ADVERTISEMENT

കുറവിലങ്ങാട് ∙നിറഞ്ഞ മനസ്സോടെ ഡോ.തോട്ടം ശിവകരൻ നമ്പൂതിരി ഗുരുവായൂർ സന്നിധിയിലേക്കു യാത്രയായി.ഇനി 6 മാസം ഗുരുവായൂർ ക്ഷേത്രത്തിലെ പുറപ്പെടാ ശാന്തി.ഇന്ന്  മുതൽ 12 ദിവസത്തേക്കു ഭജനം. 31 ന് അടയാള ചിഹ്നമായ താക്കോൽക്കൂട്ടം ഏറ്റുവാങ്ങി ചുമതലയേൽക്കും. ഏപ്രിൽ ഒന്ന് മുതൽ 6മാസത്തേക്കാണ് നിയമനം.ശിവകരൻ നമ്പൂതിരിയും കുടുംബവും താമസിക്കുന്ന കുറിച്ചിത്താനത്തെ വസതിയിൽ ഇന്നലെ തിരക്കായിരുന്നു. നിലയ്ക്കാത്ത ഫോൺ വിളികൾ. അഭിനന്ദനവുമായി എത്തുന്ന ബന്ധുക്കളും സുഹൃത്തുക്കളും. എല്ലാവർക്കും നിറഞ്ഞ മനസ്സോടെ മറുപടി നൽകി പുഞ്ചിരിയോടെ ശിവകരൻ നമ്പൂതിരി. ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി വൈകിട്ട് ഗുരുവായൂരിലേക്കു പുറപ്പെട്ടു.

സാമവേദ പണ്ഡിതനായ ഡോ.തോട്ടം ശിവകരൻ നമ്പൂതിരിയെ ഗുരുവായൂർ മേൽശാന്തിയായി തിരഞ്ഞെടുത്തത് കഴിഞ്ഞ ദിവസമാണ്. അപ്രതീക്ഷിതമായ എത്തിയ സൗഭാഗ്യത്തിന്റെ പുണ്യം പരദേവതകൾക്കും കാരണവന്മാർക്കും ഹൃദയപൂർവം സമർപ്പിച്ചു. 48 വർഷമായി ശിവകരൻ നമ്പൂതിരി സാമവേദം ഉപാസിക്കുന്നു. ഗുരുവായൂരപ്പന്റെ സന്നിധിയിൽ മുറജപം നടത്തിയിട്ടുണ്ട്. ഇനിയുള്ള 6 മാസം സാമവേദം ചൊല്ലി ഗുരുവായൂരപ്പനു അഭിഷേകം നടത്തും. ഇതാദ്യമായാണ് സാമവേദ അഭിഷേകം ഗുരുവായൂരിൽ നടക്കുന്നത്. പാഞ്ഞാൾ ഗ്രാമത്തിൽ നിന്നുള്ള ആദ്യ മേൽശാന്തിയും ഡോ.ശിവകരൻ നമ്പൂതിരിയാണ്.

ഇന്ന് ആരംഭിക്കുന്ന ഭജനം ഒരുക്കമാണ്. രാവിലെ നിർമാല്യ ദർശനം മുതൽ രാത്രി അത്താഴപ്പൂജ വരെ എല്ലാ പൂജകളും കണ്ടു മനസ്സിലാക്കണം. മനസ്സും ശരീരവും ഗുരുവായൂരപ്പനു പൂർണമായി സമർപ്പിക്കണം. സംശയനിവാരണത്തിനു മുൻ മേൽശാന്തിമാരുടെയും തന്ത്രിയുടെയും ഓതിക്കന്മാരുടെയും സഹായം. ജന്മപുണ്യത്തിന്റെ പടി കടക്കുന്നതിനു മുൻപുള്ള ഒരുക്കങ്ങൾ. പേടിയും അഹങ്കാരവും ഇല്ലെന്നു ശിവകരൻ നമ്പൂതിരി പറയുന്നു. 6 മാസത്തേക്കു ബന്ധങ്ങൾക്കു അവധിയാണ്.പൂർണമായ സമർപ്പണം. തിരഞ്ഞെടുപ്പ് കഴിഞ്ഞു മണിക്കൂറുകളായെങ്കിലും ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. ജന്മ ജന്മാന്തര പുണ്യം എന്നല്ലാതെ എന്തു പറയാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com