വൈക്കം ∙ ലഹരിമാഫിയയ്ക്കെതിരെ കർശനനിലപാടുമായി വെച്ചൂർ പഞ്ചായത്ത്. 603 പാക്കറ്റ് നിരോധിത പുകയില ഉൽപന്നം പിടികൂടി. ഇടയാഴം- കല്ലറ റോഡരികിൽ പ്രവർത്തിക്കുന്ന ഷീബാസ് ഹോട്ടലിൽ നിന്നു പഞ്ചായത്തും ആരോഗ്യവിഭാഗം അധികൃതരും നടത്തിയ പരിശോധനയിലാണു പുകയില ഉൽപന്നം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമ കല്ലറ സൗത്ത് കുന്നുംപുറത്ത് ടി.പി.ഫൈസലിനെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ പതിനൊന്നോടെ വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈല കുമാറിന്റെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്. 603 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ ചാക്കിലാക്കി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഹോട്ടലുടമ ഫൈസൽ ഇതിനു മുൻപും പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ.മണിലാൽ, വാർഡ് അംഗം എൻ.സഞ്ജയൻ എന്നിവരും പരിശോധനാസംഘത്തിൽ ഉണ്ടായിരുന്നു. ഇവിടെ പുകയില വിൽപന നടത്തുന്നതായി പഞ്ചായത്തിനു ലഭിച്ച വിവരത്തെത്തുടർന്നായിരുന്നു പരിശോധന. പരാതി ഉയരുന്ന പ്രദേശങ്ങളിൽ പരിശോധന കർശനമാക്കാനാണു പഞ്ചായത്തിന്റെ തീരുമാനം. പിടികൂടിയ പുകയില ഉൽപന്നങ്ങൾ വൈക്കം പൊലീസിനു കൈമാറിയതായി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ പറഞ്ഞു.