വൈക്കം ∙ വൈക്കം കാരയിലും സമീപ പ്രദേശത്തും നാട്ടുകാരെ ആക്രമിച്ച നായയ്ക്കു പേവിഷബാധ ഉള്ളതായി സ്ഥിരീകരിച്ചു. നായ ചത്തതിനെ തുടർന്നു തിരുവല്ല വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണു പേവിഷബാധ സ്ഥിരീകരിച്ചത്. ഇതോടെ കാരയിലും സമീപ പ്രദേശങ്ങളിലുമായി അലഞ്ഞു തിരിഞ്ഞു നടന്ന 53 നായ്കൾക്ക് ഇന്നലെ പ്രതിരോധ കുത്തിവയ്പ് എടുത്തു. വൈക്കം മൃഗാശുപത്രിയിലെ ഡോ. അബ്ദുൽ ഫിറോസ്, നായയെ പിടിക്കാൻ പരിശീലനം നേടിയ ജിനീഷ് എന്നിവർ അടങ്ങിയ സംഘമാണു കുത്തിവയ്പ് എടുത്തത്. ഇന്നും പ്രതിരോധ കുത്തിവയ്പ് തുടരുമെന്നു മൃഗസംരക്ഷണ വകുപ്പ് പറഞ്ഞു.
കഴിഞ്ഞ 2 ദിവസങ്ങളിലായി തെരുവുനായയുടെ ആക്രമണത്തിൽ ആറ് വയസ്സുകാരൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്കേറ്റിരുന്നു. തുടർന്നു കടിച്ച നായയെ പിടികൂടി പ്രതിരോധ കുത്തിവയ്പു നൽകി. നിരീക്ഷണത്തിലാക്കിയിരുന്നു. വ്യാഴാഴ്ച വൈകിട്ടാണു നായ ചത്തത്. വൈക്കം നഗരസഭയിലെ 25, 26 വാർഡുകളിലും ഉദയനാപുരം പഞ്ചായത്തിന്റെ 15-ാം വാർഡിലുമാണ് ആക്രമണമുണ്ടായത്.