ADVERTISEMENT

കാഞ്ഞിരപ്പള്ളി∙ വിരമിച്ചിട്ടും കളിക്കളം വിടാതെ ചാക്കോ ജോസഫ്. പൊതു വിദ്യാഭ്യാസ വകുപ്പ് കായിക വിഭാഗം റിട്ട. ജോയിന്റ് ഡയറക്ടർ ഡോ. ചാക്കോ ജോസഫും ഭാര്യ പാമ്പാടി ഗവ. എൻജിനീയറിങ് കോളജിലെ കായികവിഭാഗം മേധാവി ഡോ.സിനി ഏബ്രഹാമുമാണു സ്വന്തം നാടായ വിഴിക്കിത്തോട് ഗ്രാമത്തിൽ കളിക്കളമൊരുക്കിയത്. ഒട്ടേറെ കായിക താരങ്ങളെ സംഭാവന ചെയ്ത മലയോര മേഖലയിലെ പുതുതലമുറയ്ക്ക് വ്യായാമത്തിനും കായിക പരിശീലനത്തിനും വേണ്ടിയാണ് ഇൻഡോർ സ്റ്റേഡിയം നിർമിച്ചതെന്നു മേഖലയിലെ വിവിധ സർക്കാർ സ്കൂളുകളിൽ കായികാധ്യാപകനായിരുന്ന ഡോ.ചാക്കോ ജോസഫ് അറിയിച്ചു.

ചാക്കോ ജോസഫിനു വിരമിച്ചപ്പോൾ ലഭിച്ച തുക ഉപയോഗിച്ച് നിർമാണം തുടങ്ങിയ സ്റ്റേഡിയം പൂർത്തീകരിക്കാൻ ഭാര്യയുടെയും മക്കളുടെയും സഹായവും വേണ്ടി വന്നു. വിഴിക്കിത്തോട്- ചേനപ്പാടി റോഡരികിലെ ഇവരുടെ വീടിനോട് ചേർന്നുള്ള 25 സെന്റ് സ്വന്തം സ്ഥലത്തു 5,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച സ്റ്റേഡിയത്തിന്റെ പ്രതലത്തിൽ ഇറക്കുമതി ചെയ്ത കനേഡിയൻ തടിയാണു പാകിയിരിക്കുന്നത്. ബാഡ്മിന്റനിലാണു പ്രധാനമായും പരിശീലനം രാവും പകലും ഒരേ പോലെ ഉപയോഗിക്കാൻ കഴിയുന്ന വിധം 120 ട്യൂബ് ലൈറ്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ, ഡ്രസിങ് മുറികൾ, വിശാലമായി പാർക്കിങ് സൗകര്യം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 5 മുതൽ 8 വരെയും വൈകിട്ട് 5 മുതൽ രാത്രി 11 വരെയും കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക പരിശീലനമുണ്ടാകും. വിഴിക്കിത്തോട് ഗ്രാമത്തിലെ സാമ്പത്തികമായി പിന്നാക്കമായ കുടുംബങ്ങളിലെ കായികാഭിരുചിയും കഴിവുമുള്ള കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകുമെന്ന ഡോ.ചാക്കോ ജോസഫ് അറിയിച്ചു.

ദേശീയ മാസ്റ്റേഴ്സ് ബാഡ്മിന്റൻ ഡബിൾസ് ചാംപ്യനായ ഡോ. ചാക്കോ ജോസഫിനൊപ്പം സംസ്ഥാന, സർവകലാശാല താരങ്ങളായ എം.എം. സനൽ കുമാർ, ജോബിൻ ജോണി എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകും. സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 5.30ന് ഒളിംപിക്സ് ഹോക്കി മെഡൽ ജേതാവ്  പി.ആർ.ശ്രീജേഷ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പന്റെ അധ്യക്ഷതയിൽ സമ്മേളനം ഗവ. ചീഫ് വിപ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. മുൻ കേന്ദ്രമന്ത്രി പി.സി.തോമസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം ജെസി ഷാ‍ജൻ, ദ്രോണാചാര്യ കെ.പി.തോമസ്, റിട്ട. കായികാധ്യാപകൻ വി.എൻ.കൃഷ്ണപിള്ള എന്നിവർ സ്റ്റേഡിയത്തിലെ കോർട്ടുകൾ ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com