ADVERTISEMENT

കടുത്തുരുത്തി∙ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ട്രെയിനിനെ ആശ്രയിക്കുന്ന യാത്രക്കാർക്ക് ട്രെയിൻ യാത്രയും ദുസ്സഹമാകുന്നു. ദിവസേന നൂറുകണക്കിന് ആളുകളാണ് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നുമുള്ള ട്രെയിൻ സർവീസുകളെ ആശ്രയിക്കുന്നത്. രാവിലെ 6:57ന്റെ മെമുവിലും 7:37ന്റെ പാലരുവി എക്സ്പ്രസിലും തിരക്ക് കാരണം യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.

ഈ ട്രെയിനുകളിലെ ബോഗികൾ കൂട്ടണമെന്നും പാലരുവിക്കും വേണാടിനും ഇടയിൽ പുതിയ മെമു സർവീസ് ആരംഭിക്കണമെന്നും നിവേദനങ്ങൾ നൽകി കാത്തിരിക്കുമ്പോഴാണ് വൈക്കത്ത് നിന്ന് രാവിലെ 6:57നുള്ള കൊല്ലം എറണാകുളം മെമു, വൈകിട്ട് 06:15ന് എറണാകുളത്ത് നിന്നുള്ള എറണാകുളം കൊല്ലം മെമു എന്നീ ട്രെയിനുകളുടെ ബോഗികൾ മുന്നറിയിപ്പില്ലാതെ കുറച്ചിരിക്കുന്നത്.

12 ബോഗികളുമായി സർവീസ് നടത്തിയിരുന്ന മെമുവിലെ 4 ബോഗികൾ ആണ് അറ്റകുറ്റപ്പണികൾ എന്ന പേരിൽ പകരം സംവിധാനങ്ങൾ ഏർപ്പെടുത്താതെ വെട്ടിക്കുറച്ചത്. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയിൽ ജോലി ചെയ്യുന്ന സർക്കാർ –സ്വകാര്യ –ഐടി ജീവനക്കാർക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും എറണാകുളത്തെ ആശുപത്രികളിലേക്ക് പോകുന്നവർക്കും അടക്കം ഏറെ ഉപകാരപ്രദമാകുമായിരുന്നു ഈ സർവീസുകൾ.

കോട്ടയം പാതയിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ജനപ്രിയ സർവീസിനോടാണു റെയിൽവേയുടെ ഈ അവഗണന. ബോഗികൾ വെട്ടിക്കുറച്ചത് അറിയാതെ പ്ലാറ്റ്ഫോമിൽ കാത്തു നിൽക്കുന്ന യാത്രക്കാർ ട്രെയിനിൽ കയറാൻ ഓടേണ്ടി വരുന്നത് അപകട സാധ്യതയും വർധിപ്പിക്കുന്നു.മെമു ട്രെയിനുകളുടെ വെട്ടിക്കുറച്ച ബോഗികൾ പുന:സ്ഥാപിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com