പനച്ചിക്കാട് ∙ കാണാതായ കുഞ്ഞാടിനെ ഇടയൻ കണ്ടെത്തിയ കഥകളാണ് സാധാരണ കേൾക്കാറുള്ളത്. എന്നാൽ, കാണാതായ പശുവിനെ സമൂഹ മാധ്യമം വഴി കണ്ടെത്തിയതാണ് പനച്ചിക്കാട്ടെ കൗതുക വാർത്ത. പാറപ്പുറം നാട്ടുവാ കുന്നങ്കര ഭാഗത്തു പുത്തൻപറമ്പിൽ മോഹനന്റെ വെച്ചൂർ പശുവിനെയാണ് കഴിഞ്ഞദിവസം കാണാതായത്. പാലായിൽ നിന്നെത്തിച്ച 2 വയസ്സിലധികം പ്രായമുള്ള പശുവിന് കാൽ ലക്ഷം രൂപ വില വരുമെന്ന് ഉടമ പറഞ്ഞു. പശുവിനെ നഷ്ടപ്പെട്ടതിനെ തുടർന്ന് ചിങ്ങവനം പൊലീസിൽ പരാതി നൽകി.
പിന്നീട് സമൂഹ മാധ്യമങ്ങളിൽ ചിത്രം സഹിതം അറിയിപ്പ് നൽകി. പാലായിൽനിന്ന് വാങ്ങി 24 മണിക്കൂറുകൾക്കുള്ളിലാണ് പശുവിനെ നഷ്ടപ്പെട്ടത്. രാത്രിയിൽ മോഹനൻ പശുവിന് തീറ്റ കൊടുത്തിരുന്നു. പിന്നീട് പുലർച്ചെ കെട്ടഴിഞ്ഞു പോവുകയായിരുന്നു. ചിത്രം കണ്ട മൂലംകുളത്തെ വീട്ടമ്മ പശുവിനെ പിടിച്ചുകെട്ടിയശേഷം വാട്സാപ്പിൽ സന്ദേശം അയച്ചു. ഇതോടെയാണ് ഉടമയ്ക്ക് പിറ്റേന്ന് പശുവിനെ കിട്ടിയത്. പശുവിനെ കാണാതായ വീട്ടിൽനിന്ന് അരക്കിലോമീറ്ററോളം അകലെ കിങ്സ് വേയുടെ പടിഞ്ഞാറു ഭാഗത്താണ് പശുവിനെ കണ്ടെത്തിയത്.