ADVERTISEMENT

പേരൂർ∙ പണി എങ്ങുമെത്തിയില്ല, നൂറുകണക്കിനി ആളുകളുടെ സഞ്ചാര മാർഗമായ നടയ്ക്കൽ പാലം അടച്ചു പൂട്ടിയിട്ട് 2 മാസം പൂർത്തിയാകുന്നു. കലുങ്ക് നിർമാണ ജോലികൾ ഇഴഞ്ഞു നീങ്ങുന്നതു മൂലം മറുകര എത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. കരാറുകാരന്റെ അനാസ്ഥയാണ് നിർമാണ ജോലികൾ വൈകാൻ കാരണമെന്നും അടിയന്തരമായി പണി പൂർത്തിയാക്കിയില്ലെങ്കിൽ സമര പരിപാടികളുമായി രംഗത്ത് എത്തുമെന്നുമാണു നാട്ടുകാരുടെ മുന്നറിയിപ്പ്. കാരിത്താസ്– മന്നാമല– മണർകാട് ബൈപാസ് റോഡിനെ ബന്ധിപ്പിക്കുന്നതാണ് നടയ്ക്കൽ പാലം. 

കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിലേക്കും നഗരത്തിലേക്കും ഗതാഗത തിരക്കില്ലാതെ വേഗത്തിലെത്താൻ കഴിയുന്ന ‌റോഡ് ആണിത്. റോഡിന്റെ സംരക്ഷണഭിത്തി കഴിഞ്ഞ വർഷം ഇടിഞ്ഞു താഴ്ന്നിരുന്നു. ഇതു പുതുക്കി പണിതതോടെ റോഡിനു പാലത്തിനേക്കാൾ വീതിയായി. കൂടാതെ കൽക്കെട്ടുകൾ ഇളകിയും കാലപ്പഴക്കത്താൽ ശോചനീയാവസ്ഥയിലുമായിരുന്നു പാലം. പാലത്തിന്റെ അപകടാവസ്ഥ മുന്നിൽ കണ്ടാണ് പുതുക്കി പണിയാൻ തീരുമാനിച്ചത്.

പിഡബ്ല്യുഡിയാണ് നിർമാണം നടത്തുന്നത്. മാർച്ച് മാസത്തിനു മുൻപ് നിർമാണ ജോലികൾ പൂർത്തിയാക്കാമെന്ന ഉറപ്പിലാണ് പണി തുടങ്ങിയതെന്നു നാട്ടുകാർ പറയുന്നു. എന്നാൽ, ഇടയ്ക്കു വച്ചു നിർമാണം ഇഴയുകയായിരുന്നു. ഇതോടെ അക്കര ഇക്കരെ കടക്കാൻ മാർഗം ഇല്ലാതെ നാട്ടുകാർ ദുരിതത്തിലുമായി. 

നിർമാണ ജോലികൾ അടിയന്തരമായി പൂർത്തിയാക്കുമെന്ന ഉറപ്പിലാണ് റോഡ് അടച്ചുപൂട്ടാൻ അനുമതി നൽകിയതെന്നും പണികൾ ഇഴഞ്ഞപ്പോൾ പലതവണ അധികൃതരുമായി സംസാരിച്ചെന്നും വാർഡ് അംഗം ബിബീഷ് പറഞ്ഞു. ഇതേസമയം പാലത്തിന്റെ സമീപത്തു ജലഅതോറിറ്റിയുടെ പൈപ്പുകൾ പോകുന്നുണ്ടെന്നും ഇത് ഇടയ്ക്കു പൊട്ടുന്നത് നിർമാണ പ്രവർത്തനത്തെ ബാധിക്കുന്നതായും പിഡബ്ല്യുഡി അധികൃതരുടെ പറയുന്നു.

ഇതിനാൽ സംരക്ഷണ ഭിത്തി ഇടിയുന്നുണ്ട്. ഇപ്പോൾ നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. ഏപ്രിൽ അവസാനത്തോടെ ജോലികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു.

നിർമാണം ഇങ്ങനെ

കലുങ്ക്, സംരക്ഷണ ഭിത്തി, റോഡ് എന്നിവയ്ക്കാണ് 25 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. 4 മീറ്റർ വീതം ഉയരവും വീതിയുമുള്ള കലുങ്കു നിർമിക്കുന്നത്. 8 മീറ്ററാണു പാലത്തിന്റെ ആകെ വീതി. സംരക്ഷണ ഭിത്തിക്ക് കൽക്കെട്ടിനു പകരം കോൺക്രീറ്റ് ഭിത്തിയാണു നിർമിക്കുന്നത്. ഇപ്പോൾ കലുങ്കിന്റെ തൂണുകൾ സ്ഥാപിക്കുന്ന ജോലികളാണ് നടക്കുന്നത്. ഇതു പൂർത്തിയായാൽ സ്ലാബ് നിർമാണം ആരംഭിക്കും. 28 ദിവസം വെള്ളം കെട്ടി നിർത്തി ഉറപ്പു വരുത്തേണ്ടതുണ്ട്.

ഈ സമയത്ത് കോൺക്രീറ്റ് കൊണ്ടുള്ള സംരക്ഷണഭിത്തി നിർമിക്കും. തുടർന്ന് മണ്ണും കല്ലും ഇട്ട് റോഡ് നിർമിക്കും. റോഡിനു ഉറപ്പു വരുത്തുന്നതിനു 28 ദിവസം വേണ്ടി വരും. പാലത്തിനു മുകളിലൂടെ ടാറിങ് നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com