ADVERTISEMENT

ചങ്ങനാശേരി ∙ ഓരോ കാലഘട്ടത്തിന്റെയും ആവശ്യങ്ങൾ മനസ്സിലാക്കി സ്ഥാപനങ്ങളും സംഘടനകളും കെട്ടിപ്പെടുക്കുന്നതിൽ അതീവതൽപരനായിരുന്നു മാർ ജോസഫ് പൗവത്തിൽ. ആശയങ്ങൾ പകർന്നും പ്രചോദനമായി നിലകൊണ്ടും മറ്റു പല സംരംഭങ്ങൾക്കും അദ്ദേഹം മാർഗദർശിയായിട്ടുമുണ്ട്. നാൽപതിലേറെ പ്രസ്ഥാനങ്ങളും സംരംഭങ്ങളും മാർ പൗവത്തിൽ ആരംഭിച്ചതായാണ് ഔദ്യോഗിക രേഖകളിൽ ഉള്ളത്. അവയിൽ ചിലതിന്റെ വിവരങ്ങൾ ഇങ്ങനെ.

kottayam-mar-joseph
സ്നേഹപ്പൂക്കൾ മാർ ജോസഫ് പൗവത്തിലിന്റെ മാതൃഇടവകയായ കുറുമ്പനാടം അസംപ്ഷൻ ദേവാലയത്തിൽ അദ്ദേഹത്തോടുള്ള ആദരം പ്രകടിപ്പിക്കാൻ ഇടവകാംഗങ്ങൾ ചിത്രത്തിൽ പൂക്കൾ അർപ്പിക്കുന്നു. ചിത്രം: മനോരമ

മാർ തോമാ സഹോദരിമാർ

kottayam-semitiary
മചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിലെ മർത്തമറിയം കബറിടപ്പള്ളിയിൽ മാർ ജോസഫ് പൗവത്തിലിന്റെ കബറിടം തയാറാക്കുന്നു. ചിത്രം: മനോരമ

1988ൽ മാർ ജോസഫ് പൗവത്തിൽ രൂപീകരിച്ച ദയറാ സമൂഹമാണ് മാർ തോമാ സഹോദരിമാർ. താപസസന്യാസം ആദിമ ചൈതന്യത്തോടെ സംരക്ഷിക്കപ്പെടുന്നതിന് സിറോ മലബാർ സഭയിൽ സ്ത്രീകൾക്കായി സ്ഥാപിതമായ ആദ്യ ദയറാ സമൂഹമാണ് ഇത്. പ്രധാന ഭവനമായ ബേസ് തോമാ ദയറാ പാലമറ്റത്താണ് പ്രവർത്തിക്കുന്നത്. 8 പേരാണ് നിലവിൽ ദയറാ അംഗങ്ങൾ. ഇവിടത്തെ അംഗങ്ങൾക്ക് ദൈവശാസ്ത്രത്തിൽ കൂടുതലായി ദിശാബോധം നൽകുന്നതിൽ മാർ പൗവത്തിൽ എപ്പോഴും ശ്രദ്ധിച്ചിരുന്നു.

ജീവോദയ സെന്റർ

പൗരോഹിത്യ രജത ജൂബിലി സ്മാരകമായി, മാതൃഇടവകയായ കുറുമ്പനാടം അസംപ്ഷൻ ഇടവകയിൽ ഭിന്നശേഷിക്കാർക്കായി മാർ ജോസഫ് പൗവത്തിൽ സ്ഥാപിച്ച പ്രസ്ഥാനമാണ് ജീവോദയ സെന്റർ. മാർ പൗവത്തിലിന്റെ പേരിലുള്ള 50 സെന്റ് സ്ഥലവും വീടും ഇതിനായി  നൽകി. നിർധനർക്കായി ഡിസ്പൻസറിയും ആരംഭിച്ചുകുട്ടികൾക്ക് കളിക്കാൻ ഗ്രൗണ്ടില്ല എന്ന് അറിയിച്ചപ്പോൾ 20 സെന്റ് സ്ഥലം കൂടി വീണ്ടും ദാനമായി നൽകി. 126 കുട്ടികൾ ഇവിടെ പരിശീലനം നേടുന്നു.

തുരുത്തി കാനാ – പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്

കുടുംബങ്ങളുടെ ക്ഷേമത്തിനും പ്രതിസന്ധിയിൽ കടന്നുപോകുന്ന കുടുംബങ്ങളുടെ സഹായത്തിനുമായി 1994ൽ തുരുത്തിയിൽ ആരംഭിച്ച കാനാ സെന്ററിന്റെ രൂപീകരണത്തിനു പിന്നിലും മാർ ജോസഫ് പൗവത്തിലിന്റെ പ്രവർത്തനങ്ങൾ ഉണ്ട്. ഡിഅഡിക്‌ഷൻ സെന്ററായും ഫാമിലി കൗൺസലിങ് സെന്ററായുമാണ് ആദ്യം പ്രവർത്തിച്ചിരുന്നത്. പിന്നീട് കുടുംബങ്ങളുടെ പഠനം, കുടുംബക്ഷേമവുമായി ബന്ധപ്പെട്ട ക്ലാസുകൾ എന്നിവയും ആരംഭിച്ചു. 2005ൽ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആയി ഉയർത്തി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും ഇവിടേക്ക് ആളുകൾ എത്തി.

യുവദീപ്തി എസ്എംവൈഎം

കോളജ് സമരത്തോടനുബന്ധിച്ചാണ് ചങ്ങനാശേരി അതിരൂപതയിൽ യുവജനങ്ങളെ സംഘടിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചത്. 1972 ജൂലൈ 16ന് ചങ്ങനാശേരിയിൽ നടന്ന വിദ്യാഭ്യാസ അവകാശ സംരക്ഷണ റാലിയുടെയും പൊതുസമ്മേളനത്തിന്റെയും തുടർച്ചയായി ജൂലൈ 22ന് ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിൽ അതിരൂപതയിൽ ഏകീകൃതവും ശക്തവുമായ യുവജനപ്രസ്ഥാനം ആവശ്യമാണെന്ന് വ്യക്തമാക്കി എല്ലാ പള്ളികളിലേക്കും സർക്കുലർ അയച്ചു. എസ്ബി കോളജിലെ കല്ലറയ്ക്കൽ ഹാളിൽ നടന്ന ചടങ്ങിൽ കർദിനാൾ മാർ ആന്റണി പടിയറ സംഘടനയുടെ ഉദ്ഘാടനം നിർവഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com