ADVERTISEMENT

പുളിക്കൽകവല ∙ ഒരു നാടിന്റെ യാത്ര സ്വപ്നങ്ങളിൽ ഒപ്പം നിൽക്കുന്ന ‘ കാനം വണ്ടി’ 60ന്റെ നിറവിൽ. കോട്ടയം –കാനം റൂട്ടിൽ ഓടുന്ന സെന്റ് തോമസ് ബസാണ് ഒരേ പേരിൽ നാടിനു ഓർമകളുടെ ഗൃഹാതുരതയുമായി 60ാം വർഷവും സർവീസ് നടത്തുന്നത്. കാനം വണ്ടി എന്നാണ് സെന്റ് തോമസ് ബസിനെ അക്കാലത്തും ഇപ്പോഴും അറിയപ്പെടുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെ ഈ ബസിലെ പതിവ് യാത്രക്കാർ ആയിരുന്നു. 

സർവീസ് മുടക്കാത്ത ബസ് എന്ന പ്രത്യേകതയാണ് നാട്ടുകാർക്കു സെന്റ് തോമസ് ബസിനോടുള്ള ഇഷ്ടത്തിനു കാരണം. യാത്രക്കാർ കാൽനടയായി കൂടുതൽ ആശ്രയിച്ചിരുന്ന കാലത്ത് കാനത്തേക്ക് ആദ്യം എത്തിയ ബസ് കൂടിയായിരുന്നു സെന്റ് തോമസ്. കോട്ടയം –കാനം റൂട്ടിൽ ആയിരുന്നു ആദ്യകാല സർവീസ്. 

പിന്നീട് ചാമംപതാൽ  വരെ നീട്ടി. പിന്നീട് പൊൻകുന്നം വരെ റൂട്ട് നീട്ടി. 1963 ഫെബ്രുവരി 5നാണ് ബസിനു പെർമിറ്റ് ലഭിച്ചത്.1963 മുതൽ 1987 വരെ ഒതളത്തുംമൂട്ടിൽ പി.വി.ചാക്കോയുടെ പേരിലായിരുന്നു ബസ്. പിന്നീട് മകൻ ജോൺ കെ.ജേക്കബിന്റെ (ലാൽ)  പേരിൽ ഇപ്പോഴും തുടരുന്നു. കോവിഡ് കാലത്ത് ഏതാനും നാളുകൾ മാത്രമാണ് 60 വർഷത്തിനിടെ ബസ് സർവീസ് മുടക്കിയത്. 

യാത്രക്കാർ കുറഞ്ഞ കാലത്തും ഉടമ കയ്യിൽ നിന്നു പണം നൽകി സർവീസ് നടത്തി നാടിനോടുള്ള ബസിന്റെ പ്രതിബദ്ധത തെളിയിച്ചു. തോമസ്, മത്തായി, വർഗീസ്, ചാക്കോച്ചൻ എന്നിവരായിരുന്നു ആദ്യകാല ജീവനക്കാർ. യാത്രക്കാരോടുള്ള ജീവനക്കാരുടെ സൗഹാർദപരമായ ഇടപെടലും ബസ്  സർവീസിനെ ജനകീയമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചതിന് സഹായിച്ചെന്നു ഉടമ ലാലും 50 വർഷമായി ബസിന്റെ മാനേജരായി സേവനം ചെയ്യുന്ന കോത്തല സ്വദേശി കുഞ്ഞുമോനും പറയുന്നു.

കാനത്തിന്റെ നാട്ടു വഴികളിലൂടെ നീട്ടി ഹോൺ മുഴക്കി സെന്റ് തോമസ് ബസ് കടന്നുപോകുമ്പോൾ 3ാം തലമുറയും ബസിലെ യാത്രക്കാരായി എത്തിക്കൊണ്ടിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com