്ധതികൾ ഇങ്ങനെ 

കോട്ടയം മെഡിക്കൽ കോളജിലേക്കുള്ള സുഗമമായ യാത്രാ മാർഗം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ 121 കോടി രൂപയാണ് വിവിധ പദ്ധതികൾക്കായി അനുവദിച്ചത്. മാന്നാനം, പരിപ്പ്, ഒളശ്ശ എന്നിങ്ങനെ മൂന്ന് പാലങ്ങളും, മെഡിക്കൽ കോളജിനു സമീപത്തെ 8 റോഡുകളുമാണു 121 കോടി രൂപയുടെ പദ്ധതി പ്രകാരം  നിർമിക്കുന്നത്. 

നിലവിലുള്ള പദ്ധതികളിൽ ഏറ്റവും ചെലവ് ഏറിയ റോഡാണ് മെഡിക്കൽ കോളജ് – ഗാന്ധിനഗർ റോഡ്. എന്നാൽ ഈ റോഡിന്റെ നിർമാണ ചെലവ് കൃത്യമായി വിലയിരുത്തിയിട്ടില്ല.  ഏകദേശം 45 കോടി രൂപയാണ് നിർമാണ ചെലവായി കണക്കാക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com