കോട്ടയം ∙ തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഇന്നു പള്ളിവേട്ട. ഇന്നു രാത്രി 12.30നാണ് പള്ളിവേട്ട എഴുന്നള്ളിപ്പ്. ദർശന പ്രാധാന്യമേറുന്ന ചടങ്ങാണ് പള്ളിനായാട്ട്. ഉത്സവകാലത്ത് ദേവൻ ആദ്യമായി ക്ഷേത്ര മതിൽക്കെട്ടിനു പുറത്തേക്കെഴുന്നള്ളുന്ന ചടങ്ങാണിത്. ഇതോടെ ദേവചൈതന്യം ഗ്രാമത്തിലാകെ വ്യാപിക്കുമെന്നാണ് വിശ്വാസം. ഭക്തരുടെ മനസ്സിലെ മൃഗീയ വാസനകളെയാണ് പള്ളിവേട്ടയിലൂടെ ഭഗവാൻ നിഗ്രഹിക്കുന്നത്. പാരമ്പര്യത്തനിമ ചോരാതെയുള്ള ചടങ്ങുകളാണ് ക്ഷേത്രത്തിലെ പള്ളിവേട്ട.
മേളവാദ്യങ്ങൾ ഇല്ലാതെ നിശബ്ദമായാണു പള്ളിവേട്ട ആലിൻ ചുവടിനു സമീപത്തേക്കുള്ള എഴുന്നള്ളത്ത്.പള്ളിവേട്ടയ്ക്ക് ക്ഷേത്ര മൈതാനത്ത് പ്രത്യേകമായി താൽക്കാലിക കാടിന്റെ അന്തരീക്ഷം ഉണ്ടാക്കുകയാണ് പതിവ്. താന്ത്രിക ചടങ്ങുകൾക്കുശേഷം ഭഗവാന്റെ വേട്ടയുടെ കഥകൾ വിവരിക്കുന്ന നായാട്ടുവിളി ഭക്തരുടെ പങ്കാളിത്തത്തോടെ പൂർണമാകും. അവസാന ഘട്ടത്തിൽ മാത്രമാണു മേളം. പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വിജയാഘോഷത്തോടെ ഭഗവാൻ തിരിച്ചെഴുന്നള്ളും.