ADVERTISEMENT

കുമരകം ∙ പള്ളിച്ചിറയ്ക്കു സമീപം തടി കൊണ്ടു നിർമിച്ച വില്ലയ്ക്കു പിടിച്ച തീ മറ്റ് മൂന്ന് വില്ലകളിലേക്കു പടരാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം. ശനിയാഴ്ച രാത്രി 11നാണ് തീ പിടിച്ചത്. സമീപത്തെ വില്ലകൾക്കു കൂടി തീ പിടിച്ചിരുന്നെങ്കിൽ പരിസരത്തെ വീടുകൾക്കും ഭീഷണിയാകുമായിരുന്നു. 

അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.  5 യൂണിറ്റ് എത്തിയാണു തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണമെന്തെന്നു വ്യക്തമല്ല. ഒരു കോടിയിലേറെ രൂപ ചെലവഴിച്ചു നിർമിച്ച വില്ല പൂർണമായും നശിച്ചു. ആൾപ്പാർപ്പില്ലാത്തതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. 

മുബൈയിലുള്ള കമ്പനിയുടെ ഉടമസ്ഥതയിൽ 9 വർഷം മുൻപു വില്ലകളുടെ പണി പൂർത്തിയാക്കിയെങ്കിലും പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. ചൈന, മലേഷ്യ എന്നിവിടങ്ങളിൽ നിന്നു പണിതു കൊണ്ടു വന്ന തടി ഉപയോഗിച്ചായിരുന്നു നിർമാണം. ആദ്യ ഘട്ടത്തിൽ ചൈനയിൽ നിന്ന് പണിക്കാർ എത്തിയിരുന്നു. തറ കോൺക്രീറ്റിലും മേൽക്കൂര പ്രത്യേക തരം ഷീറ്റ് ഉപയോഗിച്ചുമാണു പണിതത്.  ബാക്കി എല്ലാം തടി ഉപയോഗിച്ചും നിർമിച്ചു. 

4 മുറികളുള്ള വില്ലയ്ക്കു കായൽ ഭാഗത്തേക്കു ബാൽക്കണികളും ഉണ്ടായിരുന്നു. കായൽ ഭാഗത്തേക്കു ദർശനമുള്ള 3 വില്ലകളാണ്  അടുത്തടുത്തായി പണിതിരുന്നത്. ഇതിൽ വടക്കുവശത്തെ വില്ലയ്ക്കാണ് തീ പിടിച്ചത്. ഈ വില്ലയിൽ നിന്നു തീപ്പൊരി സമീപത്തെ വില്ലയിലേക്കു വീഴുന്ന സമയത്താണു കോട്ടയത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തിയത്. 2 യൂണിറ്റ് മറ്റു വില്ലകളിലേക്കു തീ പടരാതെ വെള്ളം പമ്പ് ചെയ്തു. 3 യൂണിറ്റ് തീപിടിച്ച വില്ലയിലേക്കു വെള്ളം പമ്പ് ചെയ്തു. 

kottayam-villa
കുമരകം പള്ളിച്ചിറയ്ക്കു സമീപം കത്തി നശിച്ച വില്ലയ്ക്കു സമീപത്തെ 2 വില്ലകൾ. ഈ വില്ലകളിലേക്കു തീ പടർന്നില്ല.

കഴിഞ്ഞ 8ന് ഇവിടത്തെ പുൽപ്പടർപ്പിനു തീ പിടിച്ചിരുന്നു. അന്ന് അഗ്നിരക്ഷാസേന എത്തുന്നതിനു മുൻപു തന്നെ നാട്ടുകാർ തീ അണച്ചിരുന്നു. വില്ലയ്ക്കു തീ പിടിച്ചതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വില്ലകളുടെ കെയർടേക്കർ ദുബായ് ഹോട്ടൽ ഉടമ ഷാജി തയ്യിൽ പൊലീസിൽ പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com