സത്യത്തിന്റെ അദൃശ്യകരം പ്രതിയിൽ നിന്നു തന്നെ തുമ്പുണ്ടാക്കിയ കേസ്; 10 വർഷത്തിനു ശേഷം വിധി

kottayam-murder-house
ഇരട്ടക്കൊലപാതകം നടന്ന പഴയിടത്തെ വീട്
SHARE

കാഞ്ഞിരപ്പള്ളി ∙ മണിമലയാറിന്റെ ഇരുകരകളിലും സ്ഥിതി ചെയ്യുന്ന പഴയിടം ഗ്രാമം. അധ്വാനിച്ചു സ്വസ്ഥജീവിതം നയിക്കുന്ന ഗ്രാമവാസികൾ. തീമ്പനാൽ (ചൂരപ്പാടിയിൽ) എൻ.ഭാസ്കരൻ നായരും ഭാര്യ തങ്കമ്മയും വീടിനുള്ളിൽ കൊല്ലപ്പെട്ടു കിടക്കുന്ന കാഴ്ച കണ്ടാണ്  2013 ഓഗസ്റ്റ് 28നു നാടുണർന്നത്. ഒരു തെളിവും അവശേഷിപ്പിക്കാതെ ബന്ധു നടത്തിയ കൊലപാതകം. സത്യത്തിന്റെ അദൃശ്യകരം പ്രതിയിൽ നിന്നു തന്നെ തുമ്പുണ്ടാക്കിയ കേസിന്റെ വിധിയാണ് 10 വർഷത്തിനു ശേഷം ഇന്നലെ ഉണ്ടായത്.

kottayam-murder-case-cousins
കൊല്ലപ്പെട്ട ദമ്പതികളുടെ മക്കളായ ബിന്ദു ഷാജിയും ബിനു രാജുവും വിധകേട്ട ശേഷം കോട്ടയം അഡീഷനൽ സെഷൻസ് കോടതിയിൽ നിന്നു പുറത്തേക്കു വരുന്നു. ചിത്രം: മനോരമ

തുടർച്ചയായി മോഷണം; ഇടയ്ക്ക് കൊലപാതകം

pazhayidom-twin-murder-case-arun-sasi
കോടതി ഉത്തരവിന്റെ പകർപ്പ് അഭിഭാഷകന്റെ ഓഫിസിൽ നിന്ന് എത്തിച്ചപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ പ്രതി അരുൺ ശശിക്കു കൈമാറുന്നു. ചിത്രം: മനോരമ

ബെംഗളൂരുവിലെയും കേരളത്തിലെയും വിവിധ കമ്പനികളിലായി ജോലി ചെയ്തെങ്കിലും ഒരിടത്തും സ്ഥിരമാകാതെ വന്നതോടെയാണ് അരുൺ നാട്ടിൽ നിൽക്കാൻ തീരുമാനിച്ചത്. തന്റെ കാർ അപകടത്തിൽ പെട്ടതോടെ പുതിയ കാർ വാങ്ങാൻ നിശ്ചയിച്ചു. ഇതിനുള്ള പണം സ്വന്തം വീട്ടിൽ ചോദിച്ചെങ്കിലും ലഭിച്ചില്ല. തുടർന്നാണു മോഷണം നടത്താനിറങ്ങിയത്. കൊലപാതകത്തിനു 3 മാസം മുൻപ് ആദ്യമോഷണം.

pazhayidam-twin-murder-case-baskaran-nair-and-thankamma
എൻ.ഭാസ്കരൻ നായർ, തങ്കമ്മ

അച്ഛന്റെ മറ്റൊരു സഹോദരിയുടെ മാല മോഷ്ടിച്ചു. മോഷ്ടാവിനെ തിരയാൻ അരുണും അന്നു നാട്ടുകാർക്കൊപ്പം കൂടിയിരുന്നു. പിന്നീടു പഴയിടത്തെത്തി അമ്മായിയെയും ഭർത്താവിനെയും കൊലപ്പെടുത്തി സ്വർണം കവർന്നു. അതിനുശേഷം കഞ്ഞിക്കുഴിയിൽ മാലമോഷണത്തിനിടെ പിടിക്കപ്പെട്ടപ്പോൾ കുറ്റകൃത്യങ്ങൾ ഓരോന്നായി പുറത്തായി. കൊലപാതകം നടന്ന അന്നു രാവിലെയും അരുൺ മാല മോഷ്ടിക്കാൻ ശ്രമിച്ചതായി പൊലീസ് കണ്ടെത്തി. വാഴൂരിൽ ഒരു യുവതിയെ തടഞ്ഞു നിർത്തിയെങ്കിലും ഇവർ ബഹളം വച്ചതോടെ കടന്നുകളയുകയായിരുന്നു.

ബൈക്കിലെ രക്തക്കറ നിർണായക തെളിവ്

arun-sasi

ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം അരുൺ സ്വന്തം വീട്ടിലെത്തുമ്പോൾ അച്ഛൻ വീടിന്റെ ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു. അച്ഛൻ ഉറങ്ങിയില്ലെന്നു തിരിച്ചറിഞ്ഞ അരുൺ ഇരുട്ടിൽ മറഞ്ഞുനിന്നു. തുടർന്നു കുളിച്ചിട്ട് അകത്തേക്കു വരാം, പോയി കിടന്നോളൂ എന്ന് അച്ഛനോടു വിളിച്ചു പറഞ്ഞു. വീടിന്റെ പിൻവശത്തെ കുളിമുറിയിലെത്തി വസ്ത്രങ്ങൾ കഴുകി രക്തക്കറ മാറ്റി. തുടർന്നു വീട്ടുകാർ ഉറങ്ങി എന്നുറപ്പാക്കിയ ശേഷം കുളിമുറിയിലെ രക്തക്കറ കഴുകി വൃത്തിയാക്കി. കുളിമുറിയിലും അരുണിന്റെ ബൈക്കിലും കണ്ടെത്തിയ രക്തക്കറകൾ കേസിൽ നിർണായക തെളിവായി. കൊലപാതകം നടന്ന വീട്ടിൽ നിന്നു മോഷ്ടിച്ചുവിറ്റ 57 ഗ്രാം സ്വർണം വിവിധ ജ്വല്ലറികളിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തതും തെളിവായി.

പ്രതിയുടെ വിരലടയാളം ഒരിടത്തു മാത്രം

കൊലപാതക തയാറെടുപ്പുകളുടെ ഭാഗമായി അരുൺ, ഭാസ്കരൻ നായരുടെ വീട്ടിലേക്കുള്ള ഫോൺ കണക്‌ഷൻ രാത്രി വിഛേദിച്ചു. വീട്ടുമുറ്റത്തെ ബൾബ് ഊരി മാറ്റി. പിന്നീടു രാത്രി എത്തി കോളിങ് ബെൽ അമർത്തി. ഭാസ്കരൻ നായർ എത്തി കതകു തുറന്നതോടെ അരുൺ അകത്തുകയറുകയായിരുന്നു. രണ്ടാം നിലയിൽ നിന്ന് ഊരിയ മാറ്റിയ ബൾബിൽ മാത്രമാണ് അരുണിന്റെ വിരലടയാളം പൂർണമായി പതിഞ്ഞിരുന്നത്. 

ഇംഗ്ലിഷ് സിനിമകളുടെ ഒട്ടേറെ സിഡികളും ഡിവിഡികളും ഇയാൾ വാങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തി. കുറ്റാന്വേഷണ സിനിമകളാണ് ഇയാൾ കണ്ടിരുന്നതിൽ ഏറെയും. മൃതദേഹത്തിലും മുറിയിലും അരിപ്പൊടിയും മഞ്ഞൾപ്പൊടിയും വിതറിയതും കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം മദ്യത്തിൽ കഴുകിയതും സിനിമയിൽ നിന്നു ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിലാണെന്നാണു പൊലീസ് കണ്ടെത്തൽ.

വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ട ഫയൽ

കോട്ടയം ∙ ‘‘വെള്ളപ്പൊക്കത്തിൽ ഫയലുകളെല്ലാം നശിച്ചു. കേസിന്റെ വിസ്താരത്തിനു ഹാജരാകണമെങ്കിൽ ഫയൽ ഫഠിക്കണം. ഇത്രയധികം ടെൻഷൻ അനുഭവിച്ച കാലയളവില്ല. എങ്കിലും എല്ലാം ഭംഗിയായി കലാശിച്ചു’’– കോടതിവിധി കേൾക്കാനെത്തിയ പഴയിടം ഇരട്ടക്കൊലക്കേസ് അന്വേഷിച്ച അന്നത്തെ മണിമല സിഐ എസ്.അശോക് കുമാറിന്റെ പ്രതികരണം ഇതായിരുന്നു. അശോക് കുമാർ 2019ൽ ഡിവൈഎസ്പിയായി വിരമിച്ചു.

മണിമല സ്റ്റേഷനിലായിരുന്നു കേസിന്റെ ഫയലുകൾ. 2019ലെ വെള്ളപ്പൊക്കത്തിൽ സ്റ്റേഷനിലെ ഫയലുകൾ നശിച്ചു. വിസ്താരത്തിന്റെ നാളുകൾ അടുത്തതോടെ ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടെ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫിസിൽ സൂക്ഷിച്ചിരുന്ന കേസിന്റെ ഫയലുകളിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു പഠിച്ചു. അതോടെയാണു കോടതിയിൽ കൃത്യമായി കാര്യങ്ങൾ ബോധിപ്പിക്കാനായത്.

കലണ്ടറിൽനിന്ന് കീറിയ ഒക്ടോബർ മാസം

കോട്ടയം ∙ കൊലപാതകം നടന്ന പഴയിടത്തെ വീട്ടിലേക്കു പോയവരിൽ വിരലടയാള വിദഗ്ധരായ കെ.ആർ.ഷൈലജയും ജോസ് ടി.ഫിലിപ്പും ഉണ്ടായിരുന്നു. കിട്ടാവുന്നിടത്തു നിന്നെല്ലാം വിരലടയാളങ്ങൾ ശേഖരിച്ചു. മടങ്ങാൻ തുടങ്ങുന്നതിനിടെയാണ് എന്തോ പൊതിഞ്ഞു കൊണ്ടുവന്ന കലണ്ടർ പേജ് മേശപ്പുറത്തു ചുരുട്ടിവച്ചിരിക്കുന്നതു ഷൈലജ കണ്ടത്. ചിറക്കടവ് സഹകരണ ബാങ്ക് പുറത്തിറക്കിയ 2012ലെ കലണ്ടറിലെ ഒക്ടോബർ മാസത്തെ പേജായിരുന്നു അത്.

പ്രതി പഴയ കലണ്ടർ പേജ് കീറിയെടുത്തു ചുറ്റിക പോലുള്ള ആയുധം പൊതിഞ്ഞു കൊണ്ടുവന്നതാകാം ഇതെന്ന സംശയം ഷൈലജ പൊലീസ് ഉദ്യോഗസ്ഥരുമായി പങ്കുവച്ചു. കൊല ചെയ്യപ്പെട്ട തങ്കമ്മയുടെ വിരലടയാളവും ബൾബിലെ വിരലടയാളവും തമ്മിൽ സാമ്യമുണ്ടായിരുന്നു. തങ്കമ്മയുടെ രക്തബന്ധുക്കളാരെങ്കിലുമായിരിക്കും കൊലയ്ക്കു പിന്നിലെന്ന സംശയവും ഷൈലജ പൊലീസ് ഉദ്യോഗസ്ഥരോടു പങ്കുവച്ചിരുന്നു.

മറ്റൊരു കേസിൽ അരുൺ ശശി ഈസ്റ്റ് പൊലീസിന്റെ പിടിയിലായപ്പോൾ പ്രതിയുടെ വിരലടയാളവും ബൾബിലെ വിരലടയാളവും ഒന്നാണെന്നു തെളിഞ്ഞു. തെളിവെടുപ്പിനായി അരുണിനെ അയാളുടെ വീട്ടിൽ കൊണ്ടുപോയപ്പോൾ വീട്ടുചുമരിലെ കലണ്ടർ ഷൈലജ പരിശോധിച്ചു. 2012ലെ കലണ്ടറിൽ നിന്ന് ഒക്ടോബർ മാസത്തെ പേജ് വലിച്ചുകീറിയിരിക്കുന്നു. കേസിലെ പ്രധാന രേഖകളിലൊന്നായി അതുമാറി. മണിമല കങ്ങഴ ഇടയിരിക്കപ്പുഴ കൂവപ്പുഴ വീട്ടിൽ ഷൈലജ ഇപ്പോൾ തിരുവനന്തപുരത്തു ഫിംഗർ പ്രിന്റ് യൂണിറ്റിൽ ഡപ്യൂട്ടി ഡയറക്ടറാണ്.

എല്ലാറ്റിനും ഒപ്പം നിന്നു; ഒടുവിൽ പിടിവീണു

കൊലക്കേസിൽ ആദ്യം മുതൽ പൊലീസ് സംശയിച്ചത് ഏറ്റവും അടുത്ത ബന്ധുവിനെയാണ്. പക്ഷേ അത് അരുൺ ആകുമെന്നു പൊലീസും കരുതിയില്ല. കൊലപാതകം നാടറിഞ്ഞ സമയം മുതൽ എല്ലാക്കാര്യത്തിനും മുൻനിരയിൽ നിന്നതു തങ്കമ്മയുടെ സഹോദരപുത്രനായ അരുണായിരുന്നു. അന്നു പ്രതിക്ക് 30 വയസ്സ്. ബിഎസ്‌സി കെമിസ്ട്രി ബിരുദധാരി. വീട്ടിലും നാട്ടിലും നല്ല അഭിപ്രായം. സ്കൂൾ, കോളജ് വിദ്യാഭ്യാസ കാലത്തും പേരുദോഷമില്ല. സംഭവമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകർക്കു മരിച്ചവരുടെ ഫോട്ടോ ആൽബത്തിൽ നിന്ന് എടുത്തുകൊടുത്തതും അരുണാണ്. ആൺമക്കളില്ലാത്ത ദമ്പതികളുടെ മകന്റെ സ്ഥാനത്തു നിന്നു മരണാനന്തര ചടങ്ങുകൾ നിർവഹിച്ചു. പൊലീസ് നായ എത്തിയപ്പോൾ മാത്രം സ്ഥലത്തു നിന്നു മാറി. മരിച്ചവരുടെ മരുമക്കളെ സംശയിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളും അരുൺ അഴിച്ചുവിട്ടു.

പ്രതിയുടെ പ്രതികരണം

കോട്ടയം ∙ ശിക്ഷാവിധിക്കെതിരെ അപ്പീൽ പോകുമോ എന്ന ചോദ്യത്തിന് ‘വീട്ടുകാർ പോകുന്നെങ്കിൽ പോകട്ടെ’ എന്നായിരുന്നു അരുൺ ശശിയുടെ പ്രതികരണം. മകനാണു ബന്ധുക്കളെ നിഷ്ഠുരം കൊലപ്പെടുത്തിയതെന്ന് അറിഞ്ഞ ശേഷം അരുണിന്റെ മാതാപിതാക്കൾ ആകെ തളർന്നിരുന്നു. ആദ്യം അമ്മയും പിന്നീട് ഒരു വർഷം മുൻപ് അച്ഛനും മരിച്ചു.

‘ജോസഫി’ലൂടെ സിനിമയിലും

കോട്ടയം ∙ ‘ജോസഫ്’ എന്ന ചിത്രത്തിലെ ആദ്യസീനിലുള്ള വീട് കണ്ടാൽ പഴയിടത്തെ ഇരട്ടക്കൊലപാതകം നടന്ന വീടല്ലേ ഇതെന്നു സംശയം തോന്നാം. പഴയിടം ഇരട്ടക്കൊലപാതകത്തിലെ ‘ക്രൈംസീൻ’ കണ്ട പൊലീസ് ഉദ്യോഗസ്ഥൻ ഷാഹി കബീറാണു ജോസഫ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത്. തിരക്കഥ തയാറാക്കിയപ്പോൾ മനസ്സിൽ നിന്നു മായാത്ത ആ രംഗം ഷാഹി പുനരാവിഷ്കരിക്കുകയായിരുന്നു. 

രക്തത്തിൽ കുളിച്ചു മൃതദേഹങ്ങൾ ഹാളിൽ കിടക്കുന്നു. മൃതദേഹത്തിനരികെ കോടാലിയും വെട്ടുകത്തിയും. ഭിത്തി പൊളിക്കാൻ ശ്രമിച്ചിരിക്കുന്നു. ചുരുട്ടിയ കലണ്ടർ മേശപ്പുറത്ത്... ഇതെല്ലാം സിനിമയിലും കാണാം. ഫിംഗർ പ്രിന്റ് യൂണിറ്റിലായിരുന്നു അന്നു ഷാഹിക്കു ജോലി. അങ്ങനെയാണു പഴയിടം ഇരട്ടക്കൊലപാതകം നടന്ന വീട്ടിൽ എത്തിയത്.

ബിന്ദു, ബിനു (ഭാസ്കരൻ നായരുടെയും തങ്കമ്മയുടെയും മക്കൾ)

കോടതിവിധിയിൽ തൃപ്തരാണ്. ഇനി മറ്റൊരു കുടുംബത്തിനും ഇത്തരത്തിലൊരു ദുഃഖം ഉണ്ടാകരുത്. കേസിന്റെ ഭാഗമായി അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു. അതൊക്കെ ഇല്ലാത്ത കഥകൾക്കു കാരണമായി.

എസ്.സുരേഷ് കുമാർ (എസ്പി, ഇന്റലിജൻസ് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച്, തിരുവനന്തപുരം)

സംരക്ഷിക്കേണ്ടവരെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്കു കോടതി യോജ്യമായ വിധി നൽകി. പണമായിരുന്നു പ്രതിയുടെ ലക്ഷ്യം. പൊലീസ് 10 സ്ക്വാഡുകൾ രൂപീകരിച്ച് ഫലപ്രദമായ അന്വേഷണം നടത്തി. പിന്നീടു പഴുതുകൾ അടച്ചുള്ള കുറ്റപത്രം തയാറാക്കി കോടതിയിൽ സമർപ്പിച്ചു കേസ് അന്വേഷിച്ചത് അന്നു കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ആയിരുന്ന സുരേഷ് കുമാറാണ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS