പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിപ്പെരുമയും
കോട്ടയം ∙ മീനസൂര്യൻ പൊന്നുരുക്കി നക്കരക്കുന്നിലൊഴിച്ചു. ചൂടിലും തളരാതെ പൂരപ്രേമികൾ ആരവം മുഴക്കി.ചമയങ്ങളണിഞ്ഞെത്തിയ കൊമ്പനാനകളുടെ അഴകും മേളവിസ്‌മയവും അതിശയപ്പൂരം തീർത്തു. ഇല്ലാച്ചെണ്ടയിൽ കയ്യെറിഞ്ഞും ആവേശത്തോടെ ആർത്തു വിളിച്ചും പുരുഷാരം പൂരത്തെ പൊടിപൂരമാക്കി. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഏഴാം ഉത്സവദിനത്തോട് അനുബന്ധിച്ചു നടന്ന പൂരം കാഴ്ചക്കാരുടെ കണ്ണിനും കാതിനും മറക്കാത്ത അനുഭവമായി.

വിവിധ ക്ഷേത്രങ്ങളിൽ നിന്ന് എത്തിയ ചെറുപൂരങ്ങൾ നാലുമണിയോടെ മഹാദേവക്ഷേത്ര മൈതാനത്ത് ഇരുപുറത്തുമായി അണിനിരന്നു. ക്ഷേത്രമൈതാനത്തിനു കിഴക്കും പടിഞ്ഞാറുമായി 11 വീതം ഗജവീരന്മാർ നെറ്റിപ്പട്ടം കെട്ടി നിരന്നു. പടിഞ്ഞാറൻ ചേരുവാരത്ത് ഭാരത് വിനോദും കിഴക്കൻ ചേരുവാരത്ത് പാമ്പാടി രാജനും തിടമ്പേറ്റി. പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ 111 മേള വാദ്യ കലാകാരന്മാർ മേളത്തിനു തുടക്കമിട്ടു.

തുടർന്നു പഞ്ചാരിയുടെ ലാസ്യ ചലനം. 92 അക്ഷര കാലത്തിൽ നിന്ന് ഇരട്ടിച്ച് 48, 24, 12, ആറ് അങ്ങനെ നീണ്ട അഞ്ചു കാലങ്ങൾ. പെരുവനത്തിന്റെയും കൂട്ടരുടെയും വിരുതിൽ മതിമറന്നു തിരുനക്കര. മേളപ്പൂരത്തിൽ നാട് അലിഞ്ഞു.തന്ത്രി താഴമൺ മഠം കണ്ഠര് മോഹനര് ഭദ്രദീപം തെളിച്ചു. ക്ഷേത്രമൈതാനത്ത് എത്തിയ മന്ത്രി വി.എൻ വാസവനും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ബിജെപി ജില്ലാ പ്രസിഡന്റ് ജി. ലിജിൻ ലാലും ആശംസ നേർന്നു.ക്ഷേത്രത്തിന്റെ പടവുകളിലും മൈതാനത്തും ജനക്കൂട്ടം പൂരത്തെ വരവേൽക്കാൻ ഉച്ചയോടെ തന്നെ കാത്തുനിന്നിരുന്നു.
ശ്രീബലിക്ക് നിരന്നത് 9 ആനകൾ

കോട്ടയം ∙ തിരുനക്കര ഉൽസവത്തോടനുബന്ധിച്ച് ഇന്നലത്തെ ശ്രീബലി എഴുന്നള്ളിപ്പിന് ഈരാറ്റുപേട്ട അയ്യപ്പൻ തിടമ്പേറ്റി. വേമ്പനാട് അർജുനൻ, ഭാരത് വിനോദ്, ചൈത്രം അച്ചു, പാലാ കുട്ടിശങ്കരൻ, പാമ്പാടി സുന്ദരൻ, ഗുരുവായൂർ ഗോകുൽ, പരിമണം വിഷ്ണു, ഉഷശ്രീ ശങ്കരൻകുട്ടി എന്നീ ആനകൾ അകമ്പടിയായി.
പാറപ്പാടം സജീഷ്, മാവേലിക്കര പ്രദീപ്, തിരുവാർപ്പ് ഗണേഷ് എന്നിവർ ശ്രീബലിക്ക് നാഗസ്വര മേളവും വെള്ളൂത്തുരുത്തി ശ്രീലാൽ മാരാരും സംഘവും പഞ്ചവാദ്യവും ഒരുക്കി. വിശ്വകർമ സൊസൈറ്റി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ പൂത്താല രഥഘോഷയാത്രയും അയ്മ്പൊലി സമർപ്പണവും നടന്നു.
ജില്ലാ ഭരണകൂടം, പൊലീസ്, ക്ഷേത്ര ഉപദേശക സമിതി, നക്കരക്കുന്ന് ആനപ്രേമി സംഘം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൂരത്തിന്റെ സംഘാടനം. ഉന്നത പൊലീസുദ്യോഗസ്ഥർ ഉൾപ്പെടെ മുന്നൂറോളം പൊലിസുകാർ സേവനത്തിനെത്തി. ആൾത്തിരക്കിൽ സ്ത്രീസുരക്ഷയ്ക്കു പ്രാധാന്യം നൽകിയതിനാൽ കൂടുതൽ വനിതാ പൊലീസുദ്യോഗസ്ഥരും ഡ്യൂട്ടിക്കെത്തി.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.സി. ഗണേഷ്, വൈസ് പ്രസിഡന്റ് പ്രദീപ് മന്നക്കുന്നം, ജനറൽ സെക്രട്ടറി അജയ് ടി. നായർ, ജനറൽ കോ ഓർഡിനേറ്റർ ടി.സി. രാമാനുജം, ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ വി. കൃഷ്ണകുമാർ, അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ സി.പി. സതീഷ്കുമാർ, അഡ്മിനിസ്ട്രേറ്റർ ഓഫിസർ പി.ആർ. മീര എന്നിവർ പൂരം പരിപാടികൾക്കു നേതൃത്വം നൽകി.